|    Oct 17 Tue, 2017 9:57 am

വടകര പുതിയ ബസ്സ്റ്റാന്റില്‍ രാത്രി കെഎസ്ആര്‍ടിസി ബസ് കയറുന്നില്ല; യാത്രക്കാര്‍ പെരുവഴിയില്‍

Published : 20th January 2016 | Posted By: SMR

വടകര: രാത്രി സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന കെഎസ് ആര്‍ടിസി ബസുകള്‍ വടകര പുതിയ ബസ്സ്റ്റാന്റില്‍ കയറാത്തതുകാരണം യാത്രക്കാര്‍ ദുരിതത്തിലാകുന്നു. ഇതോടെ ദൂരദിക്കുകളിലേക്കും മറ്റും യാത്രക്കായി ബസ് കാത്തിരിക്കുന്നവര്‍ക്ക് സ്റ്റാന്റില്‍ കാത്തുനിന്നാല്‍ ബസ് കിട്ടാത്ത അവസ്ഥയും അതേസമയം ഹൈവേക്കരികില്‍ ബസും കാത്ത് മണിക്കൂറുകളോളം നേരം ഫുട്പാത്തില്‍ കൂരിരുട്ടില്‍ ഇരിക്കേണ്ട അവസ്ഥയുമായി.
സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത ഈ അവസ്ഥ സൃഷ്ടിച്ചതാകട്ടെ രാത്രി സര്‍വീസുകളിലെ ജീവനക്കാരും. കണ്ണൂര്‍, കാസര്‍കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ ബസുകള്‍ സ്റ്റാന്റില്‍ കയറുമോ അതോ ഹൈവേക്കരികില്‍ നില്‍ക്കുമോ എന്നറിയാതെ നെട്ടോട്ടമോടുന്നതും ഇവിടെ പതിവായിക്കഴിഞ്ഞു. ഹൈവേകളിലെ സ്റ്റാന്റുകളില്‍ രാത്രികാല സര്‍വീസുകള്‍ കയറ്റണമെന്നതാണ് കെഎസ്ആര്‍ടിസി നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് അട്ടിമറിച്ചാണ് രാത്രി സര്‍വീസുകളിലെ ജീവനക്കാരും കോഴിക്കോട്ടെ ചില ഉന്നതരും ചേര്‍ന്ന് വടകരയില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നു മാത്രം.
നഗരത്തില്‍ അത്ര പരിചയമില്ലാത്തവര്‍ യാത്രക്കായി എത്തുമ്പോള്‍ കാര്യങ്ങള്‍ വാക്കുതര്‍ക്കത്തിലേക്കുവരെ നീളുന്നതും നഗരത്തിലെ മറ്റൊരു രാത്രിക്കാഴ്ചയായി മാറിക്കഴിഞ്ഞു. സ്റ്റാന്റിലെത്തുന്നവരോട് ഇവിടെയിരുന്നാല്‍ മതിയെന്നു ജീവനക്കാര്‍ പറയുമെങ്കിലും സ്‌ററാന്റില്‍ ബസ് കയറുമോയെന്ന കാര്യത്തില്‍ അവര്‍ക്കും സംശയമാണ്. ഇവിടെ യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതിനിടെത്തന്നെ ഹൈവേക്കരികില്‍ വണ്ടി നിറുത്തി പുറപ്പെട്ടിട്ടുണ്ടാകും ഇതിനകം ബാഗും മറ്റ് സാധനസാമഗ്രികളുമായി യാത്രക്കാര്‍ ഓടിയെത്തിയാലും കാര്യമില്ലാത്ത അവസ്ഥയാണ്.
പ്രായമേറിയവരും സ്ത്രീകളും കുട്ടികളുമുണ്ടെങ്കില്‍ വടകരയിലെ രാത്രിയാത്ര ഒന്നു കൂടി ദുരിതപൂര്‍ണമായിത്തീരും. ഇനി ഹൈവേക്കരികില്‍ ബസ് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും ഭാഗ്യമുണ്ടെങ്കിലേ ഇവിടെനിന്നും ബസ് ലഭിക്കുകയുമുള്ളൂവെന്നത് മറ്റൊരു യാഥാര്‍ഥ്യം. കൂരിരുട്ടില്‍ ഫുട്പാത്തില്‍ കാത്തിരുന്നാല്‍തന്നെ ഡ്രൈവര്‍ക്ക് തോന്നുന്നതനുസരിച്ച് വണ്ടി ചിലപ്പോള്‍ സ്റ്റാന്റില്‍ കയറിയായിരിക്കും പോകുക. ഹൈവേക്കരികിലെ യാത്രക്കാര്‍ ഓടിയെത്തും മുന്‍പേ ബസ് പോയിട്ടുമുണ്ടാകും.
വടകര കെ.എസ്.ആര്‍.ടിസി ഓഫീസില്‍നിന്നും ഇതുസംബന്ധിച്ച് ധാരാളം പരാതികള്‍ പോയിട്ടുണ്ടെങ്കിലും കോഴിക്കോട്ടെ ഓഫിസിലുള്ളവര്‍ അതിനു പുല്ലുവില പോലും ഇനിയും കല്‍പ്പിച്ചിട്ടില്ല. കോഴിക്കോടുനിന്നും ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ തോന്നുന്ന വഴിക്ക് നട്ടപ്പാതിരക്ക് വണ്ടിയോടിച്ച് യാത്രക്കാരെ പെരുവഴിയിലാക്കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക