|    Jul 20 Fri, 2018 10:19 pm
FLASH NEWS

വനഭൂമി കൈയേറി കുടില്‍കെട്ടല്‍;കലക്ടറുമായി ചര്‍ച്ച 22ന്‌

Published : 20th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കുടില്‍കെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചര്‍ച്ച 22നു നടക്കും. തിരുവനന്തരപുരത്തുള്ള കലക്ടര്‍ 21നാണ് തിരിച്ചെത്തുക. തൊട്ടടുത്ത ദിവസം തന്നെ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. റവന്യൂ, ട്രൈബല്‍ വനംവകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗം ചേരുകയെന്നും കൈയേറ്റ ഭൂമി സന്ദര്‍ശിച്ച കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് എംഎല്‍എ സമരഭൂമിയിലെത്തിയത്. തുടര്‍ന്ന് കോളനിക്കാരുമായി സംസാരിച്ചു വേണ്ട നടപടികള്‍ എടുക്കാമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് പോയത്. കൂടാതെ കോളനിക്കാരുടെ വനഭൂമി കൈയേറി കുടില്‍കെട്ടലിന് ഐക്യദാര്‍ഢ്യവുമായി എകെഎസ് അടക്കമുള്ള വിവിധ സംഘടനകള്‍ സമരഭൂമിയിലെത്തി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി പിന്തുണയറിയിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുടുംബങ്ങളെ ക്യാംപ് തുറന്ന്് കല്ലുമുക്ക് സ്‌കൂളിലേക്ക് താല്‍ക്കാലികമായി മാറ്റാമെന്നു പറഞ്ഞെങ്കിലും കോളനിക്കാര്‍ സമ്മതിച്ചില്ല. താല്‍ക്കാലിക മാറ്റമല്ല ആവശ്യമെന്നും പൂര്‍ണമായി പുനരധിവാസമാണ് വേണ്ടതെന്ന നിലപാടിലാണ് കോളനിക്കാര്‍. ഈ സാഹചര്യത്തില്‍ കലക്ടറുടെ ചര്‍ച്ച നടക്കുന്ന വെള്ളിയാഴ്ച വരെ ഇവര്‍ വനത്തില്‍ കെട്ടിയ കുടിലില്‍ തന്നെ നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ആശിക്കുംഭൂമി ആദിവാസിക്ക് പദ്ധതിയുടെ പണമുണ്ടെന്നും അതുപയോഗിച്ച് പ്രദേശത്തെ തന്നെ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഇക്കാര്യം കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയെന്നും തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍, വനഭൂമി കൈയേറിയ കുറ്റത്തിന് 10 പേര്‍ക്കെതിരേയും കണ്ടാലറിയുന്ന 70 പേര്‍ക്കെതിരേയും വനവകുപ്പ് കേസെടുത്തിട്ടുണ്ട്. കേസെടുത്തത് എന്തിനാണന്നറിയില്ലെന്നും പണ്ടുകാലങ്ങളില്‍ തങ്ങളുടെ പൂര്‍വികര്‍ കൃഷിചെയ്തിരുന്ന സ്ഥലത്താണ് തങ്ങള്‍ കുടില്‍ കെട്ടിയിരിക്കുന്നതെന്നാണ് കോളിക്കാര്‍ പറയുന്നത്. ഇവിടെ തങ്ങളുടെ ശ്്മശാനവും കാവും ഉണ്ടെന്നും കുടുംബങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് കാക്കത്തോട്, ചാടകപ്പുര പണിയകോളനിവാസികള്‍ അളിപ്പുറം വനാതിര്‍ത്തിയില്‍ കുടില്‍കെട്ടല്‍ ആരംഭിച്ചത്. ഇന്നലെയും നിരവധി കുടുംബങ്ങളെത്തി വനമേഖലയില്‍ കുടിലുകള്‍ കെട്ടി. വെള്ളപ്പൊക്ക ഭീഷണിയില്‍ ജീവിക്കുന്ന കോളനികളിലെ 54 കുടുംബങ്ങളാണ് വനഭൂമി കൈയേറി കുടില്‍കെട്ടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss