|    Oct 21 Sun, 2018 1:06 am
FLASH NEWS

വനപാലകര്‍ തുണയായി; ആദിവാസി കുടുംബത്തിന് ദുരിതങ്ങളൊഴിയുന്നു

Published : 23rd September 2017 | Posted By: fsq

 

എരുമേലി: പെരുമ്പാമ്പിനെ പിടിക്കാനെത്തിയ വനപാലകര്‍ ആദിവാസി കുടുംബത്തിനു തണലായി. മുക്കട കോളനി അവസാനിക്കുന്ന മലഞ്ചെരുവില്‍ വനത്തിടു ചേര്‍ന്ന് നാലു സെന്റ്് സ്ഥലത്ത് കടുത്ത പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞ പട്ടികവര്‍ഗ മലവേടര്‍ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനാണ് വനപാലകര്‍ സഹായമായത്. പെരുമ്പാമ്പിനെ പിടിക്കാനാണ് വനപാലകര്‍ മലഞ്ചെരിവിലെത്തിയത്. ഈ സമയത്താണ് കടുത്ത പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞ 65കാരിയും രോഗിയുമായ കിഴക്കേടത്ത് ശാരദയെയും മകള്‍ ഐശ്വര്യയെയും ഇവരുടെ മക്കളായ ഭാനുപ്രിയ (അഞ്ച്) മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി രാജലക്ഷ്മി (എട്ട്) എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തെയും കാണുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ നാല് സെന്റ് സ്ഥലം വാങ്ങി ഇവിടെ താമസമാക്കിയത്. പിന്നീട് അപേക്ഷകള്‍ നല്‍കിയിട്ടും പട്ടികവര്‍ഗ വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ ഭവന ധനസഹായങ്ങള്‍ ലഭിച്ചിരുന്നില്ല. നിര്‍ധനരായ ഇവര്‍ ചെറിയ ഷെഡ്ഡ് നിര്‍മിച്ച് താമസമാക്കുകയായിരുന്നു. 20,000 രൂപ നല്‍കി വാങ്ങിയ നാല് സെന്റ് സ്ഥലം സ്വന്തം പേരിലാക്കി കിട്ടിയതുമില്ല. എരുമേലി എംഇഎസ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് കഴിഞ്ഞയിടെ ശൗചാലയം നിര്‍മിച്ചു നല്‍കിയത്. വീട്ടു ജോലിയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരുടെ കനിവില്‍ കിട്ടുന്ന അന്നവുമായിരുന്നു ജീവനോപാധി. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമ്പോള്‍ നനഞ്ഞ് കുതിര്‍ന്ന് വെള്ളം ഒഴുകി പടര്‍ന്ന കുടിലില്‍ ഇവര്‍ ആധിയോടെ കഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീതി വിതച്ച് പെരുമ്പാമ്പുമെത്തിയത്. രാത്രി ഉറങ്ങാതിരുന്ന കുടുംബം പിറ്റേന്ന് രാവിലെ മണിമല പോലിസ് സ്റ്റേഷനില്‍ അഭയം തേടിയെത്തിയോടെയാണ് പാമ്പിനെ പിടിക്കാന്‍ വനപാലകരെത്തിയത്. പ്ലാച്ചേരി ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രതീഷിന്റെ നേതൃത്വത്തിലെത്തിയ വനപാലകര്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ഫോറസ്റ്റ് ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ഭക്ഷണവും വസ്ത്രങ്ങളും പലവ്യജ്ഞനങ്ങളും വനപാലകര്‍ സമാഹരിച്ച തുകയും നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അഭിജിത്, വനിതാ സിവില്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ റൂഡി രാജു, അജ്ഞലി എന്നിവരുടെ നേതൃത്വത്തില്‍ അക്ഷയ കേന്ദ്രത്തില്‍ ഇവരെ എത്തിച്ച് ആധാര്‍ എടുത്ത് നല്‍കി. കഴിഞ്ഞയിടെ ഒരു ദിവസം മൊത്തം അക്ഷയ കേന്ദ്രത്തില്‍ കാത്തിരുന്നിട്ടും കിട്ടാതിരുന്ന ആധാര്‍ ആണ് വനപാലകരെത്തിയപ്പോള്‍ അതിവേഗം നടപടികളായി കിട്ടിയത്. മണിമല വില്ലേജ് ഓഫിസില്‍ നിന്നു മാസങ്ങളായി കിട്ടാതിരുന്ന ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും വാങ്ങി നല്‍കി. കെഎസ്ഇബി സെക്ഷന്‍ ഓഫിസിലും ഇവരെ എത്തിച്ച് വൈദ്യുതിക്കുള്ള അപേക്ഷ നല്‍കി. വീട് റെഡിയായാലുടന്‍ സൗജന്യമായി വൈദ്യുതി നല്‍കാമെന്ന് ഉറപ്പും ലഭിച്ചു. മണിമല ഗ്രാമപ്പഞ്ചായത്ത് ഓഫിസിലും ഇവരുമായി വനപാലക സംഘമെത്തി.ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ നടപടികളൊന്നുമായില്ലായിരുന്നു. വനപാലകര്‍ ഇടപെട്ടതോടെ മുന്‍ഗണന നല്‍കി ഉടനെ വീട് അനുവദിക്കാമെന്ന് ഉറപ്പായി. പട്ടികവര്‍ഗ വികസന വകുപ്പുമായി ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫും ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ രതീഷും ബന്ധപ്പെട്ട് കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിയിച്ചിരുന്നു.സര്‍ക്കാരിന്റെയോ ഇതര വകുപ്പുകളുടെയോ ഭവന പദ്ധതി ലഭിക്കുന്നത് വരെ സുരക്ഷിതമായി കഴിയാന്‍ കുടുംബത്തിന് താല്‍ക്കാലിക വീട് നിര്‍മിച്ചുള്ള ശ്രമത്തിലാണിപ്പോള്‍ വനപാലകര്‍. സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് നാട്ടിലെ സുമനസുകളും ഒപ്പമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss