|    Jul 27 Thu, 2017 8:31 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വടകരയില്‍ വീണ്ടും റാഗിങ്; ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Published : 23rd July 2016 | Posted By: SMR

വടകര: വടകരയില്‍ റാഗിങിനിരയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായ തോടന്നൂര്‍ സര്‍വീസ് സ്റ്റേഷന് സമീപത്തെ തയ്യുള്ളതില്‍ അഷ്‌നാസി(18)നെയാണ് ഇന്നലെ വൈകീട്ട് ആറോടെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
രണ്ടു ദിവസം മുമ്പാണ് കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ അഷ്‌നാസിനെ റാഗിങിന് വിധേയമാക്കിയത്. അപമാനിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളില്‍ ഒരാളുടെ മുഖത്ത് അഷ്‌നാസ് അടിച്ചിരുന്നു. സംഭവമറിഞ്ഞ കോളജധികൃതര്‍, വിദ്യാര്‍ഥയെ അടിച്ചതിന് അഷ്‌നാസിനോട് മാപ്പുപറയിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ രാവിലെ കോളജിലെത്തിയ അഷ്‌നാസിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂകിവിളിച്ച് അപമാനിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത വിദ്യാര്‍ഥി, കോളജ് വിട്ട് വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തെ ലഘൂകരിച്ച് പുറം ലോകം അറിയാതിരിക്കാനുള്ള ശ്രമങ്ങള്‍ കോളജധികൃതരും ഒരു വിഭാഗം വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരും ശ്രമിച്ചെന്ന് നാട്ടുകാരും മറ്റു വിദ്യാര്‍ഥികളും ആരോപിക്കുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തോടന്നൂരിലെ തയ്യുള്ളതില്‍ ഹമീദ്-ഹൈറുന്നിസ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏകമകളാണ് അഷ്‌നാസ്. സഹോദരങ്ങള്‍: അറഫാത്ത്, അംറാസ്.
ഒരാഴ്ച മുമ്പ് വടകരയിലെ എംയുഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ക്രൂരമായ റാഗിങിനിരയായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് വീണ്ടും റാഗിങ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക