|    Mar 29 Wed, 2017 2:56 pm
FLASH NEWS

വധശ്രമക്കേസ്; പ്രതികള്‍ക്ക് നാലുവര്‍ഷം തടവും പിഴയും

Published : 8th October 2016 | Posted By: Abbasali tf

തൃശൂര്‍: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് നാലുവര്‍ഷം തടവും പിഴയും. മാങ്ങാട് സ്വദേശികളായ ഏരത്ത് ഗൗതം (ഡാഡു-19), കുറുമ്പൂര്‍ മണികണ്ഠന്‍(21), നമ്പരത്ത് സനല്‍ (21), ആറ്റത്തറ നിധിന്‍(28) എന്നിവരെയാണ് നാലുവര്‍ഷത്തെ തടവിനും 46000 രൂപ പിഴയടക്കാനുമായി ചാവക്കാട് സബ് കോടതി ജഡ്ജ് കെ എന്‍ ഹരികുമാര്‍ വിധിച്ചത്. പോര്‍ക്കുളം മാങ്ങാട് ക്ഷേത്രത്തിനു സമീപംവച്ച് 2013 ഫെബ്രുവരി 16ന് രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം കരുവാംപടി സ്വദേശികളായ പുലിക്കോട്ടില്‍ അനില്‍കുമാര്‍, പുലിക്കോട്ടില്‍ ഷി ന്‍സന്‍, പുത്തന്‍പീടികയില്‍ അനൂപ്, കണ്ടംപുള്ള അനീഷ് എന്നിവരെ ആക്രമിച്ചത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ നാട്ടുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പരിക്കേറ്റവരും പ്രതികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സംഭവത്തി ല്‍ ഗുരുതരമായി പരിക്കേറ്റ നാലുപേരെയും കുന്നംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം എസ്‌ഐ ആയിരുന്ന മാധവന്‍കുട്ടിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍, സംഘംചേരല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.  പരിക്കേറ്റ ഒന്നാംസാക്ഷിക്ക് പിഴതുകയില്‍നിന്നും 10,000 രൂപയും മറ്റ് സാക്ഷികള്‍ക്ക് 3000 രൂപവീതവും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ സുധീഷ് കെ മേനോന്‍, നിധി സുധീഷ് എന്നിവര്‍ ഹാജരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day