|    Oct 22 Mon, 2018 2:15 pm
FLASH NEWS

വണ്‍ മില്ല്യണ്‍ ഗോള്‍ : ജില്ലയില്‍ ഗോള്‍മുഖങ്ങള്‍ സജ്ജം

Published : 26th September 2017 | Posted By: fsq

 

കാക്കനാട്: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ പ്രചാരണ പരിപാടിയ്ക്കായി ജില്ലയിലുടനീളം ഗോള്‍ പോസ്റ്റുകള്‍ സജ്ജമായി. കലക്ടറേറ്റ് പരേഡ് ഡ്രൗണ്ടില്‍ സജ്ജമാക്കിയ ഗോള്‍ പോസ്റ്റില്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ആദ്യ ഗോളടിച്ചു. കാല്‍പ്പന്തുകളിയുടെ ആവേശം ആബാലവൃദ്ധം ജനങ്ങളിലുമെത്തിക്കുന്ന പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും കൂട്ടായ സഹകരണമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായുള്ള വണ്‍ മില്ല്യണ്‍ ഗോളുകള്‍ എന്ന നൂതനാശയം നടപ്പാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസയ്്ന്‍ പറഞ്ഞു. കാല്‍പ്പന്തുകളിയുടെ ആവേശം ഓരോരുത്തരുമെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  ജില്ലയില്‍ ഓരോ ഗ്രാമപ്പഞ്ചായത്തിലും 2000 ഗോളുകള്‍, ഓരോ മുനിസിപ്പാലിറ്റിയിലും 10,000 ഗോളുകള്‍, ഓരോ കോര്‍പറേഷനിലും 15,000 ഗോളുകള്‍ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടും മുനിസിപ്പാലിറ്റിയില്‍ അഞ്ചും കോര്‍പറേഷനില്‍ പത്തും ഗോള്‍ പോസ്റ്റുകളാണ് ക്രമീകരിക്കുന്നത്. ഓരോ ഗോള്‍പോസ്റ്റിലും രണ്ടു വീതം വോളന്റിയര്‍മാരെ നിയോഗിക്കും. നെഹ്‌റു യുവ കേന്ദ്ര, എന്‍എസ്എസ്, യുവജനക്ഷേമ ബോര്‍ഡ്, സ്‌കൂള്‍/കോളേജ് കായിക വിഭാഗം എന്നിവിടങ്ങളില്‍ നിന്നായി അറുനൂറോളം വൊളന്റിയര്‍മാരെയാണ് നിയോഗിക്കുക. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാവും വണ്‍ മില്ല്യണ്‍ ഗോളിന്റെ വിഐപി സെന്റര്‍ പ്രവര്‍ത്തിക്കുക. എല്ലാ ഗോള്‍ പോസ്റ്റുകളില്‍ നിന്നുമുള്ള ഗോള്‍ സ്‌കോര്‍ വിവരങ്ങള്‍ ഇവിടെ നിന്നറിയാം. പ്രശസ്ത ഫുട്ബാള്‍ താരം സി കെ വിനീത് ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടിലെ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഒളിംപ്ക്‌സ് താരങ്ങളും മുന്‍ കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും പരിപാടിയുടെ ഭാഗമാവും. പി ടി ഉഷ റോഡിലെ ജില്ല സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഓഫിസ്, കാക്കനാട് കലക്ടറേറ്റ്, വാസ്‌കോ ഡി ഗാമ സ്‌ക്വയര്‍, മട്ടാഞ്ചേരി, കൊച്ചി കോര്‍പറേഷന്‍ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗോള്‍ പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായലിംഗഭേദമെന്യേ പരിപാടിയില്‍ പങ്കെടുക്കാം. സ്‌കൂള്‍/ കോളജ്, പൊതുസ്വകാര്യ കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാംപയിന്‍ നടത്തും. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ. ഗോള്‍ കീപ്പര്‍ ഉണ്ടാവുന്നതല്ല. പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നാണ് കിക്കുകള്‍ എടുക്കേണ്ടത്. വണ്‍ മില്യണ്‍ ഗോളിനു വേണ്ടി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഗോളുകള്‍ റിപോര്‍ട്ട് ചെയ്യേണ്ടത്. ഫോട്ടോകളും ആപ്പില്‍ അപ്ലോഡ് ചെയ്യണം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, സ്‌കൂള്‍/കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഓരോ ജില്ലയില്‍നിന്നും കാംപയിനില്‍ പങ്കെടുത്ത ഗോള്‍ അടിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്ക് വീതം ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരം കാണാനുള്ള അവസരം നല്‍കും. വോളന്റിയര്‍മാര്‍ക്ക് ഗോളുകളുടെ എണ്ണം രേഖപ്പെടുത്താന്‍ പ്രത്യേകം തയാറാക്കിയ മൈാബൈല്‍ ആപ്ലിക്കേഷന്‍ നല്‍കും. ഇതിലൂടെ റിപോര്‍ട്ട് ചെയ്യുന്നതിനൊപ്പം ഗോളെണ്ണം സ്‌കോര്‍ ഷീറ്റിലും രേഖപ്പെടുത്തും. ഓരോ മണിക്കൂറും ഇടവിട്ട് പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും ആപ്ലിക്കേഷനിലോ ഇമെയിലിലൂടെയോ അപ്ലോഡ് ചെയ്യണം. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു, യുവജനക്ഷേമ ബോര്‍ഡ് ജില്ല പ്രോഗ്രാം ഓഫിസര്‍ ശ്രീകല, യൂത്ത് കോ-ഓഡിനേറ്റര്‍ അഖില്‍ ദാസ്, നെഹ്‌റു യുവ കേന്ദ്രം ജില്ല കോ-ഓഡിനേറ്റര്‍ ടോണി തോമസ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അനില്‍കുമാര്‍, ജില്ല സ്‌പോര്‍ട്ട്‌സ് ഓഫിസര്‍ രാജേഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss