|    Dec 14 Fri, 2018 8:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വധിക്കാന്‍ ഗൂഢാലോചനയെന്ന്; ആരോപണം നിഷേധിച്ച്് ജലന്ധര്‍ രൂപത

Published : 30th August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പുതിയ പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ രംഗത്ത്. തന്നെ ബിഷപ് വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീ കോട്ടയം കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണു കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. മഠത്തിലെ അസം സ്വദേശിയായ പിന്റുവിനോട് ഫ്രാങ്കോ മുളയ്ക്കലിനു കീഴില്‍ ജോലിചെയ്യുന്ന ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്നു കന്യാസ്ത്രീ പരാതിയില്‍ ആരോപിച്ചു. ഇയാള്‍ കന്യാസ്ത്രീയുടെ യാത്രാവിവരങ്ങള്‍ തേടുകയും ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാന്‍ സാധിക്കുമോ എന്നും വാല്‍ട്യൂബ് ലൂസാക്കി വയ്ക്കാനും ഫോണ്‍ വഴി ആരായുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. തന്നെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണു കന്യാസ്ത്രീയുടെ ആവശ്യം. കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ടു ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ചിറ്റുപറമ്പില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍, തൊഴിലാളിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കന്യാസ്ത്രീ കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണു പോലിസ് വിശദീകരിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതിനാല്‍ തല്‍ക്കാലം കേസെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി പറഞ്ഞു. പരാതിയില്‍ പരാമര്‍ശിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ പിന്റുവിന്റെ മൊഴിയെടുക്കും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൂന്നാമത്തെ പരാതിയാണിത്. നേരത്തേ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരേ കേസെടുത്തിരുന്നു. ഈ പരാതികളില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണു പുതിയ പരാതി.
അതേസമയം, കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ജലന്ധര്‍ രൂപത രംഗത്തെത്തി. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനാണെന്നും ബിഷപ്പിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും രൂപത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss