|    Nov 17 Sat, 2018 4:49 pm
FLASH NEWS

വനത്തില്‍ ഉരുള്‍പൊട്ടി; പുഴയോരവാസികള്‍ ഭീതിയില്‍

Published : 9th August 2018 | Posted By: kasim kzm

മുക്കം: കനത്ത മഴയില്‍ കിഴക്കന്‍ മലയോരമേഖലയില്‍ പുഴകള്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി . കാരശ്ശേരി, കുടരഞ്ഞി, കൊടിയത്തൂര്‍, തിരുവമ്പാടി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മലപ്രദേശങ്ങളിലും കഴിയുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ 2 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുന്നത്. കഴിഞ്ഞ 2 തവണയും വ്യാപകമായി പുഴയോരം ഇടിഞ്ഞിരുന്നു.
ഈ മഴയിലും ശക്തമായ ഒഴുക്കില്‍ തീരം ഇടിഞ്ഞതോടെ ഏക്കര്‍ കണക്കിന് ഭൂമിയാണ് പുഴയിലേക്ക് പതിച്ചത്. ഇതോടെ ഒട്ടേറെ കര്‍ഷകരുടെ കൃഷിയും നശിച്ചു. ധാരാളം വീടുകളും അപകട ഭീഷണിയിലാണ്. തോട്ടുമുക്കം അങ്ങാടിക്ക് സമീപത്തെ കുരിശു പള്ളിയുടെ സംരക്ഷണഭിത്തിയും മുറ്റവും മഴയില്‍ തകര്‍ന്നു. തോട്ടുമുക്കം മേഖലയില്‍ ചെറുപുഴ കരകവിഞ്ഞ് ഒഴുകിയിട്ടുണ്ട്.
മുക്കം ബസ്റ്റാന്റില്‍ മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച താല്‍ക്കാലിക മുലയൂട്ടല്‍ മുറി കനത്ത കാറ്റില്‍ പറന്നു പോയി. മുക്കം കടവ് -ആനയംകുന്ന് റോഡ്, ആനയംകുന്ന്-മാന്ത്ര റോഡ്, വല്ലത്തായ് കടവ് വെന്റ് പൈപ്പ് പാലം, പുതിയോട്ടില്‍ കോളനി റോഡ്, മുക്കം കടവ്-കാരശ്ശേരി പഞ്ചായത്ത് ഓഫിസ് റോഡ്, എന്നിവ വെള്ളത്തിനടിയിലായി. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ തെങ്ങും പളളി ഭാഗത്ത് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് ഭാഗത്തെ കൃഷി നശിച്ചു. പള്ളിക്കുന്നേല്‍വിനോദിന്റെ വീടിന് സമീപമാണ് ഉരുള്‍പൊട്ടിയത്.
കൂമ്പാറയില്‍ നിന്നും കക്കാടംപൊയിലിലേക്ക് പോകുന്ന റോഡില്‍ ആനക്കല്ലുംപാറയില്‍ ഇന്നലെ രാവിലെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഗതാഗതം പുനസ്ഥാപിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നലെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. കാരശേരി പഞ്ചായത്തിലെയും മുക്കത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചക്ക് ശേഷം പ്രവര്‍ത്തിച്ചില്ല.
കുടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി സ്രാമ്പി പ്രദേശത്ത് മണ്ണിടിഞ്ഞു. മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ അപകട ഭീഷണിയിലാണ്. പനച്ചിക്കല്‍ ജോസ് സ്രാമ്പിക്കല്‍ ജോര്‍ജ് എന്നിവരുടെ വീടുകളാണ് ഭീഷണിയില്‍ ഉള്ളത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ വില്ലേജ് ഓഫീസിന് സമീപം വീടുകളിലേക്ക് വെള്ളം കയറി. മാടാച്ചാല്‍ ഭാഗത്തും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആനക്കാംപൊയില്‍ റോഡില്‍ കറ്റിയാട് ജംഗ്ഷന്‍, ഓമശേരി റോഡില്‍ ഈര്‍പ്പ് ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്.
ഇതിനിടെ ചെമ്പുകടവ് വന മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ട്. കനത്ത മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് ചെമ്പുകടവ് പാലത്തിലില്‍ വെള്ളം കയറി. മലയോര മേഖല ആശങ്കയില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss