|    Oct 16 Tue, 2018 3:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാകമ്മീഷന്‍ അദാലത്ത് : അമ്മമാരെ ഉപേക്ഷിക്കുന്നത്ദൗര്‍ഭാഗ്യകരം

Published : 18th January 2017 | Posted By: fsq

 

തിരുവനന്തപുരം: വൃദ്ധരായ അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി. വാര്‍ധക്യം ബാധിച്ച അമ്മമാരെ മക്കള്‍ സംരക്ഷിക്കുന്നത് പണത്തിന്റെ പേരില്‍ മാത്രമാവുന്ന സ്ഥിതി വ്യാപകമാണെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മകള്‍ പോലും അമ്മയെ സംരക്ഷിക്കുന്നത് അമ്മയുടെ പെന്‍ഷന്‍ മോഹിച്ചിട്ടാണ്. മരുന്നിന് മാത്രം തികയുന്ന തുച്ഛമായ പെന്‍ഷന്‍ തുക വേണമെന്ന് മകള്‍ ശാഠ്യം പിടിക്കുന്നു. മൂന്ന് മക്കളുള്ള അമ്മയെ സ്വന്തം വീട്ടില്‍നിന്ന് മകന്‍ പുറത്താക്കി. പതിനൊന്ന് വര്‍ഷത്തോളം അമ്മയെ സംരക്ഷിച്ച നിര്‍ധനരായ പെണ്‍മക്കള്‍ മകനോട് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം കമ്മീഷന്‍ വരെയെത്തിയത്. 80കാരിയായ അമ്മ മകന് മുന്നില്‍ കെഞ്ചിയെങ്കിലും എല്ലാ മക്കളെയും വിളിപ്പിച്ച് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന ശാഠ്യത്തിലാണ് മകന്‍ മടങ്ങിയത്. ഓരോ സിറ്റിങിലും ഇത്തരം നിരവധി കേസുകള്‍ കമ്മീഷനില്‍ എത്തുന്നതായി റോസക്കുട്ടി പറഞ്ഞു.  കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ റോസക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 120 കേസുകളില്‍ 47 എണ്ണം തീര്‍പ്പായി. അഞ്ചെണ്ണം പോലിസ് റിപോര്‍ട്ടിനയച്ചു. രണ്ടെണ്ണം കൗണ്‍സിലിങിനയച്ചു. ഒറ്റ കക്ഷികള്‍ മാത്രം ഹാജരായ 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. 34 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല. അദാലത്ത് ഇന്നും തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss