|    Jun 24 Sat, 2017 12:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ കംപാര്‍ട്ട്‌മെന്റ് നടുവിലാക്കല്‍; ബുദ്ധിമുട്ടുണ്ടെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

Published : 20th August 2016 | Posted By: SMR

കൊച്ചി: ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്‌മെന്റ് നടുവിലേക്കു മാറ്റുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ റെയില്‍വേയുടെ സത്യവാങ്മൂലം. കംപാര്‍ട്ട്‌മെന്റ് നടുവിലേക്കു മാറ്റുമ്പോള്‍ ഇരുവശത്തുമുള്ള പൊതു കോച്ചുകളില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരും പാന്‍ഡ്രി ജീവനക്കാരും നിരന്തരം ഇതിലൂടെ സഞ്ചരിക്കുന്നത് സ്ത്രീ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കുന്നതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളുണ്ടെന്നാണ് റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോച്ച് നടുവിലേക്കു മാറ്റണമെന്നും സ്ത്രീകളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് രാജേഷ് എ നായര്‍ എന്നയാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
ഹരജിക്കാരന്റെ ആവശ്യങ്ങളുള്‍പ്പെടെ നടപ്പാക്കി സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമം അടിയന്തരമായി ഉണ്ടാവണമെന്ന നിര്‍ദേശത്തോടെയാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്. വനിതാ കോച്ച് നടുവിലേക്കു മാറ്റുന്ന കാര്യം ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനൊപ്പമുള്ള സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക