|    Nov 21 Wed, 2018 9:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

Published : 7th August 2018 | Posted By: kasim kzm

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതി അടിമാലി സ്വദേശി അനീഷ് ഒളിവിലാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് കെ ബി വേണുഗോപാല്‍ തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊടുപുഴ കാരിക്കോടിനു സമീപം കീരിക്കോട് സാലി ഭവനില്‍ ലിബീഷ് ബാബു (28)വാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന്റെ മുന്‍ സഹായിയായ അനീഷിന്റെ അടുത്ത സുഹൃത്താണ് ലിബീഷ്. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരുമെന്ന് പോലിസ് പറഞ്ഞു.
അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകമെന്ന് ഇടുക്കി ജില്ലാ പോലിസ് മേധാവി വിശദീകരിച്ചു. തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. പല സംഘങ്ങളായി 65 പേരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യ സംഘം പിന്നീട് ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി ആന്റണി തോമസിനെയും ജില്ലയിലെ സിഐമാരെയും ബന്ധപ്പെട്ട എസ്‌ഐമാരെയും ഉള്‍പ്പെടുത്തി വിപുലമാക്കിയെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. അന്വേഷണസംഘത്തിനു ഡിജിപി പ്രത്യേക അവാര്‍ഡ് പ്രഖ്യാപിച്ചതായി കെ ബി വേണുഗോപാല്‍ വെളിപ്പെടുത്തി.
പോലിസ് പറയുന്നത്: ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തുന്നത്. രണ്ടു വര്‍ഷത്തോളം കൃഷ്ണനൊപ്പം നിന്നു മന്ത്രവാദം പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാള്‍ സ്വന്തം നിലയ്ക്ക് പൂജകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍, മിക്കതും ഫലം കണ്ടില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് വിശ്വസിച്ചു. ഈ തെറ്റിദ്ധാരണ മൂലമുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു പ്രേരിപ്പിച്ചത്. കൃഷ്ണനെ കൊന്ന് തന്റെ നഷ്ടപ്പെട്ട സിദ്ധികള്‍ കൈക്കലാക്കാന്‍ അനീഷ് തീരുമാനിക്കുകയായിരുന്നു.
ആറു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയാണ് സുഹൃത്തുമായി ചേര്‍ന്ന് അനീഷ് നടപ്പാക്കിയത്. 300 മൂര്‍ത്തികളുടെ ശക്തിയാണ് കൃഷ്ണന് ഉണ്ടായിരുന്നതെന്നും കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി കൂടി തനിക്കു കിട്ടുമെന്നുമായിരുന്നു അനീഷിന്റെ വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. 15 വര്‍ഷത്തെ പരിചയമുള്ള ലിബീഷിനൊപ്പം ചേര്‍ന്ന് ഇതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കി.
ഞായറാഴ്ച രാത്രി 8 മണിയോടെ അനീഷ് ലിബീഷിന്റെ കീരിക്കോട്ടെ വീട്ടിലെത്തി. 12 മണിയോടെ കൃഷ്ണന്റെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന കൃഷ്ണനെ പുറത്തുവരുത്താന്‍ സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ ഉപദ്രവിച്ചു. ആടിന്റെ കരച്ചില്‍ കേട്ട് പുറത്തെത്തിയ കൃഷ്ണനെ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. പിന്നാലെയെത്തിയ ഭാര്യ സുശീലയെ ലിബീഷും കൊലപ്പെടുത്തി. തുടര്‍ന്ന് ആര്‍ഷയെയും അര്‍ജുനെയും കൊലപ്പെടുത്തി. പിന്നീട് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് നാലു പേരുടെയും മൃതദേഹങ്ങള്‍ വികൃതമാക്കി മരണം ഉറപ്പുവരുത്തി.
വീടിനുള്ളില്‍ കയറി സ്വര്‍ണം കവര്‍ന്ന ശേഷം ലിബീഷിന്റെ വീട്ടിലേക്കു പോയി. കൊല നടത്തിയതിന്റെ രണ്ടാം ദിവസമാണ് മൃതദേഹങ്ങള്‍ മറവു ചെയ്യാനായി എത്തിയത്. ഇവര്‍ മടങ്ങിയെത്തുമ്പോഴാണ് അര്‍ജുന്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലായത്. വീടിനുള്ളില്‍ തലയ്ക്ക് കൈകൊടുത്ത് ലിവിങ് റൂമില്‍ ഇരിക്കുകയായിരുന്നു അര്‍ജുന്‍. തുടര്‍ന്ന് അര്‍ജുനെ തലയ്ക്കടിച്ചു കൊന്നു. പിന്നീടാണ് മൃതദേഹങ്ങള്‍ മറവു ചെയ്തത്.
തുടര്‍ന്ന് പ്രതികള്‍ 20 പവന്‍ സ്വര്‍ണവും പണവും കൈവശപ്പെടുത്തി. അതേസമയം, കുഴിച്ചിടുമ്പോള്‍ കൃഷ്ണനും അര്‍ജുനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ സൂചന. ഇവരുടെ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss