|    Oct 19 Fri, 2018 1:17 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വനിതാ കമ്മീഷനെ നോക്കുകുത്തിയാക്കുന്നു

Published : 28th September 2017 | Posted By: fsq

 

അന്തര്‍ദേശീയമോ ദേശീയമോ ആയ നിയമങ്ങളും സമ്മര്‍ദങ്ങളും കാരണം രൂപീകരിക്കാന്‍ നിര്‍ബന്ധിതമാവുന്ന പല കമ്മീഷനുകളും രാഷ്ട്രീയ മല്‍സരത്തില്‍ നിന്നു പുറത്താവുന്നവരെയും ഉന്നത പദവികളില്‍ നിന്നു പിരിയുന്നവരെയും പ്രതിഷ്ഠിക്കാനും തീറ്റിപ്പോറ്റാനുമുള്ള സ്ഥാപനങ്ങളാണ്. സമ്പന്നരും ആര്‍ജവമുള്ളവരുമായ വ്യക്തികള്‍ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനുമൊക്കെ നിലവിലുണ്ടെന്ന് മാലോകര്‍ അറിയുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതാണ് പൊതുനിയമം. നികുതിപ്പണം ദുര്‍വ്യയം ചെയ്യുന്ന അത്തരം സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി എം സി ജോസഫൈന്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നുവെന്നു പറയുന്നത് അതിശയോക്തിയല്ല. സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടിയിലെ വന്‍തോക്കുകളുടെ മുമ്പില്‍ വിനീതവിധേയയായി നില്‍ക്കുന്ന അധ്യക്ഷ, ഡോ. ഹാദിയയുടെ വീട്ടുതടങ്കലിനോട് പ്രതികരിക്കുന്നത് കാണുമ്പോള്‍ അവര്‍ക്ക് വനിതാ കമ്മീഷന്റെ അധികാരങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലെന്നു വ്യക്തമാവും. ഹാദിയയുടെ തടങ്കലിനെപ്പറ്റി അഖിലേന്ത്യാതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും ബുദ്ധിജീവികളും ശബ്ദമുയര്‍ത്തുന്നുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ അവരെ സന്ദര്‍ശിക്കാനായി വൈക്കത്ത് എത്തുകയും ചെയ്യുന്നു; പത്രസമ്മേളനം വിളിക്കുന്നു; പ്രതിഷേധിക്കുന്നു. എന്നാല്‍, ശ്രീമതി ജോസഫൈന്‍ പറയുന്നത്, തനിക്ക് ഡോ. ഹാദിയയെ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി വേണമെന്നാണ്. അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ് അവര്‍. ഡോ. ഹാദിയ അവസരം കിട്ടുമ്പോഴൊക്കെ തന്റെ ദൈന്യതയെപ്പറ്റി വിളിച്ചുപറയുന്നതൊന്നും അവര്‍ പരിഗണിച്ചിട്ടില്ല. ഹിന്ദുത്വ മാധ്യമവീരന്‍മാരും പ്രസംഗകരും മുസ്‌ലിമായ യുവതിയെ മനംമാറ്റാന്‍ ഇടയ്ക്കിടെ വൈക്കത്ത് എത്തുന്നുണ്ട്. അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും കേള്‍ക്കുന്നു. തൃപ്പൂണിത്തുറയിലെ സംഘപരിവാരം നടത്തുന്ന പീഡന-മസ്തിഷ്‌ക പ്രക്ഷാളന കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട യുവതികള്‍ മാധ്യമങ്ങളിലൂടെ തങ്ങള്‍ പഠിച്ച ‘യോഗവിദ്യ’യുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തിയപ്പോള്‍ കമ്മീഷന്‍ അധ്യക്ഷ വാ തുറക്കാന്‍ മടിച്ചുനിന്നു. വാ തുറന്നപ്പോഴാവട്ടെ, വന്നുവീണതൊക്കെ മൊഴിമുത്തുകള്‍. പ്രേമമാവാം, വിവാഹമാവാം, പക്ഷേ, മതംമാറ്റം പാടില്ല എന്നാണ് അവരുടെ ഉപദേശം. ഹാദിയയെ കുരുക്കിട്ട് രണ്ടു ഭാഗത്തേക്കും വലിച്ചിഴയ്ക്കുകയാണെന്ന മഹാ അബദ്ധവും അവര്‍ എഴുന്നള്ളിക്കുന്നുണ്ട്. മാസങ്ങളായി വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് ബാഹ്യബന്ധങ്ങള്‍ നിരോധിച്ചു തടങ്കലില്‍ കഴിയുന്ന പ്രായപൂര്‍ത്തിയായ യുവതിയാണ് ഡോ. ഹാദിയ. അവരെ കുരുക്കിട്ടു വലിക്കുന്നതോ, അധ്യക്ഷയുടെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്ന ഹിന്ദുത്വ കക്ഷികളും. ഇത്തരം രാഷ്ട്രീയ നേതാക്കളാണ് കേരളീയരെ അപമാനിക്കുംവിധം ഭരണവര്‍ഗം ഇച്ഛിക്കുന്നപോലെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുന്നത്. വലിയ പ്രതിഷേധം ഉയരേണ്ട ഒരു പ്രവണതയാണത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss