|    Dec 10 Mon, 2018 9:58 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘വനിതാമതില്‍’ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം: ചെന്നിത്തല

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സര്‍ക്കാര്‍ പരിപാടിയായി നടത്തുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണു “വനിതാമതില്‍’ എന്ന് ചെന്നിത്തല പരിഹസിച്ചു.
കേരളത്തെ രണ്ടായി തിരിക്കാനാണു പിണറായി വിജയന്റെ ശ്രമം. മനുഷ്യച്ചങ്ങല, മനുഷ്യമതില്‍ തുടങ്ങിയവയെല്ലാം ഡിവൈഎഫ്‌ഐയുടെയോ സിപിഎമ്മിന്റെയോ പരിപാടികളായിട്ടാണു കേരളം കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ വേണ്ടി ഏതാനും സംഘടനകളെ കൂടി വിളിച്ചുവരുത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ദര്‍ശനങ്ങളെയും ആശയങ്ങളെയും നിരാകരിച്ചു മുഖ്യമന്ത്രി നടത്തുന്ന ഈ പരിശ്രമങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംസ്ഥാനത്ത് ക്ഷണിച്ചു വരുത്തുക.
പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തില്‍ അതില്‍ നിന്നു മോചനമാവാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഇത്തരം രാഷ്ട്രീയ പരിപാടികള്‍ക്കു വേണ്ടി സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്നത് ശരിയായ നടപടിയല്ല. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറി കൂടി പങ്കെടുത്തപ്പോഴാണ് അതു സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് മനസ്സിലാവുന്നത്.
ക്ഷേത്രപ്രവേശനത്തിന്റെ വാര്‍ഷികം ഒരിക്കലും സര്‍ക്കാര്‍ ആഘോഷിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ 82ാമതു വാര്‍ഷികം ആഘോഷിച്ചത് ഒരു കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി പൊതു ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാലറി ചലഞ്ചു പോലുള്ള നടപടികള്‍ സ്വീകരിച്ച് പ്രളയത്തെ നേരിടാനായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ദുര്‍വ്യയങ്ങള്‍ അവസാനിപ്പിക്കുകയാണു വേണ്ടത്. “വനിതാമതില്‍’ സിപിഎം ഔദ്യോഗികമായോ അല്ലെങ്കില്‍ സിപിഎമ്മിന്റെ വനിതാ സംഘടനയോ നടത്തുന്നതില്‍ തെറ്റില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരം രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിനോട് യുഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss