|    Jan 24 Tue, 2017 8:36 am

വനം കൈയേറ്റമൊഴിപ്പിക്കല്‍; നോര്‍ത്ത് വയനാട് ഡിവിഷനില്‍ 572 പേര്‍ക്ക് നോട്ടീസ് നല്‍കും

Published : 15th October 2016 | Posted By: Abbasali tf

മാനന്തവാടി: ജില്ലയില്‍ 1977നു ശേഷം വനഭൂമി കൈയേറിയ ആയിരത്തിലധികം കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നോര്‍ത്ത് വയനാട് ഡിവിഷനില്‍ 572 പേര്‍ക്ക് നോട്ടീസ് അയക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി സപ്തംബര്‍ നാലിന് ഹൈക്കോടതിയില്‍ നിന്നു ലഭിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കങ്ങള്‍. അടുത്ത തിങ്കളാഴ്ചയോടെ നോട്ടീസുകള്‍ അയച്ചുതുടങ്ങും. എന്നാല്‍, സംയുക്ത പരിശോധന നടത്തി പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയ അമ്പുകുത്തിയിലെ 112ഓളം കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ കൈയേറിയ 340 ഹെക്റ്റര്‍ വനഭൂമിയില്‍ 80 ഹെക്റ്ററോളം ഭൂമി വനാവകാശ നിയമപ്രകാരം ഗോദാവരി കോളനിയുള്‍പ്പെടെ ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കില്ല. 2012 മുതല്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കീഴിലുള്ള ആദിവാസി സംഘടനകള്‍ ഭൂമി കൈയേറി കുടില്‍ കെട്ടിയിട്ടുണ്ട്. ഇവരെയെല്ലാം ഒഴിപ്പിക്കാനാണ് തീരുമാനം. മൂന്നു വിഭാഗമായി തിരിച്ചാണ് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ ജനറല്‍ വിഭാഗക്കാരെയാണ് ഒഴിപ്പിക്കുക. മൂന്നു വനം ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ 1977നു ശേഷം കൈയേറിയ ഭൂമിയുടെ അളവ് 1,142 ഹെക്റ്റര്‍ ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇഎഫ്എല്‍, നിക്ഷിപ്ത വിഭാഗങ്ങളില്‍പ്പെട്ടതാണ് ഈ ഭൂമികളത്രയും. ഇതില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 340ഉം സൗത്ത് വയനാട് ഡിവിഷനില്‍ 802ഉം ഹെക്റ്റര്‍ ഭൂമിയാണ് കൈയേറിയിട്ടുള്ളത്. വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഭൂമി കൈയേറിയവരോട് 15 ദിവസത്തിനകം ഒഴിയാനാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കും. ഒഴിയാന്‍ തയ്യാറാവാത്ത പക്ഷം നിയമനടപടികളിലേക്ക് നീങ്ങും. എന്നാല്‍, സൗത്ത് വയനാട് ഡിവിഷനില്‍ മുഴുവന്‍ കൈയേറ്റക്കാര്‍ക്കും ഒരുമിച്ച് നോട്ടീസ് നല്‍കാനാണ് നീക്കം. ഹൈക്കോടതി നോട്ടീസ് നല്‍കാന്‍ ആവശ്യപ്പെട്ട ദിവസം കഴിഞ്ഞ സപ്തംബര്‍ 30 ആയിരുന്നു. എന്നാല്‍, ഒരാഴ്ച മുമ്പ് ചേര്‍ന്ന ഡിഎഫ്ഒമാരുടെ യോഗത്തിനു ശേഷമാണ് കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് അന്തിമ രൂപമായത്. ജില്ലയില്‍ വന്‍കിട കൈയേറ്റങ്ങളൊന്നും തന്നെയില്ലാത്ത സാഹചര്യത്തില്‍ ചെറുകിടക്കാരും കൈയേറിയ സ്ഥലത്ത് വീടുകെട്ടി താമസിക്കുന്നവരുമായ കുടുംബങ്ങളെ ഏതുവിധത്തില്‍ ഒഴിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന കൃത്യമായ ധാരണയില്ലാതെയാണ് വനംവകുപ്പ് നടപടികളുമായി രംഗത്തെത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക