|    Nov 14 Wed, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോലിസുകാരെ പിരിച്ചുവിട്ടു

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പോലിസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് ഉത്തരവായി. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ ഗ്രേഡ് എഎസ്‌ഐ കെ ജിതകുമാര്‍, തിരുവനന്തപുരം സിറ്റി നര്‍കോട്ടിക് സെല്ലില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായ എസ് വി ശ്രീകുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടു സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് ഉത്തരവിട്ടത്.
വധശിക്ഷ വിധിച്ച രണ്ടു പോലിസുകാര്‍ക്കെതിരായ വകുപ്പുതല നടപടി ഒഴിവാക്കാന്‍ പോലിസിലെ ഒരു വിഭാഗം ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. ഉരുട്ടിക്കൊലക്കേസിലെ പ്രതികള്‍ നേരത്തേ സസ്‌പെന്‍ഷനിലായിരുന്നെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി സേനയില്‍ തിരിച്ചെത്തിയതിനാല്‍ ഇനി നടപടി വേണ്ടെന്നുമായിരുന്നു വാദം. എന്നാല്‍, പോലിസ് ചട്ടപ്രകാരം, ശിക്ഷിക്കപ്പെട്ടവരെ ഉടനടി പുറത്താക്കണമെന്ന് പോലിസ് നേതൃത്വം നിലപാടെടുക്കുകയായിരുന്നു. ഗുരുതരമായ സ്വഭാവദൂഷ്യം കാട്ടുന്ന പോലിസുകാരെ സേനയില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും കോടതി വെറുതെവിട്ടാലും തെറ്റു ചെയ്തതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം ഉരുട്ടിക്കൊലക്കേസില്‍ മൂന്നുവര്‍ഷം ശിക്ഷിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി അജിത്കുമാറിനെതിരേ നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വഴിയാണ് ഇതുസംബന്ധിച്ച ഫയല്‍ കൈമാറിയത്. വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശപ്രകാരം പൊതുഭരണ വകുപ്പാണ് ഡിവൈഎസ്പിക്കെതിരേ നടപടിയെടുക്കേണ്ടത്.
നിലവില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ചിന്റെ സംഘടിത കുറ്റകൃത്യ വിഭാഗത്തില്‍ ഡിവൈഎസ്പിയാണ് അജിത്കുമാര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss