|    Mar 23 Fri, 2018 9:01 am

വനം വകുപ്പ് ഓഫിസിനു മുമ്പില്‍ പിതാവും രണ്ടു മക്കളും ആത്മഹത്യക്ക് ശ്രമിച്ചു

Published : 3rd June 2016 | Posted By: SMR

മൂന്നാര്‍: കടക്കെണിയിലായ കര്‍ഷകനും രണ്ടും മക്കളും വനം വകുപ്പ് ഓഫിസിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സിങ്കുകണ്ടം വേട്ടുവന്‍തേര് കാഞ്ഞിരത്തിങ്കല്‍ മോഹനന്‍ (54) മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി മേഘ (16) മേഘനാഥന്‍ (9) എന്നിവരാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
20 വര്‍ഷങ്ങളായി കൃഷി നടത്തി വന്ന മോഹനനും കുടുംബവും വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നു. സ്വന്തമായുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.ഏലം, കുരുമുളക്, ഓറഞ്ച് തുടങ്ങിയവയ്‌ക്കൊപ്പം നൂറു കണക്കിന് യൂക്കാലിയും പൈന്‍ മരങ്ങളും കൃഷി ചെയ്തിരുന്നു. കൃഷിയിടത്തിനു സമീപത്തായി മറ്റു വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നിരന്തരം ആന നശിപ്പിക്കാനെത്തിയത് കൃഷിയുടെ താളം തെറ്റിച്ചു. ആനശല്യം രൂക്ഷമായതോടെ വിളവുകള്‍ നശിക്കുക മാത്രമല്ലാതെ പുതിയ കൃഷിയിറക്കാനാവാതെയും വന്നു.
ഇതിനിടയ്ക്ക് വീട് പണിയുന്നത് ഫെഡറല്‍ ബാങ്കില്‍ നിന്നും പത്ത് ലക്ഷം വായ്പയെടുക്കുകയും ചെയ്തു. കൃഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തില്‍ നിന്നു ഈ തുക അടയ്ക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കൃഷിയുടെ താളം തെറ്റിയതോടെ ബാങ്കിലേക്ക് പണം തിരികെ അടയ്ക്കാനാവാതെ വന്നു. പലിശയുള്‍പ്പടെ വായ്പ 25 ലക്ഷത്തോളം കുടിശികയായതോടെ കുടുംബത്തില്‍ അനുദിന ചെലവുകള്‍ പോലും നിര്‍വഹിക്കാനാതെ സാമ്പത്തിക പ്രതിസന്ധിയിലുമായി. വീട്ടും ചെലവുകള്‍ക്കും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കുമായി കടം കൂടിയതോടെ യൂക്കാലി മരങ്ങള്‍ മുറിക്കുവാനുള്ള അനുമതിയ്ക്കായി ദേവികുളം ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന്‍ സമീപിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചതോടെ കുടുംബം തകര്‍ച്ചയുടെ വക്കിലായി. സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെ മറ്റു മാര്‍ഗങ്ങള്‍ അടഞ്ഞ മോഹനനും രണ്ടു കുട്ടികളും ഇന്നലെ കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ, പെട്രോള്‍ എന്നിവയുമായി ദേവികുളത്തെ ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ എത്തുകയായിരുന്നു.മോഹനന്‍ ആദ്യം രണ്ടു മക്കളുടെ മേലും പീന്നീട് സ്വന്തം ശരീരത്തിലും മണ്ണെണ്ണ ഒഴിച്ചു.
ഇതോടെ ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മൂവരെയും തടഞ്ഞു. ബഹളം കേട്ട് സമീപവാസികള്‍ എത്തുകയും ചെയ്തതോടെ പ്രശ്‌നം രൂക്ഷമായി. ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന മോഹനന്റെ ഭാര്യ ഷിജി വീട്ടില്‍ വിശ്രമത്തിലായിരുന്നു. വിവരമറിഞ്ഞെത്തിയ ദേവികുളം പോലിസ് കര്‍ഷകനുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു.വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ മോഹനനും കുട്ടികളും വീട്ടിലേക്ക് മടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss