|    Mar 23 Thu, 2017 11:52 am
FLASH NEWS

വനംവകുപ്പ്: ഒഴിവുകളില്‍ നിയമനം വൈകുന്നു

Published : 10th December 2015 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: ഒഴിവുകളില്‍ നിയമനം വൈകുന്നതിനാല്‍ വനംവകുപ്പില്‍ തൊഴിലെടുക്കാന്‍ ആളില്ല. നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് വന്‍വീഴ്ചയാണു സംഭവിച്ചിട്ടുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മുതല്‍ അസി. കണ്‍സര്‍വേറ്റര്‍ വരെയുള്ള തസ്തികകളില്‍ ആളില്ലാത്തത് വനംവകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ 293 ഒഴിവുകളാണു നികത്താതെ കിടക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ 245 തസ്തികളില്‍ ആളില്ല. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ 21 ഒഴിവും റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ 25 ഒഴിവും നിലവിലുണ്ട്. ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ രണ്ടു ഒഴിവുകളും നികത്താതെ കിടക്കുന്നു. വനംവകുപ്പില്‍ ജില്ലാതല റിക്രൂട്ട്‌മെന്റ് നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ തസ്തികയില്‍ നിയമനം നടത്താന്‍ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
തിരുവനന്തപുരം- 12, കൊല്ലം- 8, പത്തനംതിട്ട- 17, കോട്ടയം- 7, ഇടുക്കി- 40, തൃശൂര്‍- 14, എറണാകുളം- 20, പാലക്കാട്- 11, മലപ്പുറം- 6, കോഴിക്കോട്- 19, വയനാട്- 75, കണ്ണൂര്‍-15, കാസര്‍കോട്- 1 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലേയും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ ഒഴിവ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ നിരവധി ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്നതും ഗുരുതരമായ വീഴ്ചയാണ്. ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യുന്നതില്‍ നേരിട്ട പാളിച്ചയാണ് ഇതിനുകാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2014 ഏപ്രില്‍ മാസം മുതല്‍ ഒഴിവുകള്‍ വന്നിട്ടും നിയമനത്തിനു നടപടിയായിട്ടില്ല. പാലക്കാട്, കോട്ടയം ജില്ലകളിലും കഴിഞ്ഞവര്‍ഷം മുതല്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നു. നിലവിലെ പ്രതിസന്ധി ഗൗരവമായി പരിഗണിച്ച് പരിഹാരം കാണുന്നതില്‍ വകുപ്പ് അധികൃതരും മന്ത്രിയും തികഞ്ഞ അനാസ്ഥയാണു കാട്ടുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങളില്‍ വനംവകുപ്പ് കാട്ടുന്ന അലംഭാവത്തിനെതിരേ വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍, ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് റാങ്ക്‌ലിസ്റ്റുകള്‍ നിലവിലില്ലെന്ന വാദം നിരത്തി പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാണ് വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്. ആനവേട്ട, വനഭൂമി കൈയേറ്റം, മൃഗവേട്ട, വനനശീകരണം, വിഭവങ്ങളുടെ മോഷണം ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളാണ് വനംവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ളത്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രശ്‌നങ്ങള്‍ അധികരിക്കാന്‍ കാരണമായി.
അതേസമയം, വന്യമൃഗങ്ങളെ തുരത്താന്‍ ആവശ്യമായ ഉപകരണങ്ങളോ മതിയായ ജീവനക്കാരോ വനംവകുപ്പിനില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വനംവകുപ്പ് ജീവനക്കാര്‍ ഉപയോഗിക്കുന്നതു പടക്കമാണ്. തോക്കും മറ്റ് ആയുധങ്ങളുമായി സാമൂഹികവിരുദ്ധര്‍ വനംചുറ്റുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ വനംസംരക്ഷിക്കാനിറങ്ങേണ്ടത് മുളവടിയുമായാണ്. അമിത ജോലിഭാരവും അപകടസാധ്യതയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേതിനു തുല്യമായ ശമ്പളമില്ലാത്തതും കാരണം വനംവകുപ്പില്‍ ജോലി ചെയ്യാന്‍ ആളുകള്‍ മടിക്കുകയാണ്. ശമ്പളം കുറവായതിനാല്‍ നിലവില്‍ വനംവകുപ്പില്‍ ജോലി കിട്ടിയവര്‍ ഏതു മാര്‍ഗം ഉപയോഗിച്ചും മറ്റ് വകുപ്പുകളിലേക്ക് മാറാനാണു ശ്രമിക്കുന്നത്. 1964ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.

(Visited 92 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക