|    Apr 24 Tue, 2018 6:24 pm
FLASH NEWS

വനവിഭവങ്ങളുടെ കലവറയായി തിരുനെല്ലിക്കാടുകള്‍

Published : 27th November 2015 | Posted By: SMR

കല്‍പ്പറ്റ: കാടിനെയും മണ്ണിനെയും അടുത്തറിഞ്ഞ ആദിവാസി വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തിരുനെല്ലിയിലെ കാടുകള്‍ വനവിഭവങ്ങളുടെ കലവറ. വനത്തില്‍ നിന്നു ചെറുകിട വിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതിന് ആദിവാസി വിഭാഗങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ വനവിഭവങ്ങളില്‍ നിന്നു വരുമാനം കണ്ടെത്തുകയാണ് തിരുനെല്ലിയിലെ ആദിവാസി കുടുംബങ്ങള്‍. മാനന്തവാടി താലൂക്കില്‍ ഇത്തരത്തില്‍ ഉപജീവനം നടത്തുന്നവരിലേറെയും തിരുനെല്ലി പഞ്ചായത്തില്‍പെടുന്നവരാണ്.
തേന്‍, കുറുന്തോട്ടി, ചീനിക്ക, ചുണ്ടക്ക, മെഴുക്, പാടത്താളിക്കിഴങ്ങ്, കല്‍പാശം (പൂപ്പല്‍) തുടങ്ങിയവയാണ് പ്രധാനമായും ശേഖരിച്ചുവരുന്ന വനവിഭവങ്ങള്‍. ഇക്കൂട്ടത്തില്‍ കുറുന്തോട്ടിയാണ് കൂടുതലായും വരുമാനം നല്‍കുന്നത്. ഞരമ്പു രോഗങ്ങള്‍, വിവിധയിനം വാതരോഗങ്ങള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കുറുന്തോട്ടി വേര് ഉപയോഗിക്കുന്നതിനാല്‍ ഇതിന് ആവശ്യക്കാരേറെയാണ്. പ്രകൃതിദത്ത തേനിനും വിപണിയില്‍ ആവശ്യക്കാരുണ്ട്. ബൃഹതി, സിംഹി, പോയ്‌സണ്‍ ബെറി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന ചുണ്ടക്ക സിദ്ധൗഷധ നിര്‍മാണത്തിനും പ്രമേഹത്തിനും ഉപയോഗിക്കുന്നു. ചീനിക്ക പ്രകൃതിദത്ത ഷാംപുവായും മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം പൂപ്പലായ കല്‍പാശം പെയിന്റ് നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്.
ശേഖരിച്ച വനവിഭവങ്ങള്‍ ആദിവാസികള്‍ അംഗങ്ങളായ പട്ടികവര്‍ഗ സഹകരണസംഘങ്ങളില്‍ എത്തിക്കുകയാണ് ചെയ്യാറ്. അപ്പപ്പാറയിലെ സംഘത്തിലാണ് സംഭരിച്ച വിഭവങ്ങളുടെ വില്‍പന. പച്ചക്കുറുന്തോട്ടിക്ക് കിലോയ്ക്ക് 15 ഉം തേനിന് 225 ഉം മെഴുകിന് 300 ഉം പാടത്താളിക്കിഴങ്ങിന് 300ഉം പൂപ്പലിന് 260 ഉം രൂപ ലഭിക്കും.
പട്ടികവര്‍ഗ സഹകരണസംഘങ്ങളില്‍ നിന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും മറ്റുമാണ് വനവിഭവങ്ങളിലേറെയും മൊത്തമായി വിലയ്‌ക്കെടുക്കുന്നത്.
2015 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംഘത്തില്‍ നിന്ന് 60,000 കിലോ കുറുന്തോട്ടിയാണ് വിറ്റത്. 4,200 കിലോ തേന്‍, 106 കിലോ മെഴുക്, 1,300 കിലോ ചീനിക്ക, 47 കിലോ പാടത്താളിക്കിഴങ്ങ്, 1300 കിലോ കല്‍പാശം എന്നിവയുടെ വില്‍പനയാണ് സഹകരണ സംഘം വഴിയുണ്ടായത്. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷത്തോളം രൂപയുടെ തേനാണ് വിറ്റത്. 55,000 കിലോ കുറുന്തോട്ടിയും 421 കിലോ പൂപ്പലും കിലോയ്ക്ക് 12 രൂപ നിരക്കില്‍ 16,000 കിലോ ചുണ്ടയും 4,000 കിലോ ചീനിക്കയും വില്‍പന നടത്തി. നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് പരിധിയില്‍പെടുന്ന പേര്യ, മാനന്തവാടി, ബേഗൂര്‍ റേഞ്ച് ഭാഗങ്ങളില്‍ തിരുനെല്ലിയില്‍ മാത്രമാണ് കാര്യക്ഷമമായി വനവിഭവങ്ങളുടെ ശേഖരണം നടക്കുന്നത്.
കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്തവരും യുവാക്കളുമാണ് കൂടുതലായും വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നത്. കാടിന്റെ ജീവനും തുടിപ്പും മനസ്സിലാക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വന്യമൃഗങ്ങളെ പേടിച്ചും അധ്വാനിച്ച് പാടുപെടുന്ന ഒരുകൂട്ടം വിഭാഗങ്ങളുടെ ഏക വരുമാനമാണ് വനവിഭവശേഖരണം.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മറ്റും വനവിഭവങ്ങളുടെ ലഭ്യത കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ഇവരിന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss