|    Apr 21 Sat, 2018 8:57 pm
FLASH NEWS

വടകര മണ്ഡലത്തില്‍ കനത്ത പോളിങ്; മുന്നണികള്‍ ആശങ്കയില്‍

Published : 17th May 2016 | Posted By: SMR

വടകര: പതിനാലമത് നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വടകര മണ്ഡലത്തില്‍ കനത്ത പോളിങ്. രാവിലെ തന്നെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 7മണിയോടെ ആരംഭിച്ച പോളിങ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കുമ്പോഴും മണ്ഡലത്തിലെ പകുതിയിലധികം ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
പ്രവചനാതീതമായ മല്‍സരം കാഴ്ചവയ്ക്കുന്ന വടകര മണ്ഡലത്തില്‍ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ് സംഭവിച്ചതോടെ ഇരു മുന്നണികളും ആശങ്കയിലാണ്.
പ്രചാരണത്തില്‍ എല്ലാ തലത്തിലും മുന്നണികളും ചെറു കക്ഷികളും മുന്നേറ്റം കാഴ്ചവച്ച മണ്ഡലമാണ് വടകര. നാലാം ഊഴം തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണുവിന് ഇത് അഭിമാന പോരാട്ടമാണ്. ചരിത്രത്തെ മാറ്റിക്കുറിക്കുമെന്ന വാശിയോടെ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനും തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് കടന്ന് വന്നത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന ഉറപ്പിലാണ് കെ കെ രമ. നല്ല രീതിയിലുള്ള പ്രചാരണം കാഴ്ചവയ്ക്കാന്‍ എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ത്തി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ബി ജെ പിയും പ്രചാരണ രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

കെ കെ രമയുടെ സ്ഥാനാര്‍ഥിത്വവും ടിപിയുടെ വിധവയാണെന്നുള്ളതും പൊതുജനങ്ങളെയും സ്ത്രീകളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തി ല്‍ തിരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന ആശങ്കയിലാണ് മുന്നണികള്‍.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലിസ് മണ്ഡലത്തില്‍ ഒരുക്കിയിരുന്നത്. എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച കാമറകള്‍ക്ക് പുറമെ പോലിസ് പട്രോളിങ് വാഹനങ്ങളിലും കാമറകള്‍ ഘടിപ്പിച്ചിരുന്നു.
പ്രശ്‌നബാധിത ബൂത്തുകളില്‍ രണ്ടിലധികം പോലിസുകാരെ കൂടാതെ രണ്ട് ബിഎസ്എഫ് കമാന്റോസിനെയും വിന്യസിച്ചിട്ടുണ്ടായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയത് കാരണം എല്ലായിടങ്ങളിലും പൊതുവെ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്.
മണ്ഡലത്തിലെ ചില ബൂത്തുകളിലെ ബിഎല്‍ഒ മാര്‍ നല്‍കിയ സ്ലിപ്പില്‍ ചെറിയ തോതിലുള്ള തെറ്റുകള്‍ വന്നത് ചിലയിടങ്ങളില്‍ വാക്കുതര്‍ക്കത്തിന് കാരണമായി. വള്ളിക്കാട് ബൂത്തില്‍ സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപ ണം കോണ്‍ഗ്രസുകാര്‍ ചോ ദ്യം ചെയ്തത് ചെറിയ തോതിലുള്ള സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പോലിസ് ലാത്തി വീശി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss