|    Nov 21 Wed, 2018 7:20 pm
FLASH NEWS
Home   >  National   >  

വണ്‍ മാന്‍ ഷോ: മോദിക്കെതിരെ വിമത ശബ്ദമുയരുന്നു

Published : 9th November 2017 | Posted By: G.A.G

ഇംതിഹാന്‍ ഒ അബ്ദുല്ല

നോട്ട് നിരോധനവും ജി എസ് ടിയും നടപ്പാക്കിയ മോദിജിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം വികസനക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നല്ലോ സംഘികള്‍ ലോകം മുഴുവന്‍ വിളിച്ചു വിളിച്ചുകൂവിക്കൊണ്ടിരുന്നത്. ഉലകം ചുറ്റുന്നതിനിടയില്‍ എത്തിപ്പെടുന്ന രാജ്യങ്ങളിലും സമയം കിട്ടുമ്പോഴൊക്കെ ഇന്ത്യയില്‍ വരുമ്പോഴും മോദിജിയും വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്താറുണ്ട്. അദാനി,അംബാനി,ടാറ്റ പോലുളള മോദിയുടെ മാനസപുത്രന്‍മാരാല്‍ നിയന്ത്രിതമായ ദേശീയ മീഡിയയും കളളപ്പണം തുടച്ചു നീക്കാനും അഴിമതി നിര്‍മ്മാജ്ജനം ചെയ്യാനും മോദി കൈക്കൊളളുന്ന നോട്ട് നിരോധനം പോലുളള ‘യമണ്ടന്‍’ തീരുമാനങ്ങളെ വാഴ്ത്തിക്കൊണ്ടിരുന്നു. പക്ഷെ പഴമുറം കൊണ്ട് സൂര്യനെ തടുക്കാനാകില്ലല്ലോ. നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍  മോദിയുടെയും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടേയും നോട്ട്‌നിരോധനവും പിന്നാലെ കൈക്കൊണ്ട ജി എസ് ടിയും ശുദ്ധവങ്കത്തരമായിരുന്നുവെന്നും അവ രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയെയും ചെറുകിട-വ്യവസായ വാണിജ്യ മേഖലകളെയും പൂര്‍ണമായി തകര്‍ത്തുക്കൊണ്ടിരിക്കുകയാണെന്നുമുളള വസ്തുത പുറത്തു വന്നിരിക്കുന്നു. അത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ഹിന്ദുവിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മോദി ഭരണത്തില്‍ അസ്വസ്ഥരായ ദേശവിരുദ്ധശക്തികളാണെന്ന പതിവുമറുപടിക്ക് ഇനി പ്രസക്തിയില്ല. റിസര്‍വ്വ്ബാങ്കും കേന്ദ്രധനകാര്യ മന്ത്രാലയവും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി ‘മോദി വിഗ്രഹത്തിന്റെ പ്രഭാവത്തിന്’ മങ്ങലേല്‍പിച്ചിരിക്കുന്നു. മോദി ടീമിനെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്താന്‍ ഇതാദ്യമായി ബിജെപിയിലെ മോദിവിരുദ്ധ വിഭാഗത്തിന് ധൈര്യം വന്നിരിക്കുന്നു. മുതിര്‍ന്ന ബി ജെ പി നേതാവും വാജ്‌പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയാണ് ആദ്യവെടി പൊട്ടിച്ചത്. നോട്ട് നിരോധനം നടപ്പാക്കും മുമ്പ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ രംഗങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് ആദ്യം പഠിക്കണമായിരുന്നു എന്നാണ് സിന്‍ഹയുടെ അഭിപ്രായം.   ഇന്ത്യന്‍ സമ്പദ്ഘടന അഗാധമായ ഗര്‍ത്തത്തിലേക്ക് പതിച്ചിരിക്കുന്നുവെന്ന് പറഞ്ഞ സ്വിന്‍ഹ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെയാണ് പ്രശ്‌നങ്ങളുടെ ഉത്തരവാദിയായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രത്യക്ഷത്തില്‍ ധനകാര്യമന്ത്രിയെയാണ് ലക്ഷ്യംവെക്കുന്നതെങ്കിലും യഥാര്‍ത്ഥ ഉന്നം ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അല്ലെങ്കില്‍ തന്നെ നോട്ട്‌നിരോധനം പോലുളള നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു ക്ലാര്‍ക്കിന്റേതില്‍ കവിഞ്ഞ ഉത്തരവാദിത്വമൊന്നും ജെയ്റ്റിക്കില്ലെന്ന് ഏതുകൊച്ചുകുട്ടിക്കാണറിയാത്തത്.
ഗര്‍ജ്ജനങ്ങളും വിടുവായത്തങ്ങളും തെരഞ്ഞെടുപ്പു കാലത്തെ പ്രസംഗമണ്ഡപങ്ങള്‍ക്ക് അലങ്കാരമായിരിക്കാം. പക്ഷെ ആ ശബ്ദഘോഷങ്ങള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകും എന്ന് പറയുമ്പോള്‍ സിന്‍ഹയുടെ ഉന്നം വിടുവായത്തങ്ങള്‍ കാരണം സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാലയിടപ്പെടുന്ന മോദി തന്നെ.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിലുണ്ടായ എണ്ണയുടെ വന്‍വിലയിടിവു കാരണം ഉദാരീകരണാനന്തര ഘട്ടത്തിലെ ഏറ്റവും ഭാഗ്യവാനായ മന്ത്രിയാണ് ജെയ്റ്റിയെങ്കിലും അത് ഭാവനാപൂര്‍ണമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് സ്വിന്‍ഹ കുറ്റപ്പെടുത്തുന്നു. ഒരു സമ്പദ്ഘടനയെ തകര്‍ക്കുക എന്നത് കെട്ടിപ്പടുക്കുന്നതിനേക്കാള്‍ എളുപ്പമുളള കാര്യമാണ്. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്ന മാന്ത്രികദണ്ഡ് ആരുടെയും കൈവശമില്ല. ദാരിദ്യത്തെ അടുത്തു കണ്ട വ്യക്തിയാണ് താനെന്ന്  പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതേ ദാരിദ്യത്തെ ഇന്ത്യയിലെ സര്‍വ്വജനങ്ങളും അടുത്ത് നിന്ന് കാണട്ടെ എന്ന മോഹത്തോടെയാണ് നമ്മുടെ ധനമന്ത്രി ദീര്‍ഘനേരം കഠിനാധ്വാനം ചെയ്യുന്നതും. പ്രതിപക്ഷത്തിനു പോലും സാധിക്കാത്ത വിധത്തില്‍ സ്വിന്‍ഹ ആഞ്ഞടിക്കുന്നു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ആരംഭിച്ചതാണ് ബി ജെ പിയിലെ മോദിയുടെ അപ്രമാദിത്യം. മോദിയും അമിത് ഷായും തീരുമാനിച്ചതിനെതിരെ ചെറുവിരലനക്കാന്‍ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിക്കോ മുരളീമനോഹര്‍ ജോഷിക്കോ പോലും സാധിച്ചിരുന്നില്ല. അധികാരത്തിലേറിയ ശേഷമാകട്ടെ പാര്‍ട്ടിയും സര്‍ക്കാറും പൂര്‍ണമായും ഇരുവരുടേയും കരങ്ങളിലേക്ക് ചുരുങ്ങി. പ്രായാധിക്യത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട, അധികാരലബ്ധിക്ക് സംഘ്പരിവാര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ട അദ്വാനിയെപ്പോലുളളവര്‍ വെറും കാഴ്ചക്കാരുടെ റോളിലേക്ക് ചുരുങ്ങി. എന്നാല്‍ ഇനി മോദിയുടെ വണ്‍ മാന്‍ ഷോയും മോദി അമിത് ദ്വന്തങ്ങളുടെ ടുമെന്‍ ആര്‍മിയും മാത്രം കാര്യങ്ങള്‍ തീരുമാനിച്ചാല്‍ പോരെന്ന് വിമത പക്ഷ നേതാക്കള്‍ ഇതാദ്യമായി പരസ്യമായി പ്രസ്താവന ഇറക്കിയിരിക്കുന്നു. അദ്വാനിയെയും ജോഷിയെയും പോലുളള മുതിര്‍ന്ന നേതാക്കളുടെ കഴിവും അനുഭവ പരിചയവും ഉപയോഗിക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് ഇന്ന് സര്‍ക്കാരിന് സ്വയം കൃതാനര്‍ത്ഥമായ ഈ ഗതി വന്നതെന്നാണ് വിമത പക്ഷം. മോദിയുടേയുടേയും ഷായുടേയും സ്വന്തം തട്ടകവും ഹിന്ദത്വ പരീക്ഷണശാലയുമായ ഗുജറാത്തില്‍ ആസനമായ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നിലവിലുളള മേല്‍ക്കൈ നിലനിര്‍ത്താനായില്ലെങ്കില്‍ വിമത നീക്കങ്ങള്‍ സജീവമാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss