|    Aug 22 Tue, 2017 3:10 am
FLASH NEWS

വനംമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം: ആന്റോ ആന്റണി എംപി

Published : 12th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നുള്ള വനംമന്ത്രി കെ രാജുവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ആന്റോ ആന്റണി എംപി.  2016 ആഗസ്ത് 31ന് അപ്പീല്‍ നമ്പര്‍ – 1052/2016 ആയി ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹൈക്കോടതിയില്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുകയും അതില്‍ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണ് എന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമല്ല എന്ന വാദം നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കുന്നതല്ല എന്നാണ് ഗവണ്‍മെന്റ് നിലപാടായി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത്തന്നെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം മരവിപ്പിക്കുകയും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകളെയും ഒഴിവാക്കിയുള്ള പുതിയ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ കേന്ദ്രഗവണ്‍മെന്റ് പുറപ്പെടുവിക്കുകയും ചെയ്തു.കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഈ ഡ്രാഫ്റ്റ്   നോട്ടിഫിക്കേഷന്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ വെറും ഡ്രാഫ്റ്റ്  മാത്രമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത്. വനവുമായി അതിര്‍ത്തി പങ്കിടാത്ത, ഒരു കാരണവശാലും കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പരിധിയില്‍ വരാന്‍ പാടില്ലായിരുന്ന തീക്കോയി, പൂഞ്ഞാര്‍, കൂട്ടിക്കല്‍, മേലുകാവ് വില്ലേജുകളെ ഇതിന്‍പ്രകാരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്ങ്മൂല പ്രകാരം ഈ വില്ലേജ്കളും  പരിസ്ഥിതി ലോലമാണ് എന്നാണ് പറഞ്ഞിരിക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടായി കോടതിയില്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ടിന് അനുകൂലമായി നിലപാട് എടുത്തതിനു ശേഷം പച്ചക്കള്ളം പരസ്യമായി വിളിച്ചുപറയുന്ന വനംമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക