|    Feb 20 Mon, 2017 5:09 pm
FLASH NEWS

വട്ടപ്പച്ചയില്‍ പഴയ കുന്നുമ്മേല്‍ പഞ്ചായത്ത് ഭരണസമിതി കുന്നിടിക്കല്‍ തടഞ്ഞു

Published : 28th October 2016 | Posted By: SMR

കിളിമാനൂര്‍: കിളിമാനൂര്‍ പരിധിയില്‍ കുന്നിടിക്കല്‍ തുടര്‍ക്കഥയാവുന്നു. പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമല ചാറയം റോഡിലെ വട്ടപ്പച്ചയിലാണ് ഇക്കുറി ജിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പാസുമായി മണ്ണുമാഫിയ കുന്നിടിക്കല്‍ തുടങ്ങിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പഴയ കുന്നുമ്മേല്‍ പഞ്ചായത്ത് ഭരണസമിതി സ്ഥലത്തെത്തി കുന്നിടിക്കല്‍ തടഞ്ഞു. ജൂണ്‍ മാസത്തില്‍ പെരുംകുളം ഷിറാസ് മന്‍സിലില്‍ ജസ്‌നയുടെ പേരില്‍ വട്ടപച്ചയിലുള്ള പുരയിടത്തില്‍ വീടുവയ്ക്കുന്നതിനായി പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ പെര്‍മിറ്റില്‍ മണ്ണു മാറ്റുന്ന കാര്യം മറച്ചുവച്ചിരുന്നത്രെ. തുടര്‍ന്ന് ഈ പെര്‍മിറ്റ് ഉപയോഗിച്ച് ജില്ലാ ജിയോളജിസ്റ്റില്‍ നിന്ന് 4400 മെട്രിക് ടണ്‍ മണ്ണ് കുന്നിടിച്ച് നിരത്തി കൊണ്ടുപോവാനായി 275 പാസുകള്‍ കരസ്ഥമാക്കി. അടുത്തമാസം ഒമ്പതു വരെ കാലാവധിയുള്ള ഈ പാസുകളുപയോഗിച്ചാണ് ഭൂമാഫിയ ഇവിടത്തെ മണ്ണു കടത്താന്‍ ശ്രമിച്ചത്. ഭൂവുടമയ്ക്ക് മണ്ണു മാറ്റി പുരയിടം നിരപ്പാക്കുന്നതിനൊപ്പം ഭൂമാഫിയക്ക് ലോഡിന്റെ പുറത്ത് വന്‍ തുക ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കൊല്ലത്തു ദേശീയപാതാ നിര്‍മാണത്തിനെന്ന പേരിലാണ് ഇവിടെ നിന്നു മണ്ണു കടത്തുന്നത്. വേനല്‍ക്കാലമായാല്‍ ഒരിറ്റ് കുടിനീരിനായി നെട്ടോട്ടമോടുന്ന ഈ പ്രദേശത്ത് അനധികൃതമായി മണ്ണ് ഇടിച്ചുമാറ്റിയാല്‍ വന്‍ വരള്‍ച്ചയുണ്ടാവുമെന്നു നാട്ടുകാര്‍ ഭയക്കുന്നു. തുടര്‍ന്നാണു നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു, വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ഷിബു, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണു കുന്നിടിക്കല്‍ തടഞ്ഞത്. ജസ്‌നയ്ക്ക് സ്‌റ്റോപ് മെമ്മോ നല്‍കിയ പഞ്ചായത്ത് അധികൃതര്‍ പരാതി കലക്ടര്‍ക്ക് കൈമാറി. ജില്ലാ കലക്ടറുടെ തീരുമാനത്തിന് അനുസരിച്ചേ മറ്റ് നടപടികളിലേക്ക് പഞ്ചായത്ത് കടക്കൂവെന്ന് പ്രസിഡന്റ് അറിയിച്ചു.  വസ്തു ഉടമകളെക്കൊണ്ട് കെട്ടിടനിര്‍മാണ പെര്‍മിറ്റ് എടുപ്പിച്ച ശേഷം ഈ പെര്‍മിറ്റുമായി ജിയോളജി ഡിപാര്‍ട്ട്‌മെന്റിലെത്തി ബന്ധപ്പെട്ടവര്‍ക്ക് നിശ്ചിത തുക കൈക്കൂലി നല്‍കി ഇത്തരത്തില്‍ നൂറുകണക്കിന് ഉത്തരവുകളാണ് ഭൂമാഫിയ സംഘടിപ്പിച്ചതായി അറിയുന്നു. ഇത്തരത്തില്‍ മൂന്ന് പെര്‍മിറ്റുകള്‍ ഉപയോഗിച്ച് നഗരൂര്‍ പഞ്ചായത്തിലെ പെരുമാമല കുന്ന് ഇടിച്ച് നിരപ്പാക്കാനുള്ള മണ്ണ് മാഫിയയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. പെര്‍മിറ്റിന്റെ മറവില്‍ പ്രദേശം പോലും സന്ദര്‍ശിക്കാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ, മണ്ണിടിക്കാന്‍ അനുമതി നല്‍കുന്ന ജിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ നടപടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക