|    Mar 25 Sat, 2017 11:06 pm
FLASH NEWS

വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യ പ്രശ്‌നം: സബ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം

Published : 18th October 2016 | Posted By: Abbasali tf

കോട്ടയം:  ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നഗരസഭയ്ക്ക് ഏല്‍ക്കേണ്ടി വന്ന വടവാതൂര്‍ മാലിന്യപ്രശ്‌നത്തില്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന കോട്ടയം നഗരസഭയുടെ കൗണ്‍സിലിന്റെ പ്രധാന അജണ്ട വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യ പ്രശ്‌നമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗണ്‍സിലര്‍ ഗോപകുമാറാണ് സബ് കമ്മിറ്റി ആശയം മുമ്പോട്ടുവച്ചത്. ഇത് കൗണ്‍സില്‍ അംഗീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അറിയിച്ചു. ഉടന്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തി തീരുമാനം കൈക്കൊള്ളുമെന്ന് ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലില്‍ പറഞ്ഞു. കൂടാതെ, നിലവില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് ഓഫര്‍ നല്‍കിയ മൂന്നു പേരെയും വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനമായി. ഇവരുടെ യോഗത്തില്‍ നഗരസഭയുടെ ഡിമാന്‍ഡ് വ്യക്തമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അംഗങ്ങളെ അറിയിച്ചു. വിവിധ കൗണ്‍സിലുകളില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടാക്കിയ വിഷയം ഇന്നലെയും നഗരസഭയുടെ പരിഗണയ്ക്ക് വരികയായിരുന്നു. മാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞ ജൂലൈയില്‍ ലഭിച്ച മൂന്ന് ഓഫറുകള്‍ പരിഗണിക്കുന്നതിനു നിയമോപദേശം നേടി കൗ ണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കാ ന്‍  നേരത്തെ ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ലഭിച്ച നിയമോപദേശം ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ നിയമോപദേശത്തില്‍ വ്യക്തതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. ഷീജ അനിലാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. നേരത്തെ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ ഉണ്ടാക്കിയ രാംകി കമ്പനിക്കെതിരേ ഇന്നലെയും ശക്തമായ പ്രതിഷേധം ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു. മാനിന്യ നീക്കത്തിന്റെ പേരില്‍ നഗരസഭയ്ക്കു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ രാംകി കമ്പനിക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. നിലവിലുള്ള കേസില്‍ കക്ഷിയായ രാംകി കമ്പനി ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കു വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു നഗരസഭയ്ക്കു ലഭിച്ച നിയമോപദേശം. എന്നാല്‍ ഇക്കാര്യത്തില്‍ കൗണ്‍സിലില്‍ പ്രതിഷേധം ഉയര്‍ന്നു. നഷ്ടമായ തുക രാംകി കമ്പനിയില്‍ നിന്ന് ഈടാക്കി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുമ്പോട്ടു വച്ചത്. ഭരണപക്ഷം ഇതിനെ പിന്താങ്ങി. നാളിതുവരെ വടവാതൂര്‍ പ്രശ്‌നം ആരംഭിക്കുന്നതും അവസാനിക്കുന്നതും രാംകി കമ്പനിയില്‍ തന്നെയാണെന്നും ഇതുവരെ മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ ഉന്നയിച്ചു. അതേ സമയം കമ്പനിയുമായുള്ള കരാറിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരായിരുന്നു കൗണ്‍സിലിലെ പുതുമുഖങ്ങള്‍. രാംകി കമ്പനിക്കെതിരായ ആക്ഷേപത്തില്‍ ഭരണ-പ്രതിപക്ഷം ശക്തമായ എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചത്. അതേ സമയം ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്താത്തത് ഭരണ-പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി. മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാവാത്തത് ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥയെയാണ്ു സൂചിപ്പിക്കുന്നതെന്നു എം പി സന്തോഷ് കുമാര്‍ ഉന്നയിച്ചു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക