|    Oct 23 Tue, 2018 8:24 am
FLASH NEWS

വണ്ടിപ്പെരിയാറില്‍ ഗ്രാമസഭാ ബുക്ക് ‘അപ്രത്യക്ഷമായി’

Published : 13th March 2018 | Posted By: kasim kzm

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡിലെ ഗ്രാമസഭാ ബുക്ക് കാണാതായ സംഭവം വിവാദമാകുന്നു. അതേസമയം, സംഭവം ഒതുക്കി തീര്‍ക്കാന്‍ ഭരണ- പ്രതിപക്ഷ മുന്നണികള്‍ ഒറ്റക്കെട്ടായതോടെ ഗ്രാമസഭ വീണ്ടും നടത്തണമെന്ന ആവശ്യവുമായി യുവജന സംഘടനകളും രംഗത്തെത്തി. പഞ്ചായത്തിലെ 15ാം വാര്‍ഡായ ഗ്രാമ്പി വാര്‍ഡിലെ ഗ്രാമസഭ മിനിറ്റ്‌സ് ബുക്കാണ് കഴിഞ്ഞ മാസം പഞ്ചായത്ത് ഓഫിസില്‍ നിന്ന് അപ്രത്യക്ഷമായത്.
കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ബുക്ക് കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞത്. 20 ദിവസത്തോളം മിനിറ്റ്‌സ് കാണാതായി എന്നാണു സൂചന. സംഭവം വിവാദമായതോടെ മറ്റൊരു വാര്‍ഡിന്റെയും മിനിറ്റ്‌സ് ബുക്ക് കഴിഞ്ഞ തവണ ഗ്രാമസഭയ്ക്കു സമാനമായ രീതിയില്‍ കാണാതായി എന്ന ആരോപണവും ഉണ്ടായിട്ടുണ്ട്. വ്യക്തിഗത ഗുണഭോക്തക്കളുടെ പേര് തിരിമറി നടത്തുന്നതിനു വേണ്ടിയാണ് മിനിറ്റ്‌സ് ബുക്ക് മാറ്റിയതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഭവനനിര്‍മ്മാണ ധനസഹായം, ശുചിമുറി, വീട് അറ്റകുറ്റപ്പണി, സ്ഥലം വാങ്ങാനുള്ള പദ്ധതി തുടങ്ങിയവയില്‍ ഗ്രമസഭയില്‍ വരാവത്തവരെ തിരുകി കയറ്റുകയാണ് പതിവെന്നാണ് ആരോപണം. പഞ്ചായത്തീരാജ് നിയമപ്രകാരം എല്‍ഡി ക്ലാര്‍ക്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ഗ്രാമസഭ മിനിറ്റ്‌സ് എഴുതാന്‍ ചുമതലപ്പെടുതേണ്ടത്.
സമയത്ത് ഉദ്യോഗസ്ഥരെ കിട്ടാനില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ അങ്കണവാടി ടീച്ചര്‍മാരയാണ് സാധാരണയായി നിയമിക്കുക. ഇവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തതിനാല്‍ നിയമ നടപടി എടുക്കുവാന്‍ കഴിയില്ല. ഗ്രാമസഭയുടെ മിനിറ്റ്‌സ് എഴുതാന്‍ ചുമതലപ്പെട്ടവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തില്‍ ഇത് തിരികെ എല്‍പ്പിക്കും. ഇതിനുശേഷം പഞ്ചായത്തില്‍ സൂക്ഷിക്കുന്ന ബുക്കാണ് പലപ്പോഴയായി പോകുന്നത്. ഗ്രാമസഭ ബുക്ക് കാണാതായ സംഭവം പഞ്ചായത്ത് സെക്രട്ടറി സ്ഥിരികരിച്ചെങ്കിലും വാര്‍ഡ് മെമ്പറുടെ പരാതി ലഭിച്ചിട്ടില്ലെന്നും മിനിറ്റ്‌സ് ബുക്ക് പഞ്ചായത്തില്‍ തന്നെ ഉണ്ടെന്നുമാണ് നല്‍കുന്ന വിശദീകരണം. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയും മൗനാനുവദവുമാണ് ബുക്ക് നഷ്ടപ്പെടാന്‍ കാരണം. പഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ മുന്നണികള്‍ സംഭവം അറിഞ്ഞെങ്കിലും സംഭവം ഒതുക്കി തീര്‍ക്കുകയും ചെയ്തു.
ഒരേ പുറംചട്ടയുള്ളതിനാല്‍ മെമ്പര്‍മാര്‍ തമ്മില്‍ മാറിയെടുത്തതായാണ് ഇവര്‍ പറയുന്നത്. സെക്രട്ടറിയുടെ കൈവശമുള്ള മിനിറ്റ്‌സ് ബുക്ക് പഞ്ചായത്ത് മെംബര്‍മാരുടെ കൈവശം എത്തിയത് എങ്ങനെയെന്നതും ദുരൂഹമാണ്. സമാനമായ രീതിയില്‍ നേരെത്തെ നഷടപ്പെട്ട ഒരു വാര്‍ഡിന്റെ ബുക്ക് പഞ്ചായത്തില്‍ തിരികെ എത്തിച്ചത് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ ഇടപെട്ടാണ്. എന്നാല്‍, 20 ദിവസത്തോളമായി കാണാതായ ബുക്ക് കാണാതായ വിവരം  ഭരണസമിതിയിലെ അംഗമാണ് വിവരം പുറത്ത് കൊണ്ടു വന്നത്. മിനിറ്റ്‌സ് കാണായതായ വാര്‍ഡുകളില്‍ ഗ്രമസഭ വീണ്ടും നടത്തണമെന്ന് യൂത്ത്‌ലീഗിന്റെ ആവശ്യം. ഗ്രാമസഭ പാസാക്കുന്നത് അല്ല പലപ്പോഴും ബുക്കില്‍ വരുന്നത്.
ഉന്നതതല അനേഷണം വേണമെന്ന് യൂത്ത് ലീഗ് സെക്രട്ടറി പി എ ഹസീബ് ആവശ്യപ്പെട്ടു. പഞ്ചായത്തീരാജ് നിയമപ്രകാരം കേസ് എടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ചയുടെ ആവശ്യം. സംഭവത്തില്‍ മിനിറ്റ്‌സ് ബുക്ക് കൊണ്ടുപോയ മെംബര്‍ ക്ഷമ ചോദിച്ച് വിഷയം അവസാനിപ്പിച്ചതായും കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss