|    Apr 23 Sun, 2017 7:18 pm
FLASH NEWS

വധശ്രമം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് ടി ജെ മനോജിനെ വെടിവച്ചും വെട്ടിയും കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ പോലിസില്‍ കീഴടങ്ങി. തിരുവനന്തപുരം ശ്രീവരാഹം ഉള്ളാട്ട് ലെയിന്‍ വിജയഭവനില്‍ രമേശ് എന്നു വിളിക്കുന്ന രമേശ്ബാബു (42), ശ്രീവരാഹം പട്ടം താണുപിള്ള സ്‌കൂളിന് സമീപം മുഹൂര്‍ത്തം വീട്ടില്‍ സജിത്ത് (31), ശ്രീവരാഹം താവലോട് ലെയിനില്‍ തിരുവാതിര വീട്ടില്‍ മൊട്ട രാജേഷ് എന്ന രാഗേഷ് (30) എന്നിവരാണു നേമം സിഐക്ക് മുമ്പില്‍ കീഴടങ്ങിയത്. ഏറെ വൈകിയും പോലിസ് ഇവരെ ചോദ്യംചെയ്യുകയാണ്. തലയ്ക്കും കൈക്കും കാലിനും മുതുകിലും ഗുരുതരമായി വെട്ടേറ്റ മനോജ് ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഏഴിനാണു ഡിവൈഎഫ്‌ഐ പെരുന്താന്നി മേഖലാ സെക്രട്ടറിയും ചാല ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ടി ജെ മനോജിനെ തിരുവല്ലം ക്രൈസ്റ്റ്‌നഗര്‍ സ്‌കൂളിന് സമീപം ആര്‍എസ്എസ് ക്രിമിനലുകളായ എട്ടംഗസംഘം വധിക്കാന്‍ ശ്രമിച്ചത്. മകളെ സ്‌കൂളില്‍ വിട്ടു സുഹൃത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷിനൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വരുമ്പോള്‍ ചാടിവീണ സംഘത്തിലൊരാള്‍ തോക്കെടുത്തു വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ മനോജ് തോക്കില്‍ കയറി പിടിച്ചതോടെ വടിവാളുപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. രതീഷിനെ രണ്ടു പേര്‍ പിടിച്ചുവച്ചപ്പോള്‍ മറ്റുള്ളവര്‍ മനോജിന്റെ കാലിനു വെട്ടി. താഴെ വീണ മനോജിന്റെ കഴുത്തില്‍ ആഞ്ഞുവെട്ടിയെങ്കിലും കൈകൊണ്ട് തടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു തലയ്ക്കും കൈക്കും വയറിനും മുതുകിലും തുരുതുരാ വെട്ടിയത്. ആളുകള്‍ കൂടിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു മനോജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  ഒളിവില്‍ പോയ പ്രതികള്‍ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൂന്നുപേര്‍ സിഐക്കു മുമ്പില്‍ കീഴടങ്ങിയത്. സജിത്താണ് തോക്കുപയോഗിച്ച് മനോജിനെ വെടിവയ്ക്കാന്‍ ശ്രമിച്ചതെന്നും രമേശും രാഗേഷും മനോജിനെ വെട്ടിയെന്നും പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇനിയും ഏതാനും പ്രതികള്‍ പിടിയിലാകാനുണ്ട്. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അരുണ്‍, വിപിന്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. സംഭവദിവസം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day