|    Jan 21 Sat, 2017 9:57 am
FLASH NEWS

വടക്കിന്റെ വോട്ടിങ് നിലയില്‍ കണ്ണുനട്ട് മുന്നണികള്‍

Published : 17th May 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: ഇരുമുന്നണികള്‍ക്കും ഒരു പോലെ ആത്മവിശ്വാസവും ആശങ്കയും പകര്‍ന്ന് വടക്കന്‍ കേരളത്തില്‍ മികച്ച പോളിങ്. കാസര്‍കോട് 78.34, കണ്ണൂര്‍ 78.49, വയനാട് 78.7, കോഴിക്കോട് 81.07, മലപ്പുറം 75.78, പാലക്കാട് 76.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
2011ലെ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ആകെയുള്ള അറുപത് മണ്ഡലങ്ങളില്‍ 32എണ്ണവും നേടി ഐക്യമുന്നണിക്കായിരുന്നു നേരിയ മേല്‍ക്കൈ. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ മൂന്നും മലപ്പുറത്തെ 16ല്‍ 14ഉം നേടിയ യുഡിഎഫ് കാസര്‍കോട്ട് രണ്ടും കോഴിക്കോട്ട് മൂന്നും കണ്ണൂരും പാലക്കാട്ടും അഞ്ച് വീതവും സീറ്റുകളാണ് നേടിയത്. കാസര്‍കോട് ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മുന്നും കണ്ണൂരിലെ 11ല്‍ ആറും കോഴിക്കോട്ടെ 13ല്‍ 10ഉം പാലക്കാട്ടെ 12ല്‍ ഏഴും മലപ്പുത്ത് രണ്ടും സീറ്റുകള്‍ നേടി തൊട്ടുപിറകിലെത്താന്‍ എല്‍ഡിഎഫിനും കഴിഞ്ഞു. കാസര്‍കോട്ടും വയനാട്ടിലും തല്‍സ്ഥിതി തുടരുമെന്നാണ് പോളിങ് നില സൂചിപ്പിക്കുന്നത്. കോഴിക്കോട്ട് ഇരുമുന്നണികളും സീറ്റ് നഷ്ടവും നേട്ടവും പ്രതീക്ഷിക്കുന്നുണ്ട്. മലപ്പുറത്തും പാലക്കാട്ടും ചെറിയ മാറ്റങ്ങളും കണ്ണൂരില്‍ എല്‍ഡിഎഫ് രണ്ട് സീറ്റുകള്‍ അധികം നേടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ യുഡിഎഫും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫും നിലനിര്‍ത്തിയേക്കും. ബിജെപി ഏറെ പ്രതീക്ഷവച്ചുപുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായ പോളിങ് ശതമാന വര്‍ധന അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ്. കാസര്‍കോട്ടും യുഡിഎഫ് ശുഭപ്രതീക്ഷയിലാണ്. ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന്റെ കരുത്തനായ കെ സുധാകരന് സാധിക്കില്ലെന്നാണ് അവസാന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന് നഷ്ടപ്പെടാന്‍ സാധ്യതയില്ല. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ജില്ലയില്‍ ആകെയുള്ള 9,90,513 വോട്ടര്‍മാരില്‍ 78.34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
കണ്ണൂരില്‍ അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനാവുമെന്ന എല്‍ഡിഎഫ് പ്രതീക്ഷ സാര്‍ഥകമാവുമെന്ന സൂചനയാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങള്‍ ഇടതുമുന്നണി നിലനിര്‍ത്തും. തലശ്ശേരിയിലും മാറ്റമുണ്ടാവാനിടയില്ല. കണ്ണൂരും പേരാവുരും ഇരിക്കൂറും യുഡിഎഫ് നിലനിര്‍ത്താനാണ് സാധ്യത.
പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍തന്നെ കനത്ത പോളിങാണ് വയനാട്ടില്‍ നടന്നത്. യുഡിഎഫ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തി മികച്ച പ്രചാരണമാണ് ഇടതുമുന്നണി കാഴ്ചവച്ചത്. സാധാരണയില്‍നിന്ന് വ്യത്യസ്തമായി നടത്തിയ മികവാര്‍ന്ന പ്രചാരണപ്രവര്‍ത്തനങ്ങളും വാശിയേറിയ മല്‍സരവുമാണ് ഇത്തവണ പോളിങ് ഉയരാന്‍ കാരണമായത്. ജാനുവിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മേഖലയില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ബിജെപി അനുകൂല വോട്ടുകള്‍ പൂര്‍ണമായും പെട്ടിയിലാക്കാന്‍ ആയിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. സിപിഎം ജില്ലാ സെക്രട്ടറി മല്‍സരിച്ച ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയിലെ പോളിങ് ഇരുകൂട്ടര്‍ക്കും പ്രതീക്ഷ നല്‍കുന്നു.
കോഴിക്കാട്ട് 80.55ശതമാനം പേരാണ് വോട്ട് ചെയ്തത്. യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ പ്രതീക്ഷിക്കുന്ന കോഴിക്കോട്ട് സ്ഥിതിഗതികള്‍ പ്രവചനാതീതമാണ്. കഴിഞ്ഞതവണ ജില്ലയില്‍ നിലംതൊടാത്ത കോണ്‍ഗ്രസ്സിന് ഇത്തവണ കൊയിലാണ്ടി കൂടെയുണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ ബേപ്പൂരും കൈപ്പിടിയിലൊതുക്കാനാവും.
കഴിഞ്ഞതവണ യുഡിഎഫിന് ലഭിച്ച മൂന്ന് സീറ്റുകളും നേടിയ ലീഗിന് അവ മൂന്നിലും കടുത്ത പോരാട്ടമാണ് നേരിടേണ്ടിവന്നത്. കൊടുവള്ളിയില്‍ വിമതനും സൗത്തില്‍ ഐഎന്‍എലും വിജയിച്ചാല്‍ പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാവും. ജയിച്ചാല്‍ ലീഗുകാര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ കോലം കത്തിക്കുമെന്ന പ്രചാരണം തിരുവമ്പാടിയില്‍ ഉമര്‍ മാസ്റ്റര്‍ക്ക് തിരിച്ചടിയാവാനിടയുണ്ട്. അങ്ങിനെയെങ്കില്‍ തിരുവമ്പാടിയും കോണിയിട്ട് കയറാനാവാത്തത്ര അകലെത്തിലാവും. മുനീറിന്റെ മണ്ഡലത്തില്‍ പോളിങിലുണ്ടായ നേരിയ കുറവ് തങ്ങള്‍ക്കനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കുറ്റിയാടിയില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ആത്മവിശ്വാസത്തിലാണ് ലീഗ്. ഇത്തവണ പേരാമ്പ്ര എല്‍ഡിഎഫിന് അത്ര എളുപ്പമായിരിക്കില്ലെന്നാണ് പോളിങ്‌നില സൂചിപ്പിക്കുന്നത്. സിപിഎമ്മിനകത്തുതന്നെ ചെറിയ പൊട്ടിത്തെറികളുണ്ടായതായും ഇത് ഐക്യമുന്നണിക്ക് അനുകൂലമാവുമെന്നും റിപോര്‍ട്ടുണ്ട്. വടകരയില്‍ കെ കെ രമ ഇരുമുന്നണികളെയും ഞെട്ടിക്കാനാണ് സാധ്യത. എലത്തൂരില്‍ അവസാന നിമിഷം കിഷന്‍ ചന്ദ് വെല്ലുവിളിയായിട്ടുണ്ടെന്ന സംശയം ഇടതുകേന്ദ്രങ്ങളില്‍തന്നെ പ്രകടമാണ്. ബേപ്പൂരില്‍ വി കെ സി മമ്മദ്‌കോയ പിടിക്കുന്ന വ്യക്തിപരമായ വോട്ടുകളില്‍ എല്‍ഡിഎഫ് പ്രതീക്ഷവയ്ക്കുന്നു. ബാലുശ്ശേരിയും നാദാപുരവും ഇടത് നിലനിര്‍ത്താനാണ് സാധ്യതയെങ്കിലും നോര്‍ത്തിലെയും കുന്ദമംഗലത്തെയും വോട്ടിങ്‌നിലയിലെ വര്‍ധന ഫലം പ്രവചനാതീതമാക്കുന്നു.
മലപ്പുറത്ത് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ പോളിങാണ് രേഖപ്പെടുത്തിയത്. പൊന്നാനിയിലും തവനൂരിലും കടുത്ത മല്‍സരമാണ് നടന്നതെങ്കിലും ഇത് നിലനിര്‍ത്താനാവുമെന്നും താനൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാവുമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. മങ്കടയിലും പെരിന്തല്‍മണ്ണയിലും തിരൂരിലും അദ്ഭുതങ്ങള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വള്ളിക്കുന്ന്, മലപ്പുറം, മഞ്ചേരി, വേങ്ങര, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ എതിരാളികള്‍ വെല്ലുവിളിയായിട്ടില്ലെന്നാണ് ഐക്യമുന്നണി കരുതുന്നത്. ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ ചെറിയ മല്‍സരം നടന്നിട്ടുണ്ടെങ്കിലും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് മുസ്‌ലിംലീഗ്. വണ്ടൂരില്‍ മന്ത്രി എ പി അനില്‍കുമാറിന് തന്നെയാണ് സാധ്യത.
പാലക്കാട് ശക്തമായ പോളിങാണ് രേഖപ്പെടുത്തിയത്. ചിറ്റൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. 2011ല്‍ നേടിയ ആലത്തൂര്‍, തരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, നെന്മാറ മണ്ഡലങ്ങള്‍ നിലനിര്‍ത്താനും കഴിഞ്ഞതവണ നഷ്ടപ്പെട്ട പാലക്കാട്, തൃത്താല മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ചിറ്റൂരും ഇത്തവണ തങ്ങളുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്താനാവുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാട്, മലമ്പുഴ, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കാനാവുമെന്ന എന്‍ഡിഎ പ്രതീക്ഷ പോളിങിന്റെ അവസാന ഘട്ടത്തില്‍ ഇല്ലാതായതായാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 186 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക