|    Jun 23 Fri, 2017 2:05 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വടക്കാഞ്ചേരി പീഡനം: രാധാകൃഷ്ണന്റെ നടപടി തെറ്റെന്ന് യെച്ചൂരിയും വൃന്ദ കാരാട്ടും

Published : 8th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും.
പീഡനത്തിന് ഇരയായ യുവതിയുടെ പേര് പരസ്യപ്പെടുത്തിയ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. അദ്ദേഹം അങ്ങനെ പറയരുതായിരുന്നു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്നും ഇരയുടെ പേര് പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാടെന്നും വൃന്ദ വ്യക്തമാക്കി. പോലിസില്‍ നിന്നു നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് വന്‍ ദുരന്തമാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി ആവശ്യപ്പെടും. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തെ രണ്ടു വര്‍ഷവും യുവതിക്ക് നീതി ലഭിച്ചില്ലെന്നതും ഏറെ ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വൃന്ദ വ്യക്തമാക്കി. ഇനി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വൃന്ദ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതിയായ സിപിഎം കൗണ്‍സിലര്‍ ജയന്തനെതിരേ പാര്‍ട്ടി എടുത്ത നടപടിയെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുവതിയുടെ പേര് രാധാകൃഷ്ണന്‍ പരസ്യപ്പെടുത്തിയത്. ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കില്‍ ഇരയുടെ പേരും പറയാമെന്നായിരുന്നു രാധാകൃഷണന്റെ ന്യായീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക