|    Feb 26 Sun, 2017 2:03 pm
FLASH NEWS

വനംവകുപ്പിനെതിരേ വടക്കനാട് കര്‍ഷക സംരക്ഷണ സമിതി

Published : 22nd October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിനും ജനങ്ങളോടുള്ള വനംവകുപ്പിന്റെ പ്രതികാര മനോഭാവത്തിനുമെതിരേ പ്രക്ഷോഭം നടത്തുമെന്നു വടക്കനാട് കര്‍ഷക സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലുഭാഗവും വനത്താല്‍ ചുറ്റപ്പെട്ടതാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വള്ളുവാടി, വടക്കനാട് പ്രദേശങ്ങള്‍. നാലായിരത്തോളം കര്‍ഷക കുടുംബങ്ങളാണ് ഇവിടെ. രാപ്പകല്‍ വ്യത്യാസമില്ലതെ ആന, മാന്‍, പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതിനിടെയാണ് വനംവകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നു സമിതി ആരോപിച്ചു. ഇരുപതിലധികം വളര്‍ത്തുനായകളെ വിഷംകൊടുത്തു കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. വന്യമൃഗങ്ങള്‍ ഗ്രാമങ്ങളില്‍ ഇറങ്ങുന്നത് കര്‍ഷകര്‍ക്ക്് അറിയാനുള്ള മാര്‍ഗമായിരുന്നു നായകള്‍. മറ്റു സ്ഥലങ്ങളില്‍ നിന്നു പിടികൂടുന്ന കുരങ്ങുകളെയും വന്യമൃഗങ്ങളെയും വനപാലകര്‍ കൊണ്ടുവിടുന്നത് വടക്കനാടാണ്. വ്യാഴാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്ന് പറയുന്നതു വാസ്തവവിരുദ്ധമാണ്. വടക്കനാട്് കുരങ്ങുകളെ ഇറക്കിവിട്ട് കൂടുമായി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ വനപാലകരെ നാട്ടുകാര്‍ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത്. ഇതിനെ മര്‍ദനമായി ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞ നാലിന് വാഷ് കേസില്‍ അറസ്റ്റ് ചെയ്ത ബേബിയെയും തോക്കുമായി പിടിയിലായ ഷാജിയെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗീയമായി മര്‍ദിച്ചു. കുപ്പാടിയില്‍ ആന വെടിയേറ്റ് ചെരിഞ്ഞത് ഇവരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, ആനയെ വെടിവച്ചു കൊന്നത് ആരാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാമെന്നും പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യറാവാതെ കേസുമായി ബന്ധമില്ലാത്തവരെ ബലിയാടാക്കുകയാണ്. ഇത്തരത്തില്‍ പ്രദേശത്തെ ജനങ്ങളെ ദ്രോഹിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിലക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് പോലിസ് രണ്ടു വീടുകളില്‍ കയറി റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡ് വനംവകുപ്പ് അടച്ചു. വനം സംരക്ഷിക്കാന്‍ വനപാലകരേക്കാള്‍ കൂടുതല്‍ താല്‍പര്യം പ്രദേശവാസികള്‍ക്കാണ്. ജനങ്ങളെ ഉപദ്രവിക്കുന്ന തരത്തിലേക്ക് വനംവകുപ്പ് മാറി. ഇതിനെതിരേ വനപാലകരെ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കും. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് നാളെ ഉച്ചയ്ക്ക് രണ്ടിന് വടക്കനാട് എല്‍പി സ്‌കൂളില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും ഫാ. വര്‍ഗീസ് മണ്‍റത്ത്, പി കെ പ്രേമന്‍, യോഹന്നാന്‍ വര്‍ഗീസ്, കെ എം പൗലോസ്, എ കെ ബാലന്‍, കെ ജി റെജി എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day