|    Sep 25 Mon, 2017 1:34 pm
FLASH NEWS

വട്ടോളി അപകടം: വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

Published : 14th July 2016 | Posted By: SMR

കക്കട്ടില്‍:  വട്ടോളിയില്‍ കാറിടിച്ച് മരിച്ച കളിക്കൂട്ടുകാരായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വട്ടോളി നാഷനല്‍ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി എ എം അര്‍ജിത്ത്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് മൊകേരിയിലെ വീട്ടുവളപ്പുകളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കക്കട്ടില്‍ കുളങ്ങരത്തെ ഫാസില്‍ എന്ന യുവാവ് ഓടിച്ചിരുന്ന കാര്‍ അമിത വേഗതയില്‍ വന്ന് ഇരുവരെയും തട്ടി വീഴ്ത്തിയത്.   കുറ്റിയാടി താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ 10.45 ഓടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ വട്ടോളി ഹൈസ്‌കൂളിലെത്തിച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി ഒരു നോക്ക് കാണാന്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളടക്കം ആയിരങ്ങളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. കുറ്റിയാടി എംഎ ല്‍എ പാറക്കല്‍ അബ്ദുല്ല, എഡിഎം ടി ജനില്‍ കുമാര്‍, തഹസില്‍ദാര്‍ ഒ എം ജോസഫ്, ഡിവൈഎസ്പി ജൈസണ്‍ കെ അബ്രഹാം തുടങ്ങിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. സ്‌കൂളിന് വേണ്ടി ഹെഡ് മാസ്റ്റര്‍ കെ വി ശശിധരന്‍, പ്രിന്‍സിപ്പല്‍ കെ പി സുരേഷ് എന്നിവര്‍ റീത്തുകള്‍ സമര്‍പ്പിച്ചു. കുട്ടികളുടെ വിയോഗത്തില്‍ അനുശോചിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. വട്ടോളി, മൊകേരി ടൗണുകളില്‍ ഹര്‍ത്താലാചരിച്ചു. മൊകേരിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ സത്യന്‍ മൊകേരി, പാറക്കല്‍ അബ്ദുല്ല, മുന്‍ എംഎല്‍എ കെ കെ ലതിക, വി എം ചന്ദ്രന്‍, സി എന്‍ ബാലകൃഷ്ണന്‍, രാധിക ചിറയില്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക