|    May 26 Sat, 2018 12:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വടക്കാഞ്ചേരി പീഡനക്കേസ്: പരാതിക്കാരിയുടെ മൊഴിയെടുത്തു

Published : 7th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണച്ചുമതലയുള്ള എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ കൊച്ചിയിലാണ് മൊഴിയെടുത്തത്. വടക്കാഞ്ചേരി പീഡനക്കേസ് ആദ്യം മുതല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാനായി ചുമതലയേറ്റ ദിവസം തന്നെ അന്വേഷണസംഘം പരാതിക്കാരിയുടെ സമയം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലിയടക്കം മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങിയ സംഘമാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലെത്തി മൊഴിയെടുത്തത്. യുവതി തന്റെ മൊഴിയില്‍ ഉറച്ചുനിന്നതായാണ് സൂചന. ഇത് തുടരന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്.
സൗത്ത് സോണ്‍ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ടൗണ്‍ എഎസ്പി ജി പൂങ്കുഴലിക്കാണ് കേസിന്റെ ചുമതല. ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ദൈനംദിന നടപടികള്‍ പരിശോധിക്കുന്നുണ്ട്. കേസ് മുമ്പ് കൈകാര്യം ചെയ്തിരുന്ന പേരാമംഗലം സിഐ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തിയായിരുന്നു പുതിയ അന്വേഷണസംഘത്തെ രൂപീകരിച്ചത്. സിറ്റി പോലിസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥ്, സിറ്റി പോലിസ് അഡ്മിനിസ്‌ട്രേഷന്‍ എസിപി എം കെ ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സിഐ കെ കെ സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത്, വനിതാ സിപിഒ അടക്കം മൂന്ന് പോലിസുകാരുമാണ് സംഘത്തിലുള്ളത്.
അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ബാബുരാജ് അന്വേഷണം ആരംഭിച്ചു. അതിനിടെ കൂട്ടബലാല്‍സംഗം സംബന്ധിച്ച് രണ്ടാഴ്ച മുമ്പുതന്നെ കെ രാധാകൃഷ്ണന് പരാതി നല്‍കിയിരുന്നതായി ബലാല്‍സംഗത്തിനിരയായ യുവതി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ അടക്കമുള്ള സംഘത്തിന്റെ പേരുവിവരങ്ങളും നല്‍കിയിരുന്നു. തനിക്ക് നാട്ടില്‍ വരാന്‍ കഴിയില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും സെക്രട്ടറിയോട് ചോദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കണോ എന്നു ചോദിച്ചപ്പോള്‍ വേണ്ടെന്നും അന്വേഷിച്ച് എല്ലാം ശരിയാക്കാമെന്നും മറുപടി നല്‍കിയതായും യുവതി പറഞ്ഞു.
അതേസമയം, അന്വേഷണ സംഘം സിപിഎമ്മിന്റെ നിര്‍ദേശാനുസരണമാണ് മുന്നോട്ടുപോവുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
പോലിസില്‍ സ്വാധീനമുള്ള സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇന്നലെ തൃശൂരില്‍ യോഗം ചേര്‍ന്നതായും ഈ യോഗത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് കേസന്വേഷണം നടക്കുന്നതെന്നും അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. പുനരന്വേഷണം നടത്തി നിയമപരമായി അട്ടിമറിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. നാലുദിവസം മുമ്പ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയതോടെയാണ് കൂട്ടബലാല്‍സംഗ കേസ് വീണ്ടും ചര്‍ച്ചയായത്. സംഭവത്തെക്കുറിച്ച് ഇരയായ യുവതി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് തുറന്നുപറയുകയായിരുന്നു. വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss