|    Jul 23 Mon, 2018 7:53 am

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത : ജീവനക്കാരുടേയും തൊഴിലാളികളുടെയും പണിമുടക്ക് ഒത്തുതീര്‍ന്നു

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണ കമ്പനിയായ കെഎംസിയിലെ ജീവക്കാരും തൊഴിലാളികളും ഒന്നരമാസമായി നടത്തി വന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് നാലുമാസത്തെ ശമ്പളകുടിശ്ശിക തൊഴിലാളികളഉടേയും ജീവനക്കാരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്കും കരാര്‍ കമ്പനി കൈമാറും. മേയ്മാസം മുതലുള്ള ശമ്പളകുടിശ്ശികയാണ് തൊഴിലാളികള്‍ക്കു നല്‍കാനുണ്ടായിരുന്നത്. 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഓരോ ജീവനക്കാര്‍ക്കും നല്‍കാനുണ്ടായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നൂറില്‍പരം തൊഴിലാളികളാണ് കഴിഞ്ഞ ആഗസ്ത് ആദ്യം മുതല്‍ ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് പണിമുടക്ക് സമരം തുടങ്ങിയത്. ശമ്പളം കൊടുക്കാനായി പല തിയതികള്‍ മാറ്റിപറഞ്ഞ് കരാര്‍ കമ്പനി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഒടുവില്‍ ഈ മാസം 26നു കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ അതിനു മുമ്പേ തൊഴിലാളികളുടെ കൂടി സമ്മതത്തോടെ ധാരണയിലെത്താന്‍ കമ്പനിക്കു കഴിഞ്ഞു. ശമ്പളകുടിശ്ശിക ലഭിക്കുന്നതോടെ കരാര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച 61 പേര്‍ തങ്ങളുടെ നാട്ടിലേക്കു മടങ്ങും. ശേഷിച്ചവര്‍ കമ്പനിയില്‍ തന്നെ പണി തുടരാനാണ് തീരുമാനം.കരാര്‍ കമ്പനിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് പണിമുടക്കിലുണ്ടായിരുന്നത്. പണിമുടക്ക് ദിവസങ്ങളില്‍ കഷ്ടിച്ചു വിശപ്പടക്കാനുള്ള ഭക്ഷണം മാത്രമാണ് കരാര്‍ കമ്പനി ഇവര്‍ക്ക് നല്‍കിയിരുന്നത്. പിന്നെയുള്ള ചിലവുകളെല്ലാം കടം വാങ്ങിയും പറഞ്ഞുമാണ് നടത്തി വന്നത്. തൊഴിലാളി സമരത്തെതുടര്‍ന്ന് പാതയുടെ നിര്‍മാണ പ്രവര്‍ത്തികളും സ്തംഭിച്ചിരുന്നു. ഇതിനിടെ കരാര്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പാതയിലെ പ്രധാന വര്‍ക്കുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. കുതിരാനിലെ തുരങ്കപ്പാത നിര്‍മാണം ഉള്‍പ്പെടെ ആറുവരിപ്പാത കമ്മീഷന്‍ ചെയ്യാന്‍ 2018 മാര്‍ച്ചു വരെ കാത്തിരിക്കേണ്ടി വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss