|    Jan 23 Mon, 2017 12:15 pm
FLASH NEWS

വടക്കേകാട് ഷമീര്‍ വധക്കേസ്: വിധി ഇന്ന്

Published : 25th August 2016 | Posted By: SMR

വടക്കേകാട്: ഡിവൈഎഫ്—ഐ പ്രവര്‍ത്തകന്‍ വടക്കേകാട് ഷമീര്‍ വധക്കേസില്‍ തൃശൂര്‍ ഒന്നാം അഡീഷനല്‍  സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ വടക്കേകാട് തിരുവളയന്നൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (37),പുന്നയൂര്‍ പറയിരിക്കപറമ്പ് വലിയവളപ്പില്‍ സുരേഷ് (29),വടക്കേകാട് ഉറുകുളങ്ങര ചന്ദ്രന്‍ (39),കല്ലൂര്‍ വട്ടത്തൂര്‍വീട്ടില്‍ ബാബു (37),പാട്ടത്തയില്‍ സുനില്‍ (36),ചക്കംപറമ്പ് കൂളിയാട്ട് സജയന്‍ (30),പാട്ടത്തയില്‍ അഭിലാഷ് (35),പുന്നയൂര്‍ മച്ചിങ്ങല്‍ അനില്‍കുമാര്‍ (39),കല്ലൂര്‍ എടക്കാട് രഞ്ജിത്ത് (32),കൊമ്പത്തയില്‍പടി കൊളങ്ങാട്ടില്‍ വിജയന്‍ (34),പേങ്ങാട്ടുതറ തൈക്കാട്ടില്‍ ശ്രീമോദ് (33),അണ്ടിക്കോട്ട് കടവ് കൊട്ടരപ്പാട്ടില്‍ സുധാകരന്‍ (42) തുടങ്ങിയ 12 പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ രണ്ടാംപ്രതി സുരേഷ് വിചാരണയ്ക്കിടെ മരിച്ചു. 13-ാം  പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ചിരുന്നു. മണികണ്‌ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ ഉല്‍സവപറമ്പില്‍ വച്ചാണ് നന്ത്യാണത്തയില്‍ മൊയ്തീന്റെ മകന്‍ ഷമീറി(21)ന് വെട്ടേറ്റത്. രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ കുളിമുറിയില്‍ ഒളിച്ച ഷമീറിനെ പുറകെ എത്തിയ പ്രതികള്‍ വലിച്ചിറക്കി വീടിനു മുറ്റത്ത് വച്ച് വെട്ടികൊലപ്പെടുത്തി എന്നാണ് കേസ്. 2005 ജനുവരി 18 നു രാത്രി 10.30 നാണ് സംഭവം. വൈകിട്ട് ഉല്‍സവ ആഘോഷത്തിനിടെ ശിങ്കാരിമേളം കൊണ്ടുവരുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് രാത്രി കൊലപാതകത്തിലേക്ക് നയിച്ചത്. ഇവിടെ നേരത്തെ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. 2014 സെപ്തംബര്‍ ഒന്നിനാണ് സാക്ഷി വിസ്താരം തുടങ്ങിയത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 49 സാക്ഷികളെ വിസ്തരിക്കുകയും 126 രേഖ തെളിവുകളും 45 തൊണ്ടിമുതലും ഹാജരാക്കി. ചാവക്കാട് സിഐ ആയിരുന്ന എംപി മോഹനചന്ദ്രനാണ് അന്വേഷണം നടത്തിയത്.
2014 ല്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ പി സുധീര്‍ മുമ്പാകെയാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇതിനിടെ ജഡ്ജി ഒന്നാം അഡീഷനല്‍ സെഷന്‍കോടതിയിലേക്ക് സ്ഥലംമാറി. വിചാരണ നടത്തിയ ജഡ്ജിയുടെ  കോടതിയിലേക്ക്  തന്നെ കേസ് കൈമാറണമെന്ന് അപേക്ഷിച്ച് ഷമീറിന്റെ മാതാവ് കുഞ്ഞുമോള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച് കേസ് ഒന്നാം  അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവാകുകയായിരുന്നു. ഇതിനെതിരേ പ്രതികളില്‍ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കിയ  ജഡ്ജി കെ പി സുധീര്‍ സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് പുതിയ ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് വാദം കേള്‍ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക