|    Apr 23 Mon, 2018 3:07 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വടക്കന്‍ ചോരഗാഥയിലെ സെല്‍ഫി

Published : 16th July 2016 | Posted By: SMR

slug-a-bശീലം വിശേഷത്തെ ശമിപ്പിക്കും. അതുകൊണ്ട് കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ വന്നുവന്ന് ഒരു വാര്‍ത്തയേ അല്ല. കുറേക്കാലം അവിടെ ഒന്നും നടന്നില്ലെങ്കിലാണു വിശേഷം. മറ്റു ചില അനുബന്ധ ചടങ്ങുകള്‍ കൂടിയുണ്ട്, ഈ പതിവിന്മേല്‍. മാധ്യമങ്ങളിലെ ധര്‍മരോഷപ്രകടനം, ബന്ധപ്പെട്ട വില്ലാളിവീരന്മാരുടെ സ്വയം ന്യായീകരണം, പരദൂഷണം, പോലിസിന്റെ നിര്‍വീര്യതയ്ക്കു മേലുള്ള സിവില്‍ ഗര്‍ജ്ജനങ്ങള്‍, ജീവന്‍ നഷ്ടപ്പെട്ടവന്റെ ഉറ്റവരുടെ കദനകഥ… എല്ലാറ്റിനും മേമ്പൊടിയായി കൊലയ്‌ക്കെതിരായ ജ്ഞാനോപദേശവും. ചുരുക്കത്തില്‍ കണ്ണൂര്‍ക്കൊല ഇന്ന് ഒരു പാക്കേജ് രൂപത്തിലാണ് അവതരിപ്പിക്കപ്പെടുക.
സിപിഎം പ്രവര്‍ത്തകനാണ് ഇക്കുറി ആദ്യം ഇരയായത്. മണിക്കൂറുകള്‍ക്കകം ബിജെപിക്കാരന്‍ പരലോകം പൂകുന്നു. പതിവു ചേരുവകളെല്ലാം നിറച്ച കണ്ണൂര്‍ പാക്കേജ് താമസംവിനാ അരങ്ങത്തിറങ്ങുന്നു. വ്യത്യസ്തതയുണ്ടായത് ഒരുകാര്യത്തില്‍ മാത്രം- മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിജെപിക്കാരാണ് കൊലയ്ക്ക് തുടക്കമിട്ടതെന്നും ആയതിനുള്ള പ്രതികാരമാണ് തുടര്‍ന്ന് നടന്നതെന്നും ടിയാന്‍ ജനസഭയെ അറിയിക്കുന്നു. എന്നുവച്ചാല്‍ ഓരോ ഗോളടിച്ച് തല്‍ക്കാലം സമനിലയിലാണ് കളി. മുഖ്യന്റെ പ്രസ്താവന വന്നതും മാധ്യമഘോഷം മറ്റൊരു വഴിക്കായി- ഒരു മുഖ്യമന്ത്രി ഇങ്ങനെ പറയാമോ? രാഷ്ട്രീയക്കൊലകളാണിതെന്നു നാടിന്റെ മുഖ്യമന്ത്രി തന്നെ പറയുന്നത് ഒരു ഭാഗത്തെ ന്യായീകരിക്കലല്ലേ?
സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളില്‍ നമ്മുടെ മുഖ്യമന്ത്രിമാര്‍ തട്ടിവിടാറുള്ള ഒരു പതിവ് ലൈനുണ്ട്- കൊലയെ അപലപിക്കുന്നു, പ്രതികളെ പിടികൂടും, ഇനിയിതുണ്ടാവാന്‍ അനുവദിക്കില്ല. ഇത്യാദി വെടിവട്ടമന്ത്രത്തിനൊപ്പം ലോകസമാധാനത്തിന്റെ വെണ്‍ചാമരവും വീശും. ഈ സ്ഥിരം പംക്തി വിട്ട് വിജയന്‍ നേരുപറഞ്ഞു. പോലിസ് കൊടുക്കുന്ന റിപോര്‍ട്ട് വച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇത്തരം പ്രമേയങ്ങളില്‍ പ്രസ്താവന നടത്താറ്. ടി റിപോര്‍ട്ടില്‍ ഉണ്ടായിരിക്കേണ്ടത് യാഥാര്‍ഥ്യമാണ്. അതാണു വിജയന്‍ ഉദ്ധരിച്ചത്. ആകപ്പാടെ പറയാവുന്ന ന്യൂനത, രണ്ടാം കൊല നടത്തിയത് സിപിഎമ്മുകാരാണ് എന്നു പറഞ്ഞില്ലെന്നതാണ്. ഒരുവേള അമിതരാജഭക്തിമൂലം റിപോര്‍ട്ടില്‍ ഭരണകക്ഷിയുടെ പേര് ഏമാന്‍മാര്‍ വിഴുങ്ങിയതാണോ എന്നറിയില്ല. അതെന്തായാലും, തന്റെ കൂട്ടരാണ് പ്രതികാരക്കൊല നടത്തിയതെന്നു പറയാതെ പറയാന്‍ മുഖ്യമന്ത്രി മടിച്ചില്ല.
ഇതൊരു ആരോഗ്യകരമായ വ്യതിയാനമല്ലേ? സ്വന്തം പാര്‍ട്ടിക്കാരെ ന്യായീകരിക്കാന്‍ സംഭവത്തിന്റെ നിജസ്ഥിതിക്കുമേല്‍ നുണപറയില്ലെന്നത്? പ്രതികാരം ചെയ്തത് സിപിഎമ്മുകാരാണെന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ ഇപ്പറഞ്ഞ വ്യതിയാനത്തിന്റെ ആര്‍ജവം പൂര്‍ണമായേനെ. അങ്ങനെ ചെയ്യാത്തതിലും അതേസമയം യാഥാര്‍ഥ്യം അവതരിപ്പിക്കാന്‍ തന്നെ തുനിഞ്ഞതിലും ചിലതുണ്ട്.
രാഷ്ട്രീയ കൊലകളാണ് നടന്നതെന്നു തുറന്നുപറയാന്‍ വിജയനെ പ്രേരിപ്പിച്ച ഘടകം, ആദ്യ കൊല നടത്തിയത് ബിജെപി ആയതുകൊണ്ടാണ്. മറിച്ചായിരുന്നെങ്കില്‍ ഇത്രകണ്ടൊരു സുതാര്യത ഉണ്ടാവുമായിരുന്നോ എന്നത് കണ്ടറിയണം. മൂന്നുതരം സന്ദേശങ്ങളാണ് മുഖ്യമന്ത്രി ഈ നിലപാട് വഴി പുറപ്പെടുവിച്ചത്. ഒന്ന്, സംഘപരിവാരത്തിനുള്ളത്- അടിച്ചാല്‍ തിരിച്ചടിക്കപ്പെടും. കുറച്ചുകാലമായി, വിശേഷിച്ചും പിണറായി വിജയന്‍ അധികാരത്തിലെത്തും എന്നു തോന്നിത്തുടങ്ങിയതുമുതല്‍, കണ്ണൂരിനെ ഒരക്രമദേശമായി ചിത്രീകരിക്കാന്‍ അധ്വാനിച്ചുവരുകയാണല്ലോ ടി പരിവാരം. കിട്ടുന്ന തക്കം മുതലാക്കിയും കിട്ടിയില്ലെങ്കില്‍ സൃഷ്ടിച്ചും മുന്നേറുന്ന ആ രാഷ്ട്രീയതന്ത്രം ഈ പ്രമേയത്തിന്റെ കാന്‍വാസില്‍ വിശിഷ്യാ പ്രസക്തമാണ്.
രണ്ട്, സ്വന്തം സഖാക്കള്‍ക്കുള്ള സന്ദേശം- നിങ്ങളെ തൊട്ടാല്‍ തിരിച്ചടി കൊടുത്തിരിക്കും. ഇതു പാര്‍ട്ടിയണികള്‍ക്കും അനുഭാവികള്‍ക്കും നേതാവിന്റെ വക മാനസിക ഗ്യാരന്റിയാണ്. കണ്ണൂരിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അതിനൊരു രാഷ്ട്രീയപ്രസക്തിയുണ്ട്. അങ്കത്തില്‍ തോല്‍ക്കുന്ന ചേകവരുടെ അനുയായിവൃന്ദം മറുകണ്ടത്തിലേക്കു ചോരുന്ന പതിവ് അവിടെ പണ്ടേയുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ അസ്തിത്വത്തിന്റെ ഭാഗം കൂടിയാണ് കണ്ണൂരിലെ കൊലക്കളി.
മൂന്ന്, പൊതുജനങ്ങള്‍ക്കുള്ള സന്ദേശം- കേരളത്തില്‍ ഇപ്പോള്‍ കുഴപ്പമുണ്ടാക്കുന്നത് ബിജെപിയാണ്. അവരെ ചെറുക്കുന്നത് സിപിഎം മാത്രമാണ്. കോണ്‍ഗ്രസ്സിനെപ്പോലെ പഴം വിഴുങ്ങികളായി ആദര്‍ശം പറയുക മാത്രമല്ല തങ്ങള്‍ ചെയ്യുന്നത്. നാടിന്റെ മുഖ്യമന്ത്രി ഇമ്മാതിരി സന്ദേശങ്ങളാണോ കൊടുക്കേണ്ടതെന്ന ചോദ്യം ഉയരാം. ഈ മുഖ്യമന്ത്രി അങ്ങനെയാണെന്ന ഉത്തരം നിരൂപിച്ചെടുക്കാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ. അതിന്റെ ശരിതെറ്റുകള്‍ നില്‍ക്കട്ടെ, മറ്റെന്താണ് ഇന്നു ചെയ്യാവുന്നത്?
കണ്ണൂര്‍ക്കൊലയ്ക്കു മേല്‍ ഉപന്യസിക്കുന്ന ഒരാള്‍ക്കും- കക്ഷിരഹിതരടക്കം- ഇന്നോളമില്ല, സുവ്യക്തമായ ഒരു പോംവഴി. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സമ്മതിക്കാത്തതാണ് പ്രശ്‌നമെന്ന് ബിജെപി പറയുന്നു. സാത്വികമായ ജനാധിപത്യ യുക്തിയാണ് ഈ വാദത്തിന്റെ ആരൂഢം. ആര്‍ക്കും തങ്ങളുടെ രാഷ്ട്രീയാശയം എവിടെയും പ്രചരിപ്പിക്കാനുള്ള അവകാശം രാജ്യത്തുണ്ട്; അതിനെ എതിര്‍ക്കുന്ന ആശയം പ്രചരിപ്പിക്കാനും. രണ്ടിനും അക്രമപാത പാടില്ലെന്നു മാത്രം. കണ്ണൂര്‍ കേസില്‍ ഈ സാത്വികവാദം ആയുധമാക്കുന്ന കൂട്ടരാണ് രാജ്യത്തുടനീളം ടി പാത സൗകര്യംപോലെ അവലംബിക്കുന്നത്. ആഹാരം തൊട്ട് ആചാരം വരെ മനുഷ്യരുടെ അവകാശസ്വാതന്ത്ര്യങ്ങള്‍ ധ്വംസിക്കാന്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നത്. അതിന്റെ പേരില്‍ ഹോള്‍സെയില്‍ മനുഷ്യക്കുരുതികള്‍ വരെ കൂളായി നടപ്പാക്കുന്നത്.
സഖാക്കളുടെ ചിരപുരാതന ന്യായം, തങ്ങളുടെ ശക്തി തകര്‍ക്കാന്‍ കണ്ണൂര്‍ കോട്ടയില്‍ വിള്ളലുണ്ടാക്കുന്നു എന്നതാണ്. ബദലായി അവരും അക്രമപാതയില്‍ അഭയം കാണുന്നു. പണ്ട് ജന്മിമാരും മാടമ്പികളും ജാതിമത തമ്പ്രാക്കളും ഇതു ചെയ്തപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ടാണ് പാര്‍ട്ടി വളര്‍ന്നത്. പുതിയകാലത്ത് ടി ജന്മി-മാടമ്പി-തമ്പ്രാന്‍ റോളിലാണ് സംഘപരിവാരത്തെ അവര്‍ കാണുന്നത്. അഥവാ അത്തരക്കാരുടെ പിന്തുടര്‍ച്ചക്കാരായി. സഖാക്കളാവട്ടെ പഴയകാല അധഃസ്ഥിത, കുടിയാന്‍ വിഭാഗങ്ങളുടെ അനന്തരഗാമികളും. അപ്പോള്‍ അങ്കത്തിനൊരു ചരിത്രപരമായ വര്‍ഗഭാവം കൈവരുന്നു. കൊലചെയ്യപ്പെടുന്ന സഖാക്കളെല്ലാം മേല്‍പ്പറഞ്ഞ വര്‍ഗത്തില്‍പ്പെട്ടവരാണ്. ബദലുക്കു ബദലായി കൊലചെയ്യപ്പെടുന്നവരും ഏറക്കുറേ ഇതേ വര്‍ഗക്കാരാണെന്നതാണ് ഐറണി. അപ്പോള്‍ പറയും ടിയാന്മാര്‍ വര്‍ഗവഞ്ചകര്‍, അല്ലെങ്കില്‍ വര്‍ഗബോധമില്ലാതെ മറുകണ്ടത്തില്‍പ്പെട്ടവര്‍ എന്ന്. ഏതുവഴിക്കായാലും ചത്തൊടുങ്ങുന്നതും ചത്തതിനൊക്കുമേ കാലം പോക്കുന്നവരും മിക്കവാറും ഒരേ കൂട്ടര്‍ തന്നെ.
ഗാന്ധിയന്മാരുടെ കഥയെടുക്കാം. പണ്ട് കണ്ണൂര്‍ക്കൊല ഉദ്ഘാടനം ചെയ്തത് മഹാന്മാരാണ്. അന്നവര്‍ ജന്മി-മാടമ്പി പക്ഷത്തായിരുന്നു. അഥവാ ജന്മി-മാടമ്പികള്‍, കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. ആദ്യ റൗണ്ടിനു ശേഷം പത്തി താഴ്ന്നു. കുറേക്കഴിഞ്ഞ് കെ സുധാകരന്‍ അവതരിച്ചു. ഈ കറതീര്‍ന്ന ഗാന്ധിയന്റെ മഹദ്വചനം തന്നെ, മാര്‍ക്‌സിസ്റ്റുകള്‍ക്കെതിരേ താന്‍ തല്ലിത്തല്ലിക്കയറി കോണ്‍ഗ്രസ്സിന് ഇടമുണ്ടാക്കിയെടുത്തു എന്നാണല്ലോ. ഇതുതന്നെയല്ലേ ബിജെപി പറയുന്നതും? ചെറിയ വ്യത്യാസം മാത്രം- സുധാകരന് ക്വട്ടേഷന്‍ സഹായം വേണം, ആര്‍എസ്എസ് ടി പണി ഔട്ട്‌സോഴ്‌സ് ചെയ്യേണ്ട ആവശ്യമില്ല. വന്നുവന്ന് ഗാന്ധിയന്മാര്‍ സംഘപരിവാരത്തിന്റെ ബി-ടീമായി മാറിയ കാഴ്ചയും കണ്ണൂര്‍ തരുന്നു. രണ്ടു മുട്ടനാടുകളുടെ പോരില്‍ കൈയാലപ്പുറത്തിരുന്ന് കൈയടിക്കുന്ന കുറുനരിയുടെ റോളിലാണ് മിക്കപ്പോഴും കോണ്‍ഗ്രസ് നേതൃത്വം. ദോഷം പറയരുതല്ലോ, ലോകശാന്തിയുടെ ആട്ടിന്‍തോല്‍കൊണ്ട് ദേഹം മറച്ചിട്ടുണ്ട്. ഈ കാണിനില തന്നെ അങ്കത്തിനുള്ള പ്രോല്‍സാഹനമല്ലേ? പലപ്പോഴും നാടുഭരിച്ചിട്ടുള്ള കക്ഷിയാണ്. ഇക്കാര്യത്തില്‍ കാലിഞ്ചിന്റെ മാറ്റമുണ്ടാക്കാനായോ? ഒന്നും ചെയ്യാനാവില്ലെങ്കില്‍ അക്കാര്യം തുറന്നുപറയണം. മറിച്ച്, രാഷ്ട്രീയ പ്രതിയോഗികളെ സ്ഥിരമായി പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഉപായമായി ഈ ചോരക്കളിയെ കണക്കാക്കുമ്പോള്‍ മറ്റു രണ്ടു കൂട്ടരില്‍നിന്ന് അടിസ്ഥാനപരമായി എന്തുണ്ട് വ്യത്യാസം?
മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വടക്കന്‍ ചോരഗാഥയിലെ മറ്റൊരു കുറുനരിഗണം. ഇടയ്ക്കിടെ വരുന്ന രാഷ്ട്രീയകൊലകള്‍ക്ക് ഒരു കമ്പക്കെട്ടിന്റെ ഇഫക്റ്റുണ്ട്. രാഷ്ട്രീയക്കാരെയും അതുവഴി രാഷ്ട്രീയത്തെ മൊത്തത്തിലും ചളിപൂശാന്‍ പറ്റിയ അവസരം. കണ്ണൂരില്‍ കൊലയുണ്ടായാലുടന്‍ കേരളത്തിലെ മാധ്യമങ്ങള്‍ നന്മയില്‍ ഗോപാലന്മാരാവും. കണ്ണൂര്‍ കേരളത്തിനു ചേരാത്ത ഏതോ അലമ്പുദേശമാണെന്ന മട്ടിലാണു പിന്നെയുള്ള സോദ്ദേശ്യ സാഹിത്യം. അവിടത്തെ അക്രമത്തിന്റെ ഒരു ഭാഗത്ത് സിപിഎം ഉണ്ടായിരിക്കും എന്നത് മാധ്യമങ്ങളെ സംബന്ധിച്ച് ആനന്ദദായകമാണ്. കാരണം, കമ്മ്യൂണിസ്റ്റുകള്‍ ഒരുമാതിരിപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ക്കൊക്കെ അപഥ്യരായ കൂട്ടരാണ്. സിപിഎമ്മിനെ തല്ലാന്‍ കിട്ടുന്ന വടിയാണ് കണ്ണൂര്‍ കേസുകള്‍. സഖാക്കളെ ചുളുവില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാധ്യമവിചാരണ നടത്താന്‍ കിട്ടുന്ന അവസരം. കൂട്ടത്തില്‍ മറ്റു പ്രതികളെ തല്ലുന്നതായി ഭാവിച്ചുകൊണ്ടുള്ള ഈ വിചാരണയ്‌ക്കൊടുവില്‍ അവര്‍ അടിസ്ഥാന കാരണവും കണ്ടെത്തി ഉറപ്പിക്കും- പാര്‍ട്ടി കോട്ടയായതാണ് പ്രശ്‌നമര്‍മം. ഇതുതന്നെയല്ലേ ബിജെപി പറയുന്നതും? ഫലത്തില്‍, സിപിഎം ഒരുഭാഗത്തും മറ്റുള്ളവരെല്ലാം- മാധ്യമങ്ങളടക്കം- മറുഭാഗത്തുമായി പയറ്റുന്ന അങ്കമായി കണ്ണൂര്‍ക്കളി തുടരുന്നു.
ഈ ചോരപ്പോരില്‍ പങ്കെടുക്കുന്നവരും കണ്ടുനില്‍ക്കുന്നവരുമെല്ലാം ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന ചില ആത്മഗുണങ്ങളുണ്ട്- വീരശൂരത്വം, സാത്വികഭാവം, മനുഷ്യസ്‌നേഹം ഇത്യാദി. എല്ലാകൂട്ടരുടെയും ന്യായവാദങ്ങളില്‍ ഈ ഘടകങ്ങള്‍ പൊങ്ങച്ചരൂപത്തില്‍ കിടപ്പുണ്ടാവും. രസകരമായ മറ്റൊരു ഒത്തുപൊരുത്തവും പൊങ്ങിക്കിടക്കും- കൊലയുടെ ഉത്തരവാദിത്തം സകലരും പൂര്‍ണമായി കൈയൊഴിയും! ക്വട്ടേഷന്‍ ഗുണ്ടകളെ ഉപയോഗിച്ചുള്ള നിഴല്‍ക്കൂത്ത് തുടങ്ങിയതുതന്നെ ഈ കൈകഴുകലിനു വേണ്ടിയാണ്. ബാക്കി കാര്യങ്ങളില്‍ വീരശൂരകേമത്തം പ്രകടിപ്പിക്കാന്‍ മല്‍സരിക്കുന്നവര്‍ക്ക് നിര്‍ണായകമായ ഈ ഉത്തരവാദിത്തം ഏല്‍ക്കാന്‍ ചുണയില്ലെന്നതാണു ഫലിതം.
ഇത്തവണത്തെ വീരവാണി നോക്കൂ. സിപിഎമ്മുകാരന്റെ കൊല ‘ദുരൂഹ’മാണെന്ന മറക്കുടയിലാണ് സംഘപരിവാരത്തിലെ ഘടാഘടിയന്മാരുടെ അഭയം. ഈ അങ്കത്തിലെ ചേകവന്മാര്‍ക്ക് ആര്‍ക്കും നിയമത്തെ പേടിയില്ലെന്നത് പണ്ടേ തെളിഞ്ഞതാണ്. പേടി ലേശമെങ്കിലുമുള്ളത് ജനാഭിമതത്തെയാണ്. ടി അഭിമതം വക്രീകരിക്കാനുള്ള അടവുകളാണ് ഉത്തരവാദിത്തം ഏല്‍ക്കാതിരിക്കാന്‍ അവലംബിക്കുന്ന ഓരോ നുണയും. അങ്ങനെ നോക്കുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ച നിലപാട് സാംഗത്യമുള്ള വ്യതിയാനമാവുന്നത്. എന്തെന്നാല്‍, ജനസമക്ഷം നേരുപറയാന്‍ രാഷ്ട്രീയക്കാര്‍ മുതിരുമ്പോള്‍ ശീലങ്ങള്‍ക്ക് മെല്ലെയെങ്കിലും മാറ്റം വന്നുതുടങ്ങും. ശീലായ്മയുടെ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും. പ്രശ്‌നം, വിജയന്‍ ഇതേ നിലപാട് തുടരുമോ എന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss