|    Jan 23 Mon, 2017 10:11 am
FLASH NEWS

വണ്ടിപ്പെരിയാര്‍ ബാലു വധം: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

Published : 26th August 2016 | Posted By: SMR

കൊച്ചി: പീരുമേട് ഐഎന്‍ടിയുസി നേതാവായിരുന്ന വണ്ടിപ്പെരിയാര്‍ ബാലുവിനെ കൊലപ്പെടുത്തിയ കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കപ്പെട്ട പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ ഒമ്പത് പ്രതികളില്‍ ജീവപര്യന്ത്യം തടവ് ലഭിച്ച മൂന്നു മുതല്‍ ഒമ്പതുവരെയുള്ള ഏഴു പേരെയാണു വെറുതെവിട്ട് ഹൈക്കോടതി ഉത്തരവായത്.
2009 ജൂലൈ 28ന് എറണാകുളം സെഷന്‍സ് കോടതി ശിക്ഷിച്ച സിപിഎം പ്രവര്‍ത്തകരായ സാബു, വിനോദ്, അജിത്ത്, മോഹനന്‍, അജയ്‌ഘോഷ്, ബെന്നി, ബിജു എന്നിവരെയാണ് സിംഗിള്‍ ബെഞ്ച് വെറുതെവിട്ടത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ ഗൗരവതരമായ കുറ്റകൃത്യത്തിനു ശിക്ഷവിധിക്കാന്‍ ഉതകുംവിധമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഉത്തരവ്.
കീഴ്‌ക്കോടതി ശിക്ഷവിധിക്കാനിടയാക്കിയ പ്രോസിക്യൂഷന്‍ രണ്ടാംസാക്ഷിയുടെ മൊഴി വിശ്വസനീയമല്ല. കേസിലെ പ്രധാന സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ ശിക്ഷിക്കുന്നതു നിയമവിരുദ്ധമാണ്. അതിനാല്‍ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുന്നതായും മറ്റ് കേസുകളില്‍ പ്രതികളുടെ കസ്റ്റഡി ആവശ്യമില്ലെങ്കില്‍ ജയില്‍മോചിതരാക്കാനും അപ്പീല്‍ അനുവദിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹരജി പരിഗണിച്ചിരുന്നത്. എന്നാല്‍ ബെഞ്ചുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഹരജി എത്തിയത്.
2004 ഒക്ടോബര്‍ 20നു പട്ടുമല ചുളപ്പെരട്ടില്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെ രാത്രി ഏഴുമണിയോടെ സിപിഎം പ്രവര്‍ത്തകരായ 10 അംഗ സംഘം ബാലുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയായിരുന്നു എം ബാലു (ബാലസുബ്രഹ്മണ്യന്‍)വിനെ സിപി എം വണ്ടിപ്പെരിയാര്‍ ലോക്കല്‍ സെക്രട്ടറി അയ്യപ്പദാസിനെ കൊന്നതിനു പകരമായാണ്  കൊന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. അയ്യപ്പദാസിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതിയായിരുന്നു ബാലു. ചുരകുളം വാര്‍ഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ബാലു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നു സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ചു. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. (ആഗസ്ത് 18ന് ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും ജസ്റ്റിസ് ഒപ്പിട്ട് ഉത്തരവ് പൂര്‍ണരൂപത്തില്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചത് 25 നായതിനാലാണു ദിവസങ്ങള്‍ക്കു ശേഷം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. )

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക