|    Jul 20 Fri, 2018 10:18 pm
FLASH NEWS

വണ്‍ മില്യണ്‍ ഗോള്‍ ആവേശമുയര്‍ത്തി പത്തനംതിട്ടയില്‍ ഗോള്‍മഴ

Published : 28th September 2017 | Posted By: fsq

 

പത്തനംതിട്ട: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാവുന്നതിന്റെ ആവേശം ഉള്‍ക്കൊണ്ട് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലെ വിഐപി ഗോള്‍ പോസ്്റ്റിലും ജില്ലയിലെ മറ്റു ഗോള്‍ പോസ്റ്റുകളിലും ഗോള്‍ മഴ. ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി ആദ്യഗോള്‍ അടിച്ചു. ശബരിമല തന്ത്രി കണ്ഠരര് രാജീവരില്‍ നിന്ന് ഫുട്‌ബോള്‍ ഏറ്റുവാങ്ങിയാണ് എംപി ആദ്യഗോള്‍ അടിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, എഡിഎം അനു എസ് നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, വിനീത അനില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, സെക്രട്ടറി സി പി സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ മുരളീധരന്‍ നായര്‍, എം എസ് പവനന്‍, മുന്‍ നഗരസഭാ അധ്യക്ഷരായ പി മോഹന്‍രാജ്, അഡ്വ. എ സുരേഷ്‌കുമാര്‍, അഡ്വ. ടി സക്കീര്‍ ഹുസയ്്ന്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഗോള്‍ അടിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള പ്രകാശധാര സ്‌കൂള്‍, ചെന്നീര്‍ക്കര ശാലേം പബ്ലിക് സ്‌കൂള്‍ തുടങ്ങി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച പരിപാടി രാത്രി ഏഴുവരെ നീണ്ടു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകളും പൊതുജനങ്ങളും ലോകകപ്പിന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ഗോള്‍ അടിക്കാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയിരുന്ന രണ്ട് ഗോള്‍ പോസ്റ്റുകളിലും ഗോള്‍ അടിക്കാനുള്ളവരുടെ നീണ്ടനിര ഏറെ വൈകിയും കാണാമായിരുന്നു.     ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗോള്‍ അടിക്കുന്നതിനുള്ള വേദികള്‍ തയ്യാറാക്കിയിരുന്നു.  ഒരാള്‍ക്ക് ഒരു ഗോള്‍ അടിക്കുന്നതിനുള്ള അവസരമാണ് നല്‍കിയത്. ഓരോ ഗോളും പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ ഗോള്‍ അടിച്ചവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരം കാണുന്നതിനുള്ള സൗജന്യ പാസ് നല്‍കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss