|    Apr 24 Mon, 2017 10:54 am
FLASH NEWS

വനാതിര്‍ത്തി റിസോര്‍ട്ടുകള്‍ നിരീക്ഷിക്കണമെന്ന് ആവശ്യം

Published : 28th October 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍പെട്ട നാലാംമൈല്‍ വനത്തില്‍ പിടിയാനയെ വെടിവച്ചു കൊന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായതോടെ വനാതിര്‍ത്തി റിസോര്‍ട്ടുകള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണം വേണമെന്ന ആവശ്യത്തിന്റെ പ്രസക്തി കൂടുന്നു. ഇപ്പോള്‍ പിടിയിലായ പ്രതിയുടെ റിസോര്‍ട്ടില്‍ വലിയ സ്വാധീനമുള്ളവര്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചിരിക്കുമ്പോള്‍ തോന്നിയൊരു വിനോദമാണ് ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത മിണ്ടാപ്രാണിയുടെ ജീവനെടുത്തത്. സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് കഴിഞ്ഞ മെയ് 29നു രാത്രി അരങ്ങേറിയത്. കാട്ടില്‍ മേഞ്ഞുനടക്കുകയായിരുന്ന പിടിയാനയെ ഉന്നം പരീക്ഷിക്കാനെന്ന വണ്ണം ഒറ്റവെടികൊണ്ട് നിലംപരിശാക്കുകയായിരുന്നു. വയനാട് വന്യജീവി കേന്ദ്രത്തില്‍ ഒരാള്‍ക്കു പോലും ഉപദ്രവം ചെയ്യാതെ തീറ്റതേടി ജീവിച്ചിരുന്ന 15 വയസ്സ് മതിക്കുന്ന പിടിയാനയെ വെടിവച്ചു കൊന്നതിന് പിന്നിലെ മനോവികാരം സാധാരണക്കാരില്‍ ഞെട്ടലുളവാക്കുന്നതായിരുന്നു. 344 ചതുരശ്ര കിലോമീറ്റര്‍ വരുന്നതാണ് വയനാട് വന്യജീവി കേന്ദ്രം. വന്യമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന ഈ വനത്തിലൂടെ നിരവധി പാതകള്‍ കടന്നുപോവുന്നുണ്ട്. രാവും പകലും ഈ വഴികളിലൂടെയെല്ലാം വാഹനങ്ങളും ഓടുന്നു. അത്തരം പാതകളിലൊന്നായ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ നാലാംമൈലിന് സമീപമാണ് വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കഴിഞ്ഞ മെയ് 30ന് രാവിലെ പിടിയാനയെ കണ്ടത്. മസ്തകത്തിനു സമീപം കൃത്യം മര്‍മസ്ഥാനത്ത് തന്നെ വെടിയുണ്ട പതിച്ചതോടെ ആന മുന്‍കാലുകള്‍ ഭൂമിയില്‍ ഊന്നി ചരിയുകയായിരുന്നു. നാടന്‍തോക്ക് ഉപയോഗിച്ച് വളരെ അടുത്തുനിന്നു തന്നെയാണ് ആനയെ വെടിവച്ചിട്ടുള്ളത്. വഴിയാത്രക്കാര്‍ക്കോ കൃഷിയിടങ്ങളില്‍ ഇറങ്ങി കര്‍ഷകര്‍ക്കോ ഒരുതരത്തിലുള്ള ഉപദ്രവവും ഈ ആന ഏല്‍പിച്ചിട്ടില്ല. വയനാട് വന്യജീവി കേന്ദ്രവും തമിഴ്‌നാട്ടിലെ മുതുമലയും കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളും ഉള്‍പ്പെടുന്നതാണ് നീലഗിരി ജൈവ മണ്ഡലം. ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ ആവാസകേന്ദ്രമെന്ന സ്ഥാനവും നീലഗിരി ജൈവ മണ്ഡലത്തിന് സ്വന്തമാണ്. ഈ സംഭവത്തിന് ശേഷം മറ്റൊരു പിടായനയെ കൂടി പുല്‍പ്പള്ളിക്ക് സമീപം തോക്കിനിരയാക്കി. പിഴയ്ക്കാത്ത ഉന്നത്തോടെ കൃത്യമായി വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള മൃഗവേട്ടക്കാര്‍ തന്നെയാണ് നാലാംമൈലില്‍ ക്രൂരകൃത്യം ചെയ്തതെന്നു തുടക്കം മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. വനത്തോട് ചേര്‍ന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചുമാസമായി അന്വേഷണം തുടരവേയാണ് കഴിഞ്ഞ ദിവസം വനത്തില്‍ നാടന്‍ ചാരായവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തന്റെ കൈയില്‍ നിന്നു നാടന്‍തോക്ക് വാങ്ങി കുളത്തിങ്കല്‍ ഷാജി വഴിയരികില്‍ നിന്ന പിടിയാനയെ വെടിവച്ചുവെന്നാണ് വാറ്റുകാരനില്‍ നിന്നു ലഭിച്ച വിവരം. ഇതോടെയാണ് വനംവകുപ്പ് ഷാജിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. വയനാട് വന്യജീവി കേന്ദ്രത്തില്‍ പിടിയാനയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ ഒരുതരത്തിലും രക്ഷപ്പെടാന്‍ പാടില്ലെന്നു പൊതുസമൂഹമാകെ ആവശ്യപ്പെട്ടിരുന്നു. നാലാംമൈലില്‍ പിടിയാന വെടിയേറ്റ് ചരിഞ്ഞ് രണ്ടുമാസം തികയും മുമ്പേയാണ് സമാന രീതിയില്‍ മറ്റൊരു പിടിയാന പുല്‍പ്പള്ളിക്ക് സമീപം വനാതിര്‍ത്തിയില്‍ വെടിയേറ്റ് ചരിഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്തതില്‍ നിന്നു വനംവകുപ്പിന് ചില സൂചനകളൊക്കെ ലഭിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ക്കായി വനംവകുപ്പ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വടക്കനാട് ഭാഗത്ത് വനംവകുപ്പ് ജീവനക്കാരെ ആസൂത്രിതമായി ആക്രമിച്ചത്. വനവുമായി ബന്ധപ്പെട്ട് മുതലെടുപ്പ് നടത്തുന്ന സംഘമാണ് അക്രത്തിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനം വേണ്ടുവോളമുള്ള ഇത്തരം സംഘങ്ങള്‍ തന്നെയാണ് വനാതിര്‍ത്തിയിലെ റിസോര്‍ട്ട് ലോബികള്‍ക്കു പിന്നിലെന്നും അടുത്തകാലത്തെ പല സംഭവങ്ങളും വിരല്‍ചൂണ്ടിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day