|    Dec 12 Wed, 2018 8:40 am
FLASH NEWS

വടയമ്പാടി: വിള്ളല്‍ വീഴുന്ന ജാതി മതിലുകള്‍

Published : 22nd February 2018 | Posted By: G.A.G

 വിളയോടി ശിവന്‍കുട്ടി
കേരളം വടയമ്പാടിയിലേക്ക് വഴിചോദിക്കുമ്പോഴാണ് ശത്രു മൂലയിലിരിക്കുന്ന കല്ലെടുത്ത് സ്വന്തം കാലിലിടുന്നത്. ഭജനമഠം കോളനിയും ചൂണ്ടിയും ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. 30 കൊല്ലം മുമ്പുതന്നെ ഈ ഭൂമിക്കു വേണ്ടി എന്‍.എസ്.എസ് കരുനീക്കം നടത്തിയിരുന്നു. ഇതിനെ വെറും 30 ദിവസം കൊണ്ട് കണക്ക് തീര്‍ത്ത ചരിത്രമുണ്ട് വടയമ്പാടിക്ക്. ഇപ്പോള്‍ എന്‍.എസ്.എസും ആര്‍.എസ്.എസും ചേര്‍ന്നു സംയുക്തമായി നടത്തിയ ‘കാസ്റ്റ് ഓപറേഷനെ’ ദലിത് ഭൂ അവകാശ സമരമുന്നണിയുടെ നേതൃത്വത്തില്‍ സമരസമിതിയും സമരസഹായ സമിതിയും ചേര്‍ന്നു പ്രതിരോധിച്ചതാണ് അധികാരികളുടെ ഉറക്കം കെടുത്തിയതും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിതെറ്റിയതും.


സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പഴയ ചാക്കാണെന്നു സ്വന്തം അനുഭവം കൊണ്ട് ഭജനമഠം കോളനിയിലെ ഓരോ ദലിതനും വിളിച്ചുപറയുന്നുണ്ട്. ‘കുണ്ടില്‍ വീണാല്‍ ബുദ്ധി തെളിയുമെന്നതുകൊണ്ട്’ ഹിന്ദുത്വസ്വാഭിമാനത്തിനു സംഘി ഗുണ്ടകള്‍ക്ക് പാതയൊരുക്കിയ പോലിസിന്റെ റോഡ്‌ഷോയ്ക്ക് സി.പി.എമ്മിന്റെ ചുവപ്പ് പരവതാനിയാണ് ഒരുക്കിക്കൊടുത്തത്. 28 വര്‍ഷം മുമ്പ് പൊതുസ്ഥലമായി കിടന്ന സ്ഥലത്തിനു മുകളിലൂടെ കടന്നുപോയ ഇലക്ട്രിക് ലൈന്‍ മാറ്റിസ്ഥാപിച്ചുകൊണ്ടാണ് എന്‍.എസ്.എസ് തുടക്കം കുറിച്ചത്. ഇതു കൈയേറ്റത്തിന്റെ ആദ്യപടിയാണ്. അതിര്‍ത്തി തിട്ടപ്പെടുത്തി രണ്ടടി ഉയരത്തില്‍ കൂട്ടി മതിലും കെട്ടിപ്പൊക്കി. അന്നത്തെ കെ.പി.എം.എസ് നേതാവായിരുന്ന പുലയകുറുമ്പന്റെ നേതൃത്വത്തില്‍ അതു പൊളിച്ചുമാറ്റി. കെ.പി.എം.എസിന്റെ ഓഫിസിന് ആ കല്ല് തന്നെ ഉപയോഗപ്പെടുത്തിയതാണ് വടയമ്പാടിയിലെ ആദ്യത്തെ സമരം.
ഒരേക്കര്‍ പതിനേഴ് സെന്റ് സ്ഥലമാണ് വിവാദഭൂമിയായി മാറിയത്. ഭജനമഠത്തിനു തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന റോഡിലൂടെയുള്ള ദലിതരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുക എന്നതാണ് എന്‍.എസ്.എസിന്റെ തിട്ടൂരം. കുടിവെള്ളം ശേഖരിക്കുന്നതും ലക്ഷംവീടുകളിലേക്ക് വഴിനടക്കുന്നതും സെറ്റില്‍മെന്റ് കോളനിയിലേക്ക് കടന്നുപോവുന്നതും ഒരു മതിലുകൊണ്ട് തടയാമെന്നതാണ് ഈ വിവരദോഷികളുടെ പുലയപ്പേടി. കുട്ടികള്‍ ഓടിക്കളിച്ചും സ്‌കൂളില്‍ പോയും നൊമ്പരങ്ങള്‍ പറഞ്ഞും കല്യാണം, അടിയന്തരച്ചടങ്ങളുകള്‍ക്ക് പന്തലിട്ടും കോളനിക്കാരുടെ പൊതുഇടം വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദ്രന്‍ കര്‍ത്താവിന്റെ കുടുംബത്തില്‍പ്പെട്ട ഇരവിരാമന്‍ കര്‍ത്താവിന്റെ ഇഷ്ടപ്രകാരം ദാനം കൊടുത്ത സ്ഥലമാണ് ഇന്നു സവര്‍ണതമ്പ്രാക്കന്മാര്‍ തര്‍ക്കഭൂമിയായി മാറ്റിയിരിക്കുന്നത്. അന്ന് ചന്ദ്രന്‍ കര്‍ത്താവിന്റെ വീട്ടിലേക്ക് വഴിയുണ്ടായിരുന്നില്ല. എന്‍.എസ്.എസിന്റെ ചെലവില്‍ ഈ സ്ഥലത്തുകൂടിയാണ് പത്തടി വീതിയില്‍ വഴിതീര്‍ത്തത്. പിന്നീട് അവര്‍ തന്നെ ആ വഴി മൂട്ടിച്ചു. ഈ സ്ഥലത്തിന്റെ കരം രശീതി ഇന്നും ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ എടക്കാട് ഇരവിരാമന്‍ കര്‍ത്താവിന്റെ പേരിലാണെന്നതാണ് സത്യം. അപ്പോള്‍ എന്‍.എസ്.എസിന്റെ ഭൂഅവകാശവാദം അസത്യവും പൊള്ളയാണെന്നതുമാണ് ദൃഷ്ടാന്തം.
എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാറിന്റെ വാദം സെന്റ് ഒന്നിന് 40 രൂപ വീതം അടച്ചുതീര്‍ത്താണ് പട്ടയം കിട്ടിയതെന്നാണ്. ഇവിടെയാണ് താല്‍ക്കാലിക മതിലെന്ന വ്യാജേന എന്‍.എസ്.എസ് കരുക്കള്‍ നീക്കിയത്. ഫൗണ്ടേഷന്‍ ഒരു മീറ്റര്‍ വീതിയിലും 120 സെന്റിമീറ്റര്‍ പൊക്കത്തിലും മതില്‍ കെട്ടുന്നതിനെയാണ് താല്‍ക്കാലികം എന്നുപറയുന്നത്. എന്നാല്‍, ഇതിന്റെ മറവിലാണ് ഒരു ഭീമന്‍ മതില്‍ തീര്‍ത്തത്. ഇതാണ് കോളനിവാസികളെ ഒന്നടങ്കം സമരപാതയിലേക്കും ജാതിമതില്‍ തകര്‍ക്കുന്നതിനും അവരെ ചിന്തിപ്പിച്ചത്.
38 മീറ്റര്‍ നീളത്തില്‍ തെക്ക്-വടക്ക് 12 മീറ്റര്‍ കിഴക്കു-പടിഞ്ഞാറും അസ്തിവാരത്തിനു കുഴിയെടുത്തപ്പോള്‍, ആ കുഴിയില്‍ കിടന്നാണ് ദലിത് മക്കള്‍ സമരം ചെയ്തത്. 36 ദിവസം ആ സമരം തുടര്‍ന്നു. 37ാം ദിവസം പോലിസ് ബലംപ്രയോഗിച്ചു സമരക്കാരെ പിടിച്ചു കൊണ്ടുപോയി സ്‌റ്റേഷനിലടച്ചു. ഈ അവസരം മുതലെടുത്ത് എന്‍.എസ്.എസിന്റെ കരപ്രമാണിമാരും ആര്‍.എസ്.എസിന്റെ വൈതാളികരും ചേര്‍ന്നു തര്‍ക്കഭൂമിയില്‍ മതില്‍ തീര്‍ത്ത് കൊണ്ടുനടത്തിയത് വരേണ്യവര്‍ഗത്തിന്റെ ദലിതരോടുള്ള അയിത്തപ്രഖ്യാപനമായിരുന്നു. ദലിതര്‍ വഴിനടന്നാല്‍ കാലടികളിലും അവന്റെ തുപ്പലിലും സവര്‍ണര്‍ അയിത്തപ്പെടുമെന്നതുകൊണ്ട് അതു മായ്ക്കാന്‍ ദലിതന്റെ ഇടുപ്പിനുപിന്നില്‍ ചൂലുകെട്ടിയും കഴുത്തില്‍ കുടുക്കകെട്ടിയും നടക്കാന്‍ വിധിക്കപ്പെട്ട ഒരു കാലത്തിന്റെ പുനരാവിഷ്‌കാരമാണ് വടയമ്പാടിക്കോളനിയിലെ ജാതിമതിലിന്റെ ലളിതമായ രാഷ്ട്രീയം. ആര്‍.ഡി.ഒ രാമചന്ദ്രന്‍ നായരുടെ താല്‍ക്കാലിക മതില്‍ നിര്‍മാണ ഉത്തരവ് കൗടില്യതന്ത്രമായിരുന്നുവെന്ന് എന്‍.എസ്.എസിന്റെ നീക്കത്തോടെ മറനീക്കി പുറത്തുവന്നു.
ചൂണ്ടയിലെ പോലിസ് എസ്.ഐ, പുത്തന്‍ കുരിശ് സി.ഐ, ചോറ്റാനിക്കര എസ്.ഐ സംയുക്തമായി എന്‍.എസ്.എസിന്റെ കാവല്‍നായ്ക്കളെ പോലെയാണ് സമരക്കാര്‍ക്കുനേരെ അരിശം തീര്‍ത്തത്. സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ക്രൂരമായി മര്‍ദ്ദിച്ചു. സ്ഥലം എം.എല്‍.എ വി.പി സചീന്ദ്രന് ഇവിടെ മതില്‍ കെട്ടുന്നതിലല്ല ഉല്‍ക്കണ്ഠ, മതിലിന്റെ ഉയരം കൂടിയതിലാണ്. രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്റെ കുടുംബത്തില്‍പ്പെട്ടയാളാണ് സ്ഥലം എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതിക്കാരനാണ്. എന്നിട്ടും ഇവരുടേയെല്ലാം ചോറും കൂറും സവര്‍ണമാടമ്പിമാരോടൊപ്പമായിരുന്നു എന്നത് അതിശയിപ്പിക്കുന്നു. എന്‍.എസ്.എസിന്റെ താലപ്പൊലി ഉല്‍സവത്തെ മറയാക്കി കാവിപ്പടയുടെ തിരക്കഥയാണ് എ.ഡി.എമ്മിന്റെ ഉത്തരവുപ്രകാരം 500ഓളം പോലിസുകാരും ആംബുലന്‍സും ഫയര്‍ഫോഴ്‌സും വാനിലും ജീപ്പിലും എത്തിച്ചേര്‍ന്നത്. ജനുവരി 21ാം തിയ്യതി ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവിടെ പോലിസ് കേന്ദ്രീകരിച്ചത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റി. ബോര്‍ഡുകളും ഫ്‌ളക്‌സുകളും നശിപ്പിച്ചു. സമരപ്പന്തലില്‍ ഉറങ്ങിക്കിടന്ന ഏഴുപേരെയും വണ്ടിയിലേക്ക് എടുത്തെറിഞ്ഞു. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ മാവോവാദി ബന്ധമാരോപിച്ചു പിടിച്ചുകൊണ്ടുപോയി.
ഇരുട്ടിന്റെ മറവില്‍ അമ്പലത്തിന്റെ കമാന ബോര്‍ഡും നടവഴിയും സ്ഥാപിച്ചു എന്നതാണ് കേരളാ പോലിസിന്റെ സംഘപരിവേഷം. ഇതിനെതിരേയാണ് ദലിതരുടെ ആത്മാഭിമാന കണ്‍വന്‍ഷന്‍ സമരസമിതി ഫെബ്രുവരി 4ന് നടത്താന്‍ തീരുമാനിച്ചത്. ഇതിനെയാണ് ഹിന്ദു ഐക്യവേദിയുടെ നായര്‍ ഗുണ്ടകളും പോലിസും ചേര്‍ന്നു കലക്കാന്‍ നോക്കിയത്. ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദലിത് ആക്റ്റിവിസ്റ്റുകളെയും മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത രീതി കാലത്തോട് മറ്റൊന്നാണ് പറയാനിരിക്കുന്നത്.


കേരളം ഒന്നടങ്കം ചോദിക്കുന്നു. ഈ സ്ഥലം എന്‍.എസ്.എസിന്റേതാണെങ്കില്‍ കരം രശീതി ആരുടെ പേര്‍ക്ക്? 91 സെന്റിന് 1981ലാണ് പട്ടയം ലഭിച്ചതെന്ന എന്‍.എസ്.എസിന്റെ അവകാശവാദത്തിന് എന്ത് തെളിവാണുള്ളത്? വടയമ്പാടി കോളനിക്കാരുടെ ജീവിതത്തിന്റെ തുടിപ്പാണ് ഈ പൊതുസ്ഥലം. 2017ല്‍ ആരംഭിച്ച സമരം 2018 ജനുവരി 22ന് ഒരു വര്‍ഷം തികയാനിരിക്കുമ്പോഴാണ് ജനുവരി 21നു തന്നെ എ.ഡി.എം, ഡിവൈ.എസ്.പി, ആര്‍.ഡി.ഒ, എസ്.ഐ, സി.ഐ ഗുംബലുകള്‍ സവര്‍ണബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തില്‍ ആണയിട്ട് നടത്തിയ സംഘികളുടെ പൊറാട്ടുനാടകത്തില്‍ വേഷം കെട്ടിയാടിയത്.
ഇന്നത്തെ എന്‍.എസ്.എസിന്റെ പല ആഢ്യന്മാരും പുലയകുടിയിലിരുന്ന് വാട്ടക്കപ്പയും കടലക്കറിയും കഴിച്ചത് പോയകാലത്തിന്റെ ഓര്‍മകളെ തിരസ്‌കരിക്കാനാവാതെ കോളനിക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ട്. ഈ ലേഖകനോട് അതു പങ്കുവയ്ക്കാന്‍ അവര്‍ മറന്നില്ല. വടയമ്പാടി ഹരിജന്‍ കോളനി 1967ല്‍ ഇ.എം.എസിന്റെ ഭരണകാലത്ത് രൂപീകൃതമായതാണ്. ഭൂരഹിതരായ ഇവര്‍ ഇന്നും ഇവിടെ കിടന്നു ശ്വാസംമുട്ടുന്നു. ലക്ഷംവീട് നിര്‍മാണത്തിനു കല്ലും മണ്ണും കൊണ്ടുപോവാന്‍ അനുവദിക്കാതെ നായര്‍ പ്രമാണിമാര്‍ എടക്കാട്ടിലും മനയ്ക്കത്തൊടിയിലും കപ്പനട്ടു വഴിമുടക്കിയ കാലം അന്ന്. ഇതിനെതിരേ സി.പി.ഐ നേതാവായിരുന്ന പുലയക്കുഞ്ഞ് ആ കപ്പച്ചെടി പിഴുതെറിഞ്ഞിട്ടാണ് വണ്ടിയുമായി കടന്നുപോയത്. പുലയക്കുഞ്ഞിനെ ഇതിന്റെ പേരില്‍ നായര്‍ ഗുണ്ടകള്‍ തല്ലിച്ചതച്ച ചരിത്രമുണ്ട് വടയമ്പാടിക്ക്. ഇപ്പോഴും പുലയന്‍ വിചാരിച്ചാല്‍ ഇവിടെ എന്തു നടക്കുമെന്ന പുച്ഛത്തോടെയുള്ള നായര്‍ ഹുങ്കിനെയാണ് അവര്‍ണപ്പടയുടെ പൊതുബോധം ചോദ്യം ചെയ്തത്.
വടയമ്പാടി ഭജനമഠം കോളനിയിലെ കാളികൊമ്പുക്കണ്ണന്‍ നിരാഹാരം ആരംഭിച്ചപ്പോള്‍ സമരം ഉദ്ഘാടനം ചെയ്തത് തളര്‍വാതം തളര്‍ത്തിയ മാക്കോതയാണ്. മൂന്നുമാസം മുമ്പ് അവര്‍ മരിച്ചു. ഭജനമഠം ഹരിജന്‍ കോളനി, ലക്ഷംവീട് കോളനി, സെറ്റില്‍മെന്റ് കോളനികളിലായി 200ഓളം കുടുംബങ്ങളാണ് ജീവവായുവിനുപോലും നിര്‍വാഹമില്ലാതെ ജീവിക്കുന്നത്. 20 കൊല്ലം മുമ്പ് കൈനോട്ടക്കാരന്‍ ചെല്ലപ്പന്‍ മരിച്ചപ്പോള്‍ ആകെയുള്ള രണ്ടരസെന്റ് സ്ഥലത്ത് അടുക്കള പൊളിച്ച് അടക്കം ചെയ്തു. അതില്‍ വീണ്ടും അടുക്കള വച്ചുകെട്ടി ഭക്ഷണം പാകം ചെയ്തു കഴിച്ച ഭാര്യയുടെയും മക്കളുടെയും മാനസികാവസ്ഥയെപ്പറ്റി സമരസമിതി കണ്‍വീനര്‍ എ.പി അയ്യപ്പന്‍കുട്ടി മനസ്സു തുറന്നു. രണ്ടു സെന്റുകളിലെ വീടുകളില്‍ ജനിച്ചുവളര്‍ന്ന കുട്ടികളുടെ സര്‍ഗാത്മകതയുടെ ബാക്കിപത്രം നമുക്ക് ഊഹിക്കാവുന്നതാണ്. ഇവരുടെ ദുരിതവും മുഖവും ശക്തിയാക്കി മാറ്റുകയാണ്. ഭജനമഠത്തെ ഭൂമി പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താനും വ്യാജ പട്ടയം റദ്ദ് ചെയ്യാനും ഉത്തരവിറക്കണമെന്ന ഡിമാന്റില്‍ ഉറച്ചാണ് സമരക്കാര്‍.
അറിവും കഴിവും അക്ഷരാഭ്യാസവും വിവരസാങ്കേതികവിദ്യയും ഇംഗ്ലീഷ് ജ്ഞാനവും ഇല്ലാത്ത കോളനിക്കാരുടെ വര്‍ഗദൃഢതയും ഇച്ഛാശക്തിയും കൈമുതലാക്കിയ ഈ നാട്ടുകൂട്ടത്തിന്റെ മുമ്പില്‍ സവര്‍ണ ധാഷ്ട്യത്തെ അടിയറവ് പറയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു ചൂണ്ടിയിലെ സമരപ്രഖ്യാപനം വീണ്ടും ഓര്‍മപ്പെടുത്തിയിരിക്കുന്നു. ദലിതരും മുസ്‌ലിംകളും ആദിവാസികളും അണിനിരന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ റോസയെയും ഫൈസല്‍ ഫൈസുവിനെയും ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ സംഘികളും പോലിസും തെറികൊണ്ട് അധിക്ഷേപിച്ചു.
എസ്.ഡി.പി.ഐ ഹിജഡകളെ, ആണും പെണ്ണും കെട്ടവരെ എന്നു മുദ്രാവാക്യം വിളിച്ചാണ് അവരെ ആക്രമിച്ചത്. എന്നാല്‍, ഇതുകൊണ്ടൊന്നും തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ലെന്നും, ദലിതരും ആദിവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘികളുടെ ഉടായിപ്പിനെതിരേ അധസ്ഥിതരുടെ ആത്മാഭിമാനം കശാപ്പ് ചെയ്യുന്ന സവര്‍ണമാടമ്പിമാരുടെ ബ്രാഹ്മണ്യവാദ ആശയരാഷ്ട്രീയത്തിന്റെ ഉച്ചികുടുമയ്ക്കാണ് ഇനി തീ കൊടുക്കേണ്ടതെന്നു ഭജനമഠവും വടയമ്പാടിയും ചൂണ്ടിയും നല്‍കുന്നത് അപകടത്തിന്റെ സൈറനാണ്; സവര്‍ണ ഫാഷിസ്റ്റുകളുടെ മരണമണിയും.
അതുകൊണ്ട് ഈ കോളനിക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്ന ഈ ഭൂമിയുടെ വീണ്ടെടുപ്പിനുള്ള ആലോചനയിലാണ്. ഈ അവസരത്തിലും സമരമുഖം സമരം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള ഈ പ്രഖ്യാപനം പ്രായോഗികവല്‍ക്കരിക്കാനുള്ള ഊഴത്തിലാണ് ജാമ്യം ലഭിച്ച സമരനേതാവ് വി.കെ ജോയിയും.             ി

ഫോട്ടോ: ഷിയാമി തൊടുപുഴ

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss