|    Aug 20 Sun, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വടക്കാഞ്ചേരി പീഡനം: കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 26th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃശൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് പോലിസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംഎല്‍എയുടെ ഇരുകൈകള്‍ക്കും ലാത്തിയടിയില്‍ ചതവു പറ്റിയിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്. ദേഹമാസകലം ലാത്തിയുടെ പാടുകളുമുണ്ട്. സ്‌കാനിങിന് വിധേയനാക്കിയതിനു ശേഷം എംഎല്‍എയെ നിരീക്ഷണമുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്ലേറില്‍ പരിക്കേറ്റ പോലിസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലിസിനു നേരെ കല്ലേറുണ്ടായതും കലക്ടറേറ്റിന് മുമ്പില്‍ തീര്‍ത്ത ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ലാത്തിച്ചാര്‍ജില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ നഗരത്തിലെ ഡിവൈഡറുകളും പോലിസ് തീര്‍ത്ത ബാരിക്കേഡുകളും തകര്‍ത്തു. മുന്‍ എംഎല്‍എ എം കെ പോള്‍സണ്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി പ്രമോദ്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍ എ സാബു, കോണ്‍ഗ്രസ് പുഴയ്ക്കല്‍ ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യന്‍, നിതീഷ്, പ്രഭീഷണന്‍, സേതുമാധവന്‍, അസീസ്, സുഭാഷ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തൃശൂരില്‍ ഡിസിസി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് മാര്‍ച്ച്  ഉദ്ഘാടനം ചെയ്തത്. കലക്ടറേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ യോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക