|    Oct 18 Thu, 2018 11:29 pm
FLASH NEWS

വണ്ടിപ്പെരിയാറില്‍ ദുരിതം വിതച്ച് വെള്ളക്കെട്ട്‌

Published : 19th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും എല്ലാ മഴക്കാലത്തുമുണ്ടാവുന്ന വെള്ളക്കെട്ട് ദുരിതംവിതയ്ക്കുകയാണ്. ദേശീയപാത 183ല്‍ കൊട്ടാരക്കര-ദിണ്ഡുക്കല്‍പാതയില്‍ കക്കിക്കവല, നെല്ലിമല തുടങ്ങിയ പ്രദേശങ്ങളില്‍ വെളളം കയറിയാണ് ഗതാഗത തടസമുണ്ടാവുന്നത്. എന്നാല്‍, പ്രതിവിധി കണ്ടെത്താനാവാതെ അധികൃതര്‍ കുഴങ്ങുകയാണ്. വര്‍ഷങ്ങളായി കാലവര്‍ഷത്തില്‍ ഉണ്ടാകുന്ന മഴയില്‍ ദേശിയ പാതയില്‍ പതിവായി വെള്ളം കയറുന്നത് സ്ഥിരം സംഭവമാണ്.ഇതിന് മുന്‍പ് നാലു വര്‍ഷം മുന്‍പാണ് സമാനമായ രീതിയില്‍ നെല്ലിമല മുതല്‍ വണ്ടിപ്പെരിയാര്‍ പെട്രോള്‍ ബങ്ക് വരെ വെള്ളം കയറിയത്. പ്രധാനമായും ദേശിയ പാതയോട് ചേര്‍ന്ന്  ഒഴുകുന്ന പെരിയാര്‍  ചോറ്റാപാറ തോടിന് വീതിയും ആഴവും ഇല്ലാത്തതിനാലാണ്  വെള്ളം തോട് കവിഞ്ഞൊഴുകി റോഡിലേയ്ക്ക് ഒഴുകുന്നത്.  നെല്ലിമല മുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള തോടിന് ഇരുവശങ്ങളിലെ അനധികൃത കൈയേറ്റവും വ്യാപകമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞത് ശരാശരി 6 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് കൈയ്യേറ്റങ്ങളുടെ അനന്തരഫലമായി വീതി കുറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി കലുങ്ക് നിര്‍മ്മിച്ചിട്ടും കലുങ്കിന്റെ നിര്‍മാണത്തിന്റെ അപാകത മൂലം വെള്ളം കയറുന്നത് തിരികെ ഇറങ്ങി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നെല്ലിമലയില്‍ വെള്ളം ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ്  കലുങ്ക് സ്ഥിതി ചെയ്യുന്ന കക്കിക്കവലയില്‍ വെള്ളം ഇറങ്ങുന്നത്. കക്കിക്കവല, നെല്ലിമല,   ചുരക്കുളം എന്നിവടങ്ങളിലായി ദേശിയ പാതയോരത്ത് 150 തോളം വീടുകള്‍ ഉണ്ട്. പാതയില്‍ വെള്ളം കയറിയാല്‍ അമ്പതോളം വീടുകളുടെ മുറ്റത്തും വെളളം കയറും. ഈ സമയങ്ങളില്‍  ബന്ധുവീടുകളിലേയ്ക്കും മറ്റും സമീപവാസികള്‍ മാറി താമസിക്കുകയാണ് പതിവ്. എന്നാല്‍  വെളളം ഇറങ്ങുമ്പോള്‍ നിവാസികളുടെ ജീവിതം പൂര്‍വ്വ സ്ഥിതിയിലാകും. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികജാതി വകുപ്പില്‍ നിന്നും പഞ്ചായത്തില്‍  നിന്നുമായി കഴുതപ്പേട്ടയില്‍ വീട് വച്ചു മാറുവാനായി സ്ഥലം അനുവദിച്ചിരുന്നു. പലരും  സ്ഥലം കൈവശപ്പെടുത്തിയെങ്കിലും താമസം മാറാന്‍ കൂട്ടാക്കിയില്ല. കഴുതപ്പേട്ടയിലെ സ്ഥലത്ത് വീട് നിര്‍മിച്ച് വാടകയ്ക്ക് നല്കിയതിനു ശേഷം ദേശിയ പാതയോരത്ത് താമസം തുടരുന്നവരുമുണ്ട്.  കഴുതപ്പേട്ടയില്‍ ലഭിച്ച സ്ഥലത്ത് വേനല്‍ കാലത്ത് വെളളത്തിന്റെ ലഭ്യതക്കുറവും ദേശിയ പാതയോരത്ത് താമസിക്കുന്ന സ്ഥലം നഷ്ടമാകുമെന്നതു കൊണ്ടുമാണ് മിക്കവരും അവിടെ തന്നെ താമസം തുടരുന്നത്. കൂലിപണിക്കാരും എസറ്റേറ്റ് തൊഴിലാളികളുമാണ് ഇവിടെ താമസിക്കുന്ന കൂടുതല്‍ ആളുകളും. ജോലിക്ക് പോകുന്നതിനുള്ള എളുപ്പത്തിനും വണ്ടിപ്പെരിയാര്‍ ടൗണ്‍ അടുത്തായതു കൊണ്ടും താമസം നെല്ലിമല മേഖലയില്‍ തുടരുന്നതിന് കാരണമാണ്. ദേശിയ പാതയില്‍ ഗതാഗത തടസം സ്ഥിരം സംഭവമായിട്ടും അധികൃതരു ടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് ആവശ്യത്തിന് വെള്ളം കടന്നു പോകുന്നതിന് യോഗ്യമായി തോട് നിര്‍മ്മിക്കുക എന്നതാണ് ഏക പ്രതിവിധി. സ്വകാര്യ സ്ഥലമുടമകള്‍ തോട് കയ്യേറി കല്ലു കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതും ഒഴുപ്പിക്കേണ്ടതുണ്ട്. ദേശിയ പാതയിലൂടെ കടന്നു പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഈ കാരണത്താല്‍ ദുരിതത്തിലാവുന്നത്. വിനോദ സഞ്ചാരികളും ,  ചരക്കു വാഹനങ്ങളും  വെള്ളം ഇറങ്ങുന്നതിനായി മണിക്കൂറുകള്‍ കാത്ത് നിലക്കുന്നത്. കക്കിക്കവല, നെല്ലിമല മേഖലകളില്‍ വെളളം കയറി ഗതാഗതം തടസപ്പെടുന്നത് നീക്കം ചെയ്യുന്നതിനുള്ള മറുപടി അടിയന്തരമായി അധികൃതര്‍ സ്വീകരിക്കണമെന്ന  ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss