|    Apr 24 Tue, 2018 8:47 am
FLASH NEWS

വനം പച്ചപ്പണിഞ്ഞിട്ടും കാടുകയറാതെ മൃഗങ്ങള്‍; ഭീതി പരത്തി കാട്ടാനയും കാട്ടുപന്നിയും

Published : 2nd June 2016 | Posted By: SMR

ചൂരല്‍മല: വേനല്‍മഴ ലഭിച്ച് വനം പച്ചപ്പണിഞ്ഞിട്ടും കാടുകയറാതെ വന്യമൃഗങ്ങള്‍. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളായ അട്ടമല, ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലാണ് പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഭീഷണിയാവുന്നത്.
മുണ്ടക്കൈ, ചൂരല്‍മല സ്‌കൂള്‍ റോഡിലെ പടവെട്ടിക്കുന്ന് പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ മുണ്ടക്കൈയില്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ് തൊഴിലാളികളുടെ ലയത്തിന് സമീപം പുലിയെ കണ്ടത് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്. ഇവയ്ക്കു പുറമെ ചെന്നായ, കരടി, കാട്ടുപന്നി തുടങ്ങിയവും പ്രദേശത്ത് ഭീതി പരത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി നാശം വരുത്തുകയാണ്. ഇന്നലെ വനംവകുപ്പ് അധികൃതരെത്തിയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.
ആവശ്യമായ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് വന്യമൃഗങ്ങള്‍ യഥേഷ്ടം എത്താനുള്ള പ്രധാന കാരണം. മുണ്ടക്കൈയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വനാതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കിടങ്ങ് നിര്‍മിച്ചിരുന്നെങ്കിലും മണ്ണിടിഞ്ഞും കാടിറങ്ങിയും നികന്നു. ഇതു നന്നാക്കാനോ പുനര്‍നിര്‍മിക്കാനോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇതുവരെ യാതൊരു പ്രതിരോധ സംവിധാനവും ഒരുക്കിയിട്ടില്ല. പ്രദേശത്ത് രാത്രികാലങ്ങളില്‍ വനംവകുപ്പ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുണ്ടക്കൈയിലെ പുഞ്ചിരിമട്ടം പ്രദേശത്ത് കാട്ടാനയെത്തുന്നതു നിത്യസംഭവമാണ്. ഇവിടങ്ങളിലെ അടുക്കളത്തോട്ടങ്ങളില്‍ വിളഞ്ഞ ചക്ക, വാഴ തുടങ്ങിയ കൃഷികളൊക്കെ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു.
എന്നാല്‍, ഇതുവരെ വനംവകുപ്പ് അധികൃതര്‍ പ്രദേശം സന്ദര്‍ശിക്കുകയോ പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന വനംവകുപ്പിന്റെ നടപടി പ്രതിഷേധത്തിനിടയാക്കുന്നു. പ്രദേശങ്ങളില്‍ വാച്ചര്‍മാരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss