|    Jun 25 Mon, 2018 5:38 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

വധശിക്ഷയ്‌ക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍

Published : 6th November 2015 | Posted By: SMR

രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ 11ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുകയാണ്.
നീതിന്യായ ഫാഷിസ്റ്റ് പ്രവണതയ്‌ക്കെതിരേ ജനങ്ങളുടെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന ഹര്‍ത്താല്‍, പൗരാവകാശങ്ങളുടെ സംരക്ഷണത്തിലും വിപുലീകരണത്തിലും പ്രതിജ്ഞാബദ്ധമായാണ് സംഘടിപ്പിക്കപ്പെടുന്നത്.
വധശിക്ഷാവിരുദ്ധ കൂട്ടായ്മയുടെ മുന്‍കൈയില്‍ സമാന ചിന്താഗതിക്കാരായ വിവിധ പ്രസ്ഥാനങ്ങള്‍ കൂടിച്ചേരുന്ന ഹര്‍ത്താല്‍ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ടു. ആ കേരളീയ പാരമ്പര്യം ഉണര്‍ത്തിക്കൊണ്ടാണ് പ്രസ്തുത ദിനത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത്. തിരുവിതാംകൂറില്‍ വധശിക്ഷ നിരോധിച്ച രാജവിളംബരത്തിന്റെ ചരിത്രപ്രാധാന്യം സ്വയം വ്യക്തമാണ്.
രാജ്യത്ത് വധശിക്ഷ നിര്‍ത്തണമെന്ന ജനകീയ ആവശ്യത്തിന് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണസഭയുടെ കാലത്തോളം പഴക്കമുണ്ട്. ഭരണഘടനാ നിര്‍മാണസഭയില്‍ കേരളക്കരയില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഈ ആവശ്യം ഉയര്‍ത്തി ശക്തമായി പോരാടിയിരുന്നു.
വധശിക്ഷയ്‌ക്കെതിരേ ഭൂരിപക്ഷം രാജ്യങ്ങള്‍ക്കിടയിലും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കിടയിലും ഉണ്ടായ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വധശിക്ഷ ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’മെന്ന ലേബലിലാക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിത്തീരുകയുണ്ടായി. ഈ ശിക്ഷാമുറയ്‌ക്കെതിരേ വിവിധ പുരോഗമന-ജനാധിപത്യ-ഇടതു പാര്‍ട്ടികളും ഗ്രൂപ്പുകളും മതസമുദായ സമൂഹങ്ങളും രംഗത്തുവരുകയുണ്ടായി. എന്നാല്‍, സമീപകാലത്ത് രാജ്യത്ത് നടപ്പാക്കപ്പെട്ട വധശിക്ഷകള്‍, വിശേഷിച്ചും ഭരണകൂട ശക്തികള്‍ രാഷ്ട്രീയവും വര്‍ഗീയവുമായി വധശിക്ഷ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ക്രൂരവും വാചാലവുമായ ഉദാഹരണങ്ങളായി മാറി.
രാജ്യത്ത് കാലാകാലമായി ഈ ശിക്ഷാമുറയ്ക്ക് വിധേയരാകുന്നവരില്‍ 99 ശതമാനവും സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് പ്രകാരം തന്നെ, സാമൂഹിക-സാമ്പത്തിക പുറമ്പോക്കുകാരും പിന്നാക്കക്കാരും ന്യൂനപക്ഷവിഭാഗക്കാരുമാണ്.
ഈ സ്ഥിതിവിശേഷം ഫലത്തില്‍ ഭരണ-പ്രതിപക്ഷ വിഭജനത്തിനും പാര്‍ട്ടി-പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ക്കും കുറുകെ വധശിക്ഷാവിരുദ്ധരുടെ വിശാലമായ ഐക്യനിര രൂപപ്പെടുന്നതിന് കളമൊരുക്കിയിരിക്കുകയാണ്.
വധശിക്ഷാവാദങ്ങളെ തകര്‍ത്തുകളഞ്ഞുകൊണ്ടാണ് വധശിക്ഷയ്‌ക്കെതിരേ ദേശീയ നിയമ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പൊതുവില്‍ രാജ്യത്ത് വധശിക്ഷ നിരോധിക്കണമെന്ന് ശുപാര്‍ശ നല്‍കിയ കമ്മീഷന്‍, ‘ഭീകരവാദ’ കേസുകളുടെ കാര്യത്തിലടക്കം വധശിക്ഷ നിലനിര്‍ത്തുന്നതിന് സാധൂകരണമില്ലെന്നും ഈ ശിക്ഷാമുറയ്ക്ക് എന്തെങ്കിലും സാധുതയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
ദേശീയ നിയമ കമ്മീഷന്‍ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി രാജ്യത്ത് വധശിക്ഷയ്ക്ക് മൊറട്ടോറിയം നടപ്പാക്കണം; ബന്ധപ്പെട്ട നിയമങ്ങളും മാറ്റണം. ഇനി രാജ്യത്ത് വധശിക്ഷ നടക്കാന്‍ പാടില്ല. അതിനാണ് ഹര്‍ത്താല്‍.
നവംബര്‍ 11ന് വധശിക്ഷാ നിരോധന വിളംബര ദിനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന വധശിക്ഷാവിരുദ്ധ ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്ന് അഭ്യര്‍ഥിക്കുന്നു.

ജോര്‍ജ്
കണ്‍വീനര്‍
ഹര്‍ത്താല്‍ സംഘാടകസമിതി
കണ്ണൂര്‍

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss