|    Apr 25 Wed, 2018 2:53 am
FLASH NEWS

വട്ടപ്പാറ: ജീവനുകള്‍ പൊലിയുമ്പോഴും കണ്ണ് തുറക്കാതെ അധികൃതര്‍;കഞ്ഞിപ്പുരമൂടാല്‍ ബൈപ്പാസ് നോക്കു കുത്തിയായിട്ട് വര്‍ഷങ്ങള്‍

Published : 8th March 2018 | Posted By: mi.ptk

ശഫീഖ് ആയപ്പള്ളി
പുത്തനത്താണി: വട്ടപ്പാറയിലെ മരണം മണക്കുന്ന അപകട വളവില്‍ ജീവനുകള്‍ പൊലിയുമ്പോഴും കണ്ണ് തുറക്കാത്ത അധികൃതര്‍. നാള്‍ക്കുനാള്‍  അപകടങ്ങള്‍ തുടര്‍ക്കഥയായി നിരവധി ജീവനുകള്‍  നഷ്ട്ടമായിട്ടും,എത്രയോ പേര്‍  പരിക്കുകളോടെ  ജീവിക്കുമ്പോഴും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതം പേറാന്‍ മാത്രമാണ് ഇനിയും വിധി.ഏറ്റവുമൊടുവില്‍ കണ്ടയ്‌നര്‍ ലോറി ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് 3 ജീവനുകള്‍  പൊലിഞ്ഞത് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ്.
ജില്ലയിലെ തന്നെ പ്രധാന അപകട മേഖലയായ വട്ടപ്പാറയിലെ വാഹന അപകടങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശാശ്വത നടപടികളൊന്നുമെടുക്കാത്ത  അധികൃതരുടെ നിസ്സംഗതക്കെതിരെ  ജനരോഷം  ശക്തമായിരിക്കുകയാണ്.

വട്ടപ്പാറയിലെ അപകടങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാവുന്ന കഞ്ഞിപ്പുരമൂടാല്‍ ബൈപ്പാസ് പൂര്‍ത്തിയാക്കാതെ തകര്‍ന്ന് നോക്കു കുത്തിയായിട്ട് വര്‍ഷങ്ങളായി. അപകട വളവുകളിലൂടെയുള്ള  യാത്ര ഒഴിവാക്കി സുരക്ഷിത  യാത്രയൊരുക്കാന്‍  നിര്‍ദ്ദിഷ്ട ബൈപ്പാസിന് കഴിയുമെന്നറിഞ്ഞിട്ട്‌പോലും  രാഷ്ട്രീയം കളിച്ച് ബൈപ്പാസിന്റെ കാര്യത്തില്‍ കണ്ണടച്ചിരിക്കുകയാണ് രാഷ്ട്രീയക്കാരും അധികൃതരും.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ  കാലത്താണ് കഞ്ഞിപ്പുരമൂടാല്‍ ബൈപ്പാസ് നിര്‍മ്മാണം തുടങ്ങുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കിലും പ്രവര്‍ത്തിയുടെ ഉല്‍ഘാടനം അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്   തന്നെ നടത്തി. ബൈപ്പാസിന്റെ ഇരു സൈഡുകളിലും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടാന്‍ വേണ്ടി നിലവിലെ റോഡ് മാന്തിപ്പൊളിക്കുക മാത്രമാണ് അന്ന് നടന്നത്.
പൊട്ടി പൊളിഞ്ഞ റോഡ് റീ ടാറിംഗ് നടത്താന്‍ വരെ അന്ന് അധികൃതര്‍ക്കായില്ല.
തുടര്‍ന്ന് വന്ന  ഇടതു സര്‍ക്കാര്‍ ബൈപ്പാസിനോട് അയിത്തം കല്‍പ്പിക്കുന്ന  കാഴ്ച്ചയാണ് പിന്നീട് കണ്ടത്. സര്‍ക്കാരിന്റെ  ബജറ്റുകളിലൊന്നും ബൈപാസിന്റെ നവീകരണത്തിനുള്ള നടപടികള്‍ കൈ കൊണ്ടില്ലന്ന ആരോപണ പ്രത്യാരോപണവുമായി ഇരു കൂട്ടരും രംഗത്ത് വന്നു എന്നല്ലാതെ ശാശ്വത പരിഹാരം  ഇതുവരെയും ഉണ്ടായിട്ടില്ല. ആദ്യമൊക്കെ ബൈപ്പാസ്  വഴി വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും റോഡ് പാടെ തകര്‍ന്നതോടെ ഓട്ടം നിലക്കുകയായിരുന്നു.
നിലവിലുള്ള റോഡ് റീ ടാറിങ്ങെങ്കിലും നടത്തിയാല്‍ വട്ടപ്പാറ ഒഴിവാക്കി ഇതിലൂടെ പോകാന്‍ പറ്റുമെന്ന നാട്ടുകാരുടെയും  യാത്രക്കാരുടെയും നിരന്തര ആവശ്യവും അധികൃതര്‍ കാണാത്തമട്ടാണ്.
വട്ടപ്പാറ വളവില്‍ ഒരു മാസം മുമ്പ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഇന്ധനം ലീക്കായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്  അന്ന് പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേരുകയും വട്ടപ്പാറയില്‍  അപകടം
കുറക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കയും ചെയ്തിരുന്നു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും കര്‍മ്മ പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങിയെന്നല്ലാതെ ഒന്നും നടപ്പാക്കാനായിട്ടില്ല.
വട്ടപ്പാറ എന്ന മരണം മണക്കുന്ന വളവില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ കണ്ണ് തുറന്ന് അപകടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതികളുമായി  അധികാരികള്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss