|    Dec 16 Sun, 2018 12:40 am
FLASH NEWS

വടകരയില്‍ രണ്ടായിരത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യംപുകളില്‍

Published : 18th August 2018 | Posted By: kasim kzm

വടകര: കക്കയം ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുറ്റിയാടി പുഴയുടെ തീരങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യംപുകളിലേക്ക് മാറ്റി. വടകര തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്കില്‍ 21 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടായിരത്തിലധികം പേരാണുള്ളത്.ഇവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങളടക്കമുളള സാധനങ്ങള്‍ അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും ക്യംപുകളില്‍ എത്തിച്ചു.
കാവിലുംപാറ കൂനാന്‍ കടവ് അംഗനവാടി, പൂതം പാറ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍, കുണ്ടുതോട് ഗവ. യുപി എന്നീ മൂന്ന് ക്യാംപുകളിലായി 348 പേരും മരുതോങ്കര വില്ലേജില്‍ നെല്ലിക്കുന്ന് ഷെല്‍ട്ടര്‍, വിലങ്ങാട് അടുപ്പില്‍ കോളനി,മലയങ്ങാട് അംഗനവാടി എന്നിവിടങ്ങളിലായി 81 പേരും, മണിയൂര്‍ വില്ലേജിലെ ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂള്‍, അട്ടകുണ്ട് പൗര്‍ണ്ണമി ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ 156 പേരും വേളത്തെ അഞ്ചു ക്യാംപുകളിലായി 986 പേരും കുറ്റിയാടി രണ്ടു ക്യാമ്പുകളിലായി 54 പേരും തിരുവള്ളൂരിലെ വെള്ളൂക്കര ഗവ. എല്‍പി, സൗമ്യത മെമ്മോറിയല്‍ സ്‌കൂള്‍ എന്നീ ക്യാംപുകളില്‍ 243 പേരും വില്യാപ്പള്ളി വില്ലേജില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ 18 പേരും ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പില്‍ 8 പേരും നാദാപുരം പുത്തന്‍ പുരയില്‍ ഷൈനിയുടെ വീട്ടില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപില്‍ 60 പേരും തിനൂര്‍ സാംസ്‌കാരിക നിലയത്തില്‍ 64 പേരുമാണ് കഴിയുന്നത്. ക്യാംപുകളില്‍ കഴിയുന്നതിനു പുറമെ ആയിരത്തിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും അഭയം തേടിയിട്ടുണ്ട്.
കനത്ത മഴയില്‍ മണിയൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെരണ്ടത്തൂര്‍, മങ്കര, മണിയൂര്‍, അട്ടകുണ്ട്കടവ്, പാലയാട് നടയിലെ കോവ്വപ്പുറം, പതിയാരക്കര മാങ്ങില്‍കൈ, മഞ്ചയില്‍ കടവ്, മുല്ലത്ത് നട, ചെറുവറ്റക്കര എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പെരുവണ്ണാമുഴി ഡാം തുറന്നതോടെയാണ് കുറ്റിയാടി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നത്. കുറ്റിയാടി പുഴയുടെ ഇരു തീരങ്ങളിലായി സ്ഥതിചെയ്യുന്ന മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ വെള്ളം കയറുകയായിരുന്നു.
തിരുവള്ളൂരിലെ തുരുത്തി ഭാഗത്തും ചെരണ്ടത്തൂര്‍ ചിറയുടെ ഭാഗങ്ങളിലുമാണ് വെള്ളം കയറി കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്.
മണിയൂര്‍ പഞ്ചായത്തിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ആളുകള്‍ ദുരിതാശ്വാസ കേമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറി. പഞ്ചായത്തില്‍ മൂന്ന് ദുരിതാശ്വാസ കേമ്പുകള്‍ തുറന്നു. ചെരണ്ടത്തൂരില്‍ നെല്ലോളിതാഴ മുതല്‍ അട്ടകുണ്ട് കടവ് പാലം വരെ മൂന്നര കിലോമീറ്റര്‍ റോഡ് വെള്ളത്തിനടിയിലായി ഗതാഗതം നിലച്ചു. ചെരണ്ടത്തൂര്‍ ചിറ കരകവിഞ്ഞ് നൂറോളം വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ 73 കുടുംബങ്ങിലെ 250 ല്‍ അധികം പേരെ ചെരണ്ടത്തൂര്‍ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ചെരണ്ടത്തൂര്‍ ചിറയുടെ കിഴക്ക് ഭാഗത്ത് മൂഴിക്കലില്‍ പത്തിലധികം വീടുകളിലും ഒതേനന്‍ സ്മാരക അങ്കണവാടിയിലും വെള്ളം കയറി. മണിയൂര്‍ പൗര്‍ണ്ണമി ഓഡിറ്റോറിയത്തിലേക്ക് പന്ത്രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അട്ടകുണ്ട് പാലത്തിനു സമീപം വെള്ളം കയറി 50 കുടുംബങ്ങര്‍ ബന്ധു വീടുകളിലേക്ക് മാറി. പാലയാട് കോവ്വപ്പുറത്ത് മുപ്പത് കുടുംബങ്ങളെ മാറ്റി താസമിപ്പിച്ചു. മാങ്ങില്‍ കൈയ്യില്‍ അഞ്ച് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറി. ചെറുവറ്റക്കരയില്‍ 12 വീടുകളില്‍ വെള്ളം കയറി. മൂന്നു കുടംബങ്ങളെ അങ്കണവാടിലേക്കും മറ്റുള്ളവരെ ബന്ധു വീട്ടിലേക്കും മാറ്റി. പതിയാരക്കര എംഎല്‍പി സ്‌കൂളിലെ കേമ്പിലേക്ക് രണ്ടു കുടംബങ്ങളെ മാറ്റി താസമിപ്പിച്ചു.
പതിയാരക്കര മുല്ലത്ത് പാലം വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. പുതുപ്പണം കൊക്കഞ്ഞാത്ത് വെള്ളം കയറി നാലു കുടുംബം ബന്ധുവീട്ടിലേക്ക് മാറി. കുറ്റിയാടി പുഴയിലും മാഹി കനാലിലും വെള്ളം കയറി മാങ്ങാംമൂഴി ഷട്ടര്‍ ഭാഗികമായി വെള്ളത്തിനടിയിലായി.
കുറ്റിയാടി പുഴയുടെ ഭാഗമായ ചൊവ്വ പുഴ കര കവിഞ്ഞു ഒഴുകുകയാണ്.വടകര വില്ലേജില്‍ താഴെ അങ്ങാടി രണ്ടു വീടുകള്‍ തകര്‍ന്നു.മാടത്തും കീഴില്‍ സക്കീന ഗഫൂര്‍,പീടികയിലകത്ത് ഉമര്‍ അലീമ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കുന്നുമ്മല്‍ വില്ലേജില്‍ കുണ്ടന്‍ ചാലില്‍ ലക്ഷ്മിയമ്മയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss