|    Feb 23 Thu, 2017 7:57 am
FLASH NEWS

വട്ടംകറക്കി മാലിന്യ ലോറി; പ്രതിഷേധം വ്യാപകം

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: ഏതാനും ദിവസങ്ങളായി ജില്ലയില്‍ ചുറ്റിക്കറങ്ങുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ മാലിന്യ ലോറി പൊതുജനത്തെയും അധികൃതരെയും വട്ടംകറക്കുന്നു. ഏറ്റവുമൊടുവില്‍ മാലിന്യ ലോറി ഇന്നലെ കല്‍പ്പറ്റയില്‍ വലിയ ക്രമസമാധാന പ്രശ്‌നമായി. ദേശീയപാത നാലു മണിക്കൂര്‍ നാട്ടുകാര്‍ ഉപരോധിച്ചു. അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടും മാലിന്യ ലോറി എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന ലോറിയുടെ അടുത്തേക്ക് പോവാന്‍ പോലും അധികൃതര്‍ക്കു കഴിയുന്നില്ല. മാലിന്യം എവിടെയും സംസ്‌കരിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല. ലോറി പോവുന്ന വഴിയേ രൂക്ഷമായ ദുര്‍ഗന്ധമുള്ളതിനാല്‍ നാട്ടുകാര്‍ തടയുന്നതു കാരണം ഇതു വയനാട്ടില്‍ പെട്ടുപോയ അവസ്ഥയായി. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ് മാലിന്യ ലോറി. ചുരം കയറി ഞായറാഴ്ചയെത്തിയ ലോറിയാണ് നാട്ടുകാര്‍ക്ക് ദുരിതമായത്. തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് കടന്നുപോവാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. ലോറി അവിടെ നിന്നു തിരിച്ച് പനമരത്തെത്തിയപ്പോള്‍ അവിടെയും നാട്ടുകാര്‍ തടഞ്ഞു. കൈയാങ്കളിയാവുമെന്നായപ്പോള്‍ ഡ്രൈവറും ക്ലീനറും മുങ്ങി. ഒടുവില്‍ ഒരു രാത്രി മുഴുവന്‍ പനമരം വലിയ പാലത്തിനു സമീപം ലോറി കിടന്നു. രൂക്ഷമായ ദുര്‍ഗന്ധം സഹിച്ച് പനമരം പോലിസ് മാലിന്യ ലോറിക്ക് കാവലുമിരുന്നു. പുലര്‍ച്ചെ ആളൊഴിഞ്ഞപ്പോള്‍ പോലിസ് പിഴ ഈടാക്കിയ ശേഷം മാലിന്യ ലോറി പനമരം സ്‌റ്റേഷന്‍ പരിധി കടത്തിവിട്ടു. ഈ ലോറിയാണ് ഇന്നലെ രാവിലെ പച്ചിലക്കാട് പ്രത്യക്ഷപ്പെട്ടത്. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ നാട്ടുകാര്‍ ലോറി തടഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് കല്‍പ്പറ്റ വെള്ളാരംകുന്നിലെ പഴയ മാലിന്യ നിക്ഷേപകേന്ദ്രത്തിലേക്ക് ലോറി എത്തിക്കാന്‍ നിര്‍ദേശിച്ചു. പോലിസ് കാവലില്‍ ലോറി വെള്ളാരംകുന്നിലെത്തിയപ്പോള്‍ കല്‍പ്പറ്റ ഗവ. കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ഇടഞ്ഞു. വിദ്യാര്‍ഥികളും നാട്ടുകാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ നാലു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. പോലിസ് ചര്‍ച്ച നടത്തിയെങ്കിലും വെള്ളാരംകുന്നില്‍ മാലിന്യം തട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ലോറി വെള്ളാരംകുന്നില്‍ സൂക്ഷിച്ചശേഷം ഇന്നു തീരുമാനമെടുക്കാമെന്ന ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതര ജില്ലകളിലെ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ലോറിയിലുള്ളതെന്നു സംശയിക്കുന്നു. ഇത് ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ തട്ടാനാണ് ലോറിയില്‍ കൊണ്ടുവന്നത്. മുമ്പും ഇതുപോലുള്ള മാലിന്യ വാഹനങ്ങള്‍ ജില്ലയിലെത്തിയിരുന്നു. ജനവാസകേന്ദ്രങ്ങളിലും കുടിവെള്ള സ്രോതസ്സുകള്‍ക്കരികിലും മാലിന്യം നിക്ഷേപിച്ച സംഭവങ്ങളുമുണ്ട്. ഇതിനിടെ, അധികൃതരുടെ ഒത്താശയോടെയാണ് മാലിന്യ ലോറികള്‍ ജില്ലയിലെത്തുന്നതെന്നു വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെക്‌പോസ്റ്റുകളില്‍ വന്‍തുക കൈക്കൂലി വാങ്ങിയശേഷമാണ് മാലിന്യ വാഹനങ്ങള്‍ കടത്തിവിടുന്നത്. മാലിന്യം കയറ്റി പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പോവുന്ന വാഹനങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കുന്നുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക