|    Jun 20 Wed, 2018 3:29 am
Home   >  Editpage  >  Readers edit  >  

വനദിനം നമ്മെ ഉണര്‍ത്തുന്നത്

Published : 20th March 2016 | Posted By: SMR

slug-enikku-thonnunnathuപി നിയാസ്, കൊണ്ടോട്ടി

മാര്‍ച്ച് 21 ലോക വനദിനമാണ്. ഭൂമുഖത്തുള്ള ആവാസവ്യവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണമായ ഒന്നാണ് കാട്. ലക്ഷക്കണക്കിന് കൊല്ലങ്ങള്‍ക്കു മുമ്പ് ഭൂമധ്യരേഖാപ്രദേശത്ത് മുഴുവന്‍ കാടായിരുന്നു. ഇന്നത് നന്നെ ശുഷ്‌കിച്ചുപോയിരിക്കുന്നു. ലോകത്താകമാനമുള്ള വനങ്ങളുടെ സന്തുലിതമായ പരിപാലനത്തെയും സംരക്ഷണത്തെയും വികസനത്തെയും മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ വര്‍ഷവും വനദിനം ആചരിക്കാറുള്ളത്. വനങ്ങളെയും വനാശ്രിത സമൂഹങ്ങളെയും പറ്റി ലോകജനതയ്ക്ക് അവബോധം സൃഷ്ടിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമായി വനദിനം വിലയിരുത്തപ്പെടുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ആകെ വിസ്തൃതിയുടെ ഏകദേശം 22 ശതമാനം വനമാണ്. ഇന്ത്യയില്‍ 102 ദേശീയോദ്യാനങ്ങളും 515 വന്യജീവിസങ്കേതങ്ങളുമുണ്ട്. വനഭൂമി ഏറ്റവും കൂടുതലുള്ളത് മധ്യപ്രദേശിലും ശതമാനാടിസ്ഥാനത്തില്‍ മിസോറാമിലുമാണ്. ഭൂമിയുടെ കരവിസ്തൃതിയുടെ ഏതാണ്ട് 31 ശതമാനം മാത്രമാണ് വനം. ലോകബാങ്ക് കണക്കനുസരിച്ച് ലോകത്തിലുള്ള 300 കോടി ആളുകള്‍ക്ക് കാടുകള്‍ അഭയകേന്ദ്രമാണ്. ഏതാണ്ട് 160 കോടി ജനങ്ങള്‍ നിത്യവൃത്തിക്കായി കാടുകളെ ആശ്രയിക്കുന്നു. രാജ്യാന്തരവിപണിയില്‍ ഏകദേശം 327 കോടി യുഎസ് ഡോളര്‍ വിലവരുന്ന വനവിഭവങ്ങള്‍ ക്രയവിക്രയം ചെയ്യപ്പെടുന്നു.
വര്‍ധിച്ചുവരുന്ന ജനസംഖ്യയും ആഗോളവല്‍ക്കരണവും ഉപഭോഗസംസ്‌കാരവുമെല്ലാം വനങ്ങളുടെമേലുള്ള മനുഷ്യന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. കാട്ടുതീയും കൃഷി, തടി എന്നിവയുടെ ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ മുറിക്കുന്നതും മറ്റുമാണ് വനനശീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. പ്രതിവര്‍ഷം 1,30,000 ചതുരശ്ര കിലോമീറ്റര്‍ വനങ്ങള്‍ ലോകത്തുനിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്ക്. അതേയവസരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കാട്ടുതീയും വനംകൊള്ളയും വന്‍തോതില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം ഏതാണ്ട് 67 ശതമാനത്തോളം കുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുപല നിത്യഹരിതവനങ്ങളും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ചൈനയും ബ്രസീലുമൊക്കെ വന്‍തോതില്‍ പണം മുടക്കി വനവല്‍ക്കരണപരിപാടികളെ പ്രോല്‍സാഹിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡനും ഫിന്‍ലന്‍ഡും സ്‌പെയിനുമൊക്കെ തങ്ങളുടെ രാജ്യവിസ്തൃതിയുടെ മൂന്നിലൊന്ന് വനപ്രദേശമെന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. വനങ്ങളുടെ തിരിച്ചുവരവ് ലക്ഷ്യമാക്കിക്കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായി സഹകരിച്ച് സഹാറ വനവല്‍ക്കരണപദ്ധതി നടപ്പാക്കിവരുന്നു. ഇന്ത്യ വനവല്‍ക്കരണത്തില്‍ ലോകത്തിനു മൊത്തം മാതൃകയാക്കാവുന്ന ഒരു രാജ്യമാണ്. കേരളം മാത്രം വിവിധ വനവല്‍ക്കരണ പരിപാടികളിലൂടെ ഏതാണ്ട് 1.87 ലക്ഷം വൃക്ഷത്തൈകള്‍ വനേതരമേഖലകളില്‍ വച്ചുപിടിപ്പിച്ചുകഴിഞ്ഞു.
വനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ കേവലം പ്രാദേശികമല്ലെന്നും മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഉതകുന്നതാണെന്നുമുള്ള ബോധം എല്ലാ ജനങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. വികസനത്തിന്റെ പേരില്‍ മലിനമായിക്കൊണ്ടിരിക്കുന്ന വായുവും ജലവും മണ്ണുമെല്ലാം ശുദ്ധീകരിച്ച് സംരക്ഷിച്ചുകൊണ്ടുപോവാന്‍ വനങ്ങള്‍ അത്യാവശ്യമാണ്. വേനലാവും മുമ്പേ വറ്റിത്തുടങ്ങുന്ന കിണറുകളും പുഴയുമെല്ലാം പറയുന്നത് മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss