|    May 25 Thu, 2017 5:03 am
FLASH NEWS

വനിതാ എംഎല്‍എയെ അധിക്ഷേപിച്ചു; ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: വൈക്കം എംഎല്‍എ സി കെ ആശയെയും സുഹൃത്തുക്കളെയും അധിക്ഷേപിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വിനോദിനെതിരേയാണ് ഫോര്‍ട്ട് പോലിസ് കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന സമ്മേളനം കഴിഞ്ഞ് കിഴക്കേകോട്ട പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നിന്ന് എംഎല്‍എ ഹോസ്റ്റലിലേക്ക് പോവാനാണ് എംഎല്‍എയും സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളും ഓട്ടോയില്‍ കയറിയത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
അമിതചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെ ഓട്ടോഡ്രൈവര്‍ ഇവരെ ഇറക്കിവിടുകയും ചെയ്തു. പെണ്‍കുട്ടികളുമായി അനാശാസ്യത്തിന് പോയി വരികയാണെന്ന മട്ടില്‍ തീര്‍ത്തും അധിക്ഷേപിച്ച് സംസാരിച്ചതോടെ എംഎല്‍എ ആണെന്ന് അറിയിച്ചിട്ടും ഇയാള്‍ അനാവശ്യ സംസാരം തുടര്‍ന്നു. ഏത് എംഎല്‍എയായാലും എനിക്കൊരു പ്രശ്‌നമൊന്നുമില്ല, പറയാനുള്ളത് പറഞ്ഞിരിക്കും എന്നായിരുന്നു വിനോദിന്റെ മറുപടി. ഇതേസമയം മറ്റൊരു ഓട്ടോക്കാരന്‍ എത്തിയെങ്കിലും അയാളും മോശമായി സംസാരിച്ചു. തുടര്‍ന്ന് സമ്മേളനം കഴിഞ്ഞ് വന്ന പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് തര്‍ക്കത്തിലായി. ഉന്തും തള്ളും വരെയെത്തിയപ്പോള്‍ പോലിസ് സ്ഥലത്തെത്തി ഓട്ടോക്കാരനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പരാതി കൊടുക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പെറ്റി കേസെടുക്കാന്‍ മാത്രമാണ് എംഎല്‍എ ആവശ്യപ്പെട്ടത്. എന്നാല്‍, സംഭവം വിവാദമായതോടെ സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഇടപെട്ട് വിനോദിനെതിരേ കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day