|    Apr 27 Thu, 2017 8:21 pm
FLASH NEWS

വനമേഖലയില്‍ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം അനുമതിയില്ലാതെ

Published : 27th October 2016 | Posted By: SMR

മാനന്തവാടി: ജില്ലയില്‍ വനമേഖലയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും വനംവകുപ്പിന്റെ അനുമതിയില്ല. വര്‍ഷങ്ങളായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും വനംവകുപ്പിന്റെ എന്‍ഒസി ഉണ്ടെങ്കിലേ പ്രവര്‍ത്തനാനുമതിയും ലൈസന്‍സും പുതുക്കിനല്‍കാന്‍ പാടുള്ളൂ എന്നു കാണിച്ച് വനംവകുപ്പ് എല്ലാ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നെങ്കിലും പലതും ഇതു നിരാകരിച്ചു. തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണവും ശല്യവും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ  കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിച്ചത്. വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളില്‍ നിന്ന് ആനകളെയും മറ്റ് വന്യജീവികളെയും ആകര്‍ഷിക്കാനും റിസോര്‍ട്ടുകളുടെ സമീപത്തേക്ക് എത്തിക്കാനുമായി ഉപ്പ് അടക്കമുള്ളവ വിതറുന്നതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത്തരം റിസോര്‍ട്ടുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറാവത്തതു മാസങ്ങള്‍ക്ക് മുമ്പ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പല റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നതു പുഴയോരവും റവന്യൂ വനഭൂമിയും കൈയേറിയുമാണ്. പല ഉന്നതോദ്യോഗസ്ഥരും സ്ഥിരമായി താമസത്തിന് എത്തുന്നതിനാല്‍ റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയത്ത സ്ഥിതിയാണുള്ളത്. മിക്ക റിസോര്‍ട്ടുകളും വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. വന്യജീവി സങ്കേതങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ റിസോര്‍ട്ടും ഹോംസ്‌റ്റേയും പ്രവര്‍ത്തിക്കുന്നതിന് വനംവകുപ്പിന്റെ എന്‍ഒസി വേണം. പല റിസോര്‍ട്ടുകളും ഗ്രാമപ്പഞ്ചായത്തുകളുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഡിടിപിസി, വനം, പരിസ്ഥിതി, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, പോലിസ് വകുപ്പുകളുടെ അനുമതിയാണ് റിസോര്‍ട്ടുകള്‍ക്കും ഹേംസ്‌റ്റേകള്‍ക്കും ആവശ്യമുള്ളത്. നൂല്‍പ്പുഴ, തിരുനെല്ലി, വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, അമ്പലവയല്‍, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലും മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലുമാണ് വനത്തോട് ചേര്‍ന്നു കൂടതല്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാവുന്നുണ്ടെന്നു നിരവധി പരാതികള്‍ പരിസ്ഥിതി സംഘടനകള്‍ നല്‍കിയിരുന്നു. ഇതു ശരിയാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചെങ്കിലും അനധികൃത റിസോര്‍ട്ടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day