|    Sep 26 Tue, 2017 9:02 am
FLASH NEWS

വണ്ണപ്പുറം പഞ്ചായത്തിന്റെ സ്ഥലം നഷ്ടപ്പെട്ടെന്ന ഹരജി; അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷനും വെയ്റ്റിങ് ഷെഡ്ഡും ഇരിക്കുന്ന സ്ഥലം നഷ്ടപ്പെടുത്താനും പൊതുജനങ്ങളുടെ ഉപയോഗത്തിനു തടസ്സമുണ്ടാക്കാനും നടത്തുന്ന പ്രവൃത്തികളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.വണ്ണപ്പുറം ചെറിയാന്‍കുന്നേല്‍ സി കെ ശിവദാസന്‍ നല്‍കിയ ഹരജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവന്റെ ഉത്തരവ്. വണ്ണപ്പുറം പുളുക്കിയില്‍ പി എം തോമസ്, പി എം മാത്യു പഞ്ചായത്ത് പ്രസിഡന്റ് കെ പി വര്‍ഗീസ്, മുന്‍ പഞ്ചായത്ത് സെക്രട്ടറി എം എം ഇമ്മാനുവല്‍, പഞ്ചായത്ത് സെക്രട്ടറി സെലിന്‍ മുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നും രണ്ടും പ്രതികളുടെ പ്രവൃത്തിമൂലം കംഫര്‍ട്ട് സ്റ്റേഷന്റെ ഉപയോഗത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ടോയെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്തുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി അനുവാദം നല്‍കിയെന്നും പഞ്ചായത്തു വക സ്ഥലം അതിരുകള്‍ തിരിച്ച് പഞ്ചായത്തുതല സ്ഥലമെന്ന് അറിയാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്നും അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തുവക സ്ഥലം കൈയേറി ഒന്നും രണ്ടും പ്രതികള്‍ കെട്ടിടം നിര്‍മിച്ചതുമൂലം പഞ്ചായത്തിനു സ്ഥല നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായതായി ഹരജിയില്‍ പറയുന്നു. ഇത് അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരും. കാളിയാര്‍-കക്കടാശേരി റോഡില്‍ വണ്ണപ്പുറം ടൗണില്‍ ചൂരക്കുഴിയില്‍ ഐപ്പ് പഞ്ചായത്തിന് സൗജന്യമായി അഞ്ചു സെന്റ് സ്ഥലം വെയിറ്റിങ് ഷെഡ്ഡ്, കുളിമുറികള്‍, രണ്ട് കക്കൂസ്, ഒരു കിണര്‍ എന്നിവയോടുകൂടിയ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുവേണ്ടി നല്‍കിയതാണ് വിവാദമായ കംഫര്‍ട്ട് സ്റ്റേഷന്‍ ഇരിക്കുന്ന സ്ഥലം. കോട്ടയം വിജിലന്‍സ് കോടതിയിലാണ് ഹരജി ആദ്യം ഫയല്‍ ചെയ്തത്. മൂവാറ്റുപുഴയില്‍ പുതിയ വിജിലന്‍സ് കോടതി ആരംഭിച്ചതിനെ തുടര്‍ന്ന് കേസ് ഇങ്ങോട്ട് മാറ്റുകയായിരുന്നു. കോട്ടയം കോടതിയുടെ നിര്‍ദേശാനുസരണം ത്വരിതാന്വേഷണം നടത്തി വിജിലന്‍സ് റിപോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. സ്ഥലം കൈയേറിയതായി വിജിലന്‍സിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് കോടതി മുമ്പാകെ ഫയല്‍ ചെയതത്. റിപ്പോര്‍ട്ടിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് ഹരജിക്കാരന്റെ അഭിഭാഷകരായ അഡ്വ. കെ.സി. സുരേഷ്, എന്‍.പി. തങ്കച്ചന്‍ എന്നിവര്‍ ആക്ഷേപം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായി അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്. നവംബര്‍ 30നകം റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക