|    Dec 11 Tue, 2018 1:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വധശിക്ഷ നിയമപരമെന്ന് ഭൂരിപക്ഷ വിധി

Published : 29th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമാണെന്ന് മൂന്നംഗ സുപ്രിംകോടതി ബെഞ്ചിലെ രണ്ടംഗങ്ങളുടെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരാണു വിധി പുറപ്പെടുവിച്ചത്. അതേസമയം, ഭൂരിപക്ഷ വിധിയോട് വിയോജിച്ച ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രത്യേക വിധിന്യായം എഴുതിയിട്ടുണ്ട്. നിയമപുസ്തകത്തില്‍ നിന്ന് വധശിക്ഷ പുനപ്പരിശോധിക്കണമെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിലപാട്. വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ടോയെന്നു പരിശോധിക്കാന്‍ സമയമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിയോജന വിധിന്യായത്തില്‍ പറയുന്നുണ്ട്.
വധശിക്ഷ നല്‍കിയിട്ടും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല. പല കേസുകളിലും ജനവികാരം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കുന്നതെന്നും തന്റെ വിയോജനവിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കുന്നുണ്ട്. 2011ല്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ചാനുലാല്‍ വര്‍മ എന്നയാളെ വധശിക്ഷയ്ക്ക് വിധിച്ച കേസാണ് സുപ്രിംകോടതി പരിഗണിച്ചത്. കേസ് പുനപ്പരിശോധിച്ച കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതില്‍ ബെഞ്ചിലെ മൂന്നംഗങ്ങള്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ദേശീയ നിയമ കമ്മീഷന്റെ 262ാമത് ശുപാര്‍ശ ചൂണ്ടിക്കാട്ടിയാണ് കുര്യന്‍ ജോസഫ്, വധ ശിക്ഷ നല്‍കിയതുമൂലം സമൂഹത്തില്‍ നിന്ന് കുറ്റകൃത്യം കുറയുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. പല കേസുകളിലെയും വിചാരണകളെ പൊതുജന വികാരവും കൂട്ടായ ആവശ്യങ്ങളും സ്വാധീനിക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വൈകാരികമായും പൊതുവികാരങ്ങളെയും പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കോടതിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കുര്യന്‍ ജോസഫിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് ദീപക് ഗുപ്തയാണ് ഭൂരിപക്ഷ വിധിന്യായം വായിച്ചത്. 1980കളിലെ ബച്ചന്‍ സിങ്, മച്ചി സിങ് കേസിന്റെ വിധിന്യായത്തില്‍ വധശിക്ഷ നിയമപരമാണെന്ന് സുപ്രിംകോടതി ശരിവച്ചതാണെന്നും വധശിക്ഷയുടെ ശരിതെറ്റ് പരിശോധിക്കേണ്ട കാര്യമില്ലെന്നും ദീപക് ഗുപ്ത വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss