|    Jan 17 Tue, 2017 11:01 pm
FLASH NEWS

വണ്‍വേ സമ്പ്രദായം സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്നു

Published : 11th September 2016 | Posted By: SMR

മാള: മാള ടൗണില്‍ പോലിസും ബസ്സുടമകളും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് നടപ്പാക്കിയ വണ്‍വേ സമ്പ്രദായം സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്നത് പതിവാകുന്നു. ഇതുമൂലം ഗതാഗതകുരുക്കും അപകടങ്ങളും പതിവ് സംഭവമായി മാറുകയാണ്. മാള സിഐയുടെ നേതൃത്ത്വത്തില്‍ രണ്ട് വര്‍ഷം മുന്‍പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ടൗണിലെ വണ്‍വേ സമ്പ്രദായം കര്‍ശ്ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, കരിങ്ങാച്ചിറ വഴിയുള്ള കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കിഴക്കേയങ്ങാടി റോഡ് വഴിയും കൃഷ്ണന്‍കോട്ട വഴിയുള്ള കൊടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര, കണക്കന്‍കടവ്, തുരുത്തിപ്പുറം തുടങ്ങിയിടങ്ങളി ല്‍ നിന്നുള്ള വാഹനങ്ങള്‍ കെ കെ റോഡ് വഴിയും പഞ്ചായത്ത് ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്നുള്ള വാഹനങ്ങള്‍ പോസ്‌റ്റോഫിസ് റോഡ് വഴിയും കടന്നു പോവണമെന്ന രീതിയിലാണ് വണ്‍വേ സമ്പ്രദായം നടപ്പിലാക്കിയത്.
വടക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വാഹനങ്ങള്‍ യൂണിയന്‍ ബാങ്ക് പരിസരത്ത് നിന്നും വര്‍ഗ്ഗീസ് പെരേപ്പാടന്‍ റോഡുവഴി വന്ന് കിഴക്കേയങ്ങാടി റോഡിലൂടെ പോസ്‌റ്റോഫിസ് റോഡില്‍ കയറണം. കുറച്ചു കാലം മാത്രമാണ് സ്വകാര്യ ബസ്സുകള്‍ ഈ വണ്‍വേ സമ്പ്രദായത്തിനനുസരിച്ച് ഓടിയത്. പിന്നീട് സ്വകാര്യ ബസ്സുകാര്‍ക്ക് തോന്നും പോലെയാണ് ഓടുന്നത്.
ഈ പ്രവണത നിരവധി അപകടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. വീതി തീരെ കുറഞ്ഞ പോസ്‌റ്റോഫിസ് റോഡിലൂടെ വണ്‍വേ തെറ്റിച്ച് വരുന്ന ബസ്സുകള്‍ ഗതാഗത കുരുക്കിനും കാല്‍നട യാത്രക്കാരുടെയും ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങള്‍ക്കും അപകട ഭീഷണിയും ദുരിതവും സൃഷ്ടിക്കുകയാണ്.
ഒരേ സമയം ഇരുഭാഗത്തേക്കുമുള്ള  വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാന്‍ സാധിക്കാത്ത റോഡുകളാണ് മാള ടൗണില്‍ കൂടുതലായുമുള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.
അനധികൃതമായ വാഹന പാര്‍ക്കിങും ഇതോടൊപ്പം ജനങ്ങളെ വലക്കുന്നതായി വ്യാപക പരാതിയുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുണ്ടായാലേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് വ്യാപകമായി ഉയരുന്ന അഭിപ്രായം. വണ്‍വേ സമ്പ്രദായം സ്വകാര്യ ബസ്സുകാരുടെയും മറ്റ് വാഹനങ്ങളുടേയും നേരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക